
ബിഗ് ബോസ് മലയാളം സീസൺ 7 മത്സരം കടുത്തുകൊണ്ടിരിക്കുകയാണ്. ഈ ആഴ്ചത്തെ വീക്കന്റ് എപ്പിസോഡിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ കാത്തിരുന്ന കാര്യമായിരുന്നു മസ്താനി ഉന്നയിച്ച വിഷയത്തിൽ ലക്ഷ്മി ഇടപ്പെട്ടതും ഒനീലിനെതിരെ വ്യാജ ആരോപണം ഉന്നയിച്ചതും മോഹൻലാൽ ചർച്ച ചെയ്യും എന്നുള്ളത്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡ് അവസാനിച്ചത് തന്നെ ഇന്ന് അതിനെ കുറിച്ച് ചർച്ച ചെയ്യാം എന്നുള്ള മോഹൻലാലിന്റെ ഉറപ്പിന്മേലാണ്.
ഇന്നത്തെ എപ്പിസോഡിൽ ആദ്യം തന്നെ ചർച്ചയ്ക്ക് വെച്ചതും ഇക്കാര്യമായിരുന്നു. ഒനീൽ മസ്താനിയെ മോശമായി സ്പർശിച്ചുവെന്നു പറയപ്പെടുന്ന പ്രസ്തുത വീഡിയോ ഇന്നത്തെ എപ്പിസോഡിൽ ബിഗ് ബോസ് തെളിവായി കാണിക്കുകയുണ്ടായി. തുടർന്ന് ഇത്തരമൊരു കാര്യം ഉന്നയിച്ച് ഇതൊരു കണ്ടന്റ് ആക്കിയതിൽ മസ്താനിയെയും, പ്രശ്‌നമറിയാതെ ആവശ്യമില്ലാതെ പ്രതികരിച്ച ലക്ഷ്മിയെയും മോഹൻലാൽ വിമർശിക്കുന്നതും കാണാം. തുടർന്ന് ഒനീലിനോട് സംസാരിക്കാനായി വീട്ടിൽ നിന്നും അദ്ദേഹത്തിന്റെ അമ്മയ്ക്ക് ഫോൺ കണക്ട് ചെയ്തുകൊടുക്കുന്നതാണ് ബിഗ് ബോസ് വീട്ടിൽ കാണാൻ കഴിയുന്നത്.
വളരെ വൈകാരികമായി സംസാരിച്ച ഒനീലിന്റെ അമ്മയുടെ വാക്കുകൾ കേട്ട് ബിഗ് ബോസ് വീട്ടിൽ മിക്കവാറും പേരും ഇമോഷണൽ ആവുന്നതും കാണാൻ കഴിയും. ഒനീൽ നല്ല മെച്വർഡ് ആയിട്ടാണ് കാര്യങ്ങൾ ഡീൽ ചെയ്തതെന്നും പെർഫെക്ട് ആണെന്നും ഒന്ന് കൊണ്ടും പേടിക്കേണ്ട എന്നും, ഒനീലിന്റെ അമ്മ ഫോൺ കോളിലൂടെ പറയുന്നുണ്ട്. താൻ ഇതിലൊന്നും തളരില്ല എന്നും തന്റെ മെന്റൽ സ്ട്രെങ്ത് ഇല്ലാതാക്കാൻ കഴിയില്ലെന്നുമാണ് ഒനീൽ വികാരാധീനനായി അമ്മയ്ക്ക് മറുപടി കൊടുക്കുന്നത്. ഒനീലിനെതിരെ ആവശ്യമില്ലാത്ത കാര്യങ്ങൾ പറഞ്ഞുകൊണ്ട് ഗെയിം കളിച്ച മസ്താനി പ്രേക്ഷക വിധിപ്രകാരം ഈ ആഴ്ച എവിക്ട് ആയതുകൊണ്ട് തന്നെ വരും ദിവസങ്ങളിൽ എന്തൊക്കെയാണ് വീട്ടിൽ നടക്കാൻ പോകുന്നതെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.