
ബിഗ് ബോസ് മലയാളം സീസണ്‍ 7 ല്‍ നിന്ന് പ്രേക്ഷകരുടെ വോട്ടിംഗ് പ്രകാരം ഏറ്റവും ഒടുവില്‍ എവിക്റ്റ് ആയ മത്സരാര്‍ഥിയാണ് ഒനീല്‍ സാബു. 62-ാം ദിവസമാണ് ഒനീലിന്‍റെ പടിയിറക്കം. സീസണിലെ ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളായിരുന്ന ഒനീല്‍ തന്‍റേതായ സ്റ്റൈലും വ്യക്തിത്വവുമൊക്കെ ബിഗ് ബോസ് ഷോയിലേക്കും കൊണ്ടുവന്നിരുന്നു. എന്നാല്‍ എവിക്ഷന്‍ അദ്ദേഹത്തെ സംബന്ധിച്ച് സര്‍പ്രൈസ് ആയിരുന്നു. ഇപ്പോഴിതാ താന്‍ ഔട്ട് ആയ ഷോയില്‍ ആര് ടൈറ്റില്‍ വിന്നര്‍ ആവണമെന്നാണ് ആഗ്രഹം എന്ന കാര്യം പങ്കുവച്ചിരിക്കുകയാണ് ഒനീല്‍. യുട്യൂബ് ചാനല്‍ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഒനീല്‍. മൂന്ന് സഹമത്സരാര്‍ഥികളുടെ പേരാണ് ഒനീല്‍ പറഞ്ഞത്.
“അനീഷ് ആ ടെംപ്ലേറ്റ് പിടിച്ചിരിക്കുകയാണ്. അതുകൊണ്ട് ആ ടെംപ്ലേറ്റില്‍ത്തന്നെ നിന്നോളും. അനീഷ് ജയിക്കട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു. അനീഷ് അല്ലെങ്കില്‍ ആര്യന്‍ അല്ലെങ്കില്‍ നെവിന്‍. ഇവര്‍ ജയിച്ചാല്‍ മതി”, ഒനീലിന്‍റെ വാക്കുകള്‍. ഒനീല്‍ എന്ന പേര് പ്രേക്ഷകര്‍ക്ക് സുപരിചിതമാക്കാന്‍ തനിക്ക് സാധിച്ചുവെന്ന് എവിക്ഷന് ശേഷമുള്ള വേദിയില്‍ മോഹന്‍ലാലിന്‍റെ ചോദ്യത്തിന് മറുപടിയായി ഒനീല്‍ പറഞ്ഞിരുന്നു. "ബിഗ് ബോസ്സിലെ ഈ സീസണിലെ ഇരുപത് പേരിൽ ഒരാളാവാൻ പറ്റി. അറുപത് ദിവസം ബിഗ് ബോസ് വീട്ടിൽ നിൽക്കാൻ കഴിഞ്ഞു. ഒനീൽ എന്ന പേര് പ്രേക്ഷകർക്ക് സുപരിചിതമായി. ഒനീൽ എന്ന വ്യക്തിയുടെ 5% കല മാത്രമേ പ്രേക്ഷകർ കണ്ടിട്ടുള്ളൂ. എന്റെ പ്രൊഫഷനിൽ വക്കീൽ ആയിട്ട് പത്ത് വർഷം ഞാൻ നിന്നു. ആ സമയത്ത് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. അതിന് ശേഷമാണ് എല്ലാം ചെയ്ത് തുടങ്ങിയത്. ഇതിലും നന്നായിട്ട് ചെയ്യാൻ കഴിയണമെന്ന ആഗ്രഹമേ ഒള്ളൂ. അത് ഇവിടെയും ചെയ്യാൻ പറ്റി എന്നാണ് വിശ്വസിക്കുന്നത്. ലാലേട്ടന്റെ ഒരു വലിയ ഫാൻ ആണ് ഞാൻ. വർഷങ്ങളായി കാണുന്ന ലാലേട്ടനെ എല്ലാ ആഴ്ചയിലും കാണാൻ പറ്റിയത് തന്നെ വലിയ ഭാഗ്യമായി കരുതുന്നു. ദേഷ്യം ഒരുപാട് നിയന്ത്രിക്കാൻ കഴിഞ്ഞു. പ്രേക്ഷകർക്ക് നന്ദി." ഒനീലിന്‍റെ വാക്കുകള്‍.
അതേസമയം ഞായറാഴ്ചയായ ഇന്ന് അവശേഷിക്കുന്ന നോമിനേഷന്‍ ലിസ്റ്റില്‍ നിന്ന് ആരാവും പുറത്താവുക എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകരും മത്സരാര്‍ഥികളും.