മറ്റു മത്സരാര്‍ഥികള്‍ 'പ്രജകളോ'? മണിക്കുട്ടനും ഫിറോസിനുമെതിരെ റംസാനും സായ് വിഷ്‍ണുവും

By Web TeamFirst Published Apr 19, 2021, 10:40 PM IST
Highlights

ബിഗ് ബോസ് മോണിംഗ് ആക്റ്റിവിറ്റിയായിരുന്നു അഭിപ്രായവ്യത്യാസങ്ങളുടെ വേദി. ബിഗ് ബോസില്‍ നിങ്ങള്‍ കണ്ണടച്ച് വിശ്വസിക്കുന്ന ഒരാളുടെ പേര് പറയാനും അത് എന്തുകൊണ്ടെന്ന് വ്യക്തമാക്കാനുമായിരുന്നു ബിഗ് ബോസ് ആവശ്യപ്പെട്ടത്

ഫിറോസ്-സജിന ഉണ്ടായിരുന്ന സമയത്ത് ബിഗ് ബോസ് മലയാളം സീസണ്‍ 3ല്‍ ഒട്ടേറെ സംഘര്‍ഷങ്ങള്‍ നടന്നിരുന്നു. അതില്‍ മിക്കതും ഫിറോസ് ഖാനില്‍ നിന്ന് രൂപംകൊള്ളുന്നതുമായിരുന്നു. പ്രേക്ഷകരില്‍ കൗതുകമുണര്‍ത്തുന്ന എപ്പിസോഡുകള്‍ ആയിരുന്നപ്പോള്‍ത്തന്നെ ഗൗരവമുള്ള എന്തെങ്കിലും വിഷയങ്ങള്‍ ആ തര്‍ക്കങ്ങളില്‍ പലപ്പോഴും സംസാരിക്കപ്പെട്ടിട്ടില്ല. എന്നാല്‍ ഇന്നത്തെ എപ്പിസോഡില്‍ അത്തരത്തിലൊരു വിഷയം മോണിംഗ് ടാസ്‍കിന്‍റെ ഭാഗമായി ഉയര്‍ന്നുവരികയും മത്സരാര്‍ഥികള്‍ ഗൗരവത്തോടെതന്നെ അതില്‍ ഇടപെടുകയുമുണ്ടായി.

ബിഗ് ബോസ് മോണിംഗ് ആക്റ്റിവിറ്റിയായിരുന്നു അഭിപ്രായവ്യത്യാസങ്ങളുടെ വേദി. ബിഗ് ബോസില്‍ നിങ്ങള്‍ കണ്ണടച്ച് വിശ്വസിക്കുന്ന ഒരാളുടെ പേര് പറയാനും അത് എന്തുകൊണ്ടെന്ന് വ്യക്തമാക്കാനുമായിരുന്നു ബിഗ് ബോസ് ആവശ്യപ്പെട്ടത്. ഇതുപ്രകാരം ആദ്യം സംസാരിക്കാനെത്തിയ മണിക്കുട്ടന്‍ പറഞ്ഞത് ഇപ്രകാരമായിരുന്നു- "കിടിലം ഫിറോസ് ആണ് എന്‍റെ എതിരാളിയെന്ന് ഞാന്‍ കണ്ണുമടച്ച് വിശ്വസിക്കുന്നു". മണിക്കുട്ടന്‍ ഇങ്ങനെ തുടര്‍ന്നു- "പ്രജകളെയൊന്നും നമ്മള്‍ കൊണ്ടുവരാനായിട്ട് ആഗ്രഹിക്കുന്നില്ല. ഞാന്‍ എന്തായാലും ആഗ്രഹിക്കുന്നില്ല. ഒറ്റയ്ക്കൊറ്റയ്ക്കാണ്.. ഞാന്‍ ഇതുവരെ പ്രജകളെ ചേര്‍ക്കുന്ന ഒരു കണ്‍സെപ്റ്റ് ഇല്ല. കണ്ണുമടച്ച് ഞാന്‍ വിശ്വസിക്കുന്നു, ഇദ്ദേഹം എന്നെത്തന്നെയാണ് നോക്കിക്കൊണ്ടിരിക്കുന്നത് എന്ന്", മണിക്കുട്ടന്‍ പറഞ്ഞുനിര്‍ത്തി.

 

മണി പറഞ്ഞതിന് മറുപടിയുമായാണ് ഫിറോസ് എത്തിയത്. "12 ഇന്‍ഡിവിജ്വല്‍സ് ആയി മത്സരിക്കാന്‍ വന്നിട്ട് മണിയുടെ പ്രജകളായി മാറിയ 11 പേരെ.." എന്ന് മറ്റു മത്സരാര്‍ഥികളെ അഭിസംബോധന ചെയ്‍തുകൊണ്ടാണ് ഫിറോസ് സംസാരിക്കാന്‍ തുടങ്ങിയത്. എന്നാല്‍ പിന്നീട് സംസാരിക്കാനെത്തിയ സായ് വിഷ്‍ണു 'പ്രജകളെ'ന്ന് താനടക്കമുള്ള മത്സരാര്‍ഥികളെ വിശേഷിപ്പിച്ചതിലുള്ള എതിര്‍പ്പ് തുറന്നു പ്രകടിപ്പിച്ചു. താന്‍ വ്യക്തി എന്ന നിലയില്‍ മത്സരിക്കാനാണ് ഇവിടെ എത്തിയതെന്നും ആരുടെയും പ്രജയല്ലെന്നും സായ് വ്യക്തമാക്കി. പിന്നീട് റംസാനും ഇക്കാര്യത്തിലെ തന്‍റെ എതിര്‍പ്പ് പ്രകടിപ്പിച്ചു. "വാക്കുകള്‍ ഏറ്റവും സൂക്ഷിച്ച് ഉപയോഗിക്കുന്ന ഫിറോസ് ഇക്ക അങ്ങനെ പറയാന്‍ പാടില്ലായിരുന്നു. നിങ്ങള്‍ പറഞ്ഞ 11 പേരില്‍ ഞാനും ഉള്‍പ്പെടും. എന്നെ പ്രജ ആയിട്ടാണ് കാണുന്നതെങ്കില്‍ എനിക്ക് അടിമയായിട്ട് കാണേണ്ടിവരും. അങ്ങനെ കാണാന്‍ എനിക്ക് അറിയാം", റംസാന്‍ പറഞ്ഞു.

എന്നാല്‍ മണിക്കുട്ടന്‍ പറഞ്ഞതിന് മറുപടി പറയുക മാത്രമാണ് താന്‍ ചെയ്‍തതെന്നും മറ്റു മത്സരാര്‍ഥികളെ മനപ്പൂര്‍വ്വം ചര്‍ച്ചയിലേക്ക് എടുത്തിട്ടതല്ലെന്നും ഫിറോസ് പറഞ്ഞു. എന്നാല്‍ മറ്റുള്ളവര്‍ക്ക് ബോധ്യമാവുന്നതായിരുന്നില്ല ആ വിശദീകരണം. ഞായറാഴ്ച എപ്പിസോഡില്‍ ബിഗ് ബോസിന്‍റെ പ്രാങ്കില്‍ പുറത്തായി എന്ന ധാരണയില്‍ നിന്ന സന്ധ്യ 'ഇനി ഒരു സ്ത്രീയും ഇവിടെ നിന്ന് പുറത്തുപോവരുതെന്ന്' സന്ധ്യ പറഞ്ഞത് സ്ത്രീസമത്വമല്ലെന്നും മറിച്ച് പുരുഷവിദ്വേഷമാണെന്നും സായ് വിഷ്‍ണു വാദിച്ചു. എന്നാല്‍ താന്‍ ഉദ്ദേശിച്ചത് അങ്ങനെ അല്ലെന്നും മത്സരാര്‍ഥികള്‍ എന്ന നിലയില്‍ സ്ത്രീകള്‍ കരുത്തോടെ മുന്നോട്ടുപോകണമെന്ന് മാത്രമാണ് അര്‍ഥമാക്കിയതെന്നും സന്ധ്യ വിശദീകരിച്ചു. ഈ വിഷയത്തില്‍ സന്ധ്യയും സായ് വിഷ്‍ണുവും തമ്മിലുണ്ടായ തര്‍ക്കവും ഏറെനേരം നീണ്ടുനിന്നു. 

click me!