'ഇനി ഇവിടെ നില്‍ക്കാന്‍ പറ്റില്ല, എന്നെ പുറത്തുവിടണം'; ബിഗ് ബോസില്‍ നിന്ന് ക്വിറ്റ് ചെയ്യണമെന്ന ആവശ്യവുമായി രേണു സുധി

Published : Aug 20, 2025, 05:58 PM IST
renu sudhi broke down and want to quit the show bigg boss malayalam season 7

Synopsis

ഹൗസില്‍ വൃത്തിയുള്ളതും ഇല്ലാത്തതുമായ രണ്ട് പേരുടെ പേരുകള്‍ പറയാന്‍ ബിഗ് ബോസ് ആവശ്യപ്പെട്ടിരുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 7 മത്സരാര്‍ഥികളിലെ ശ്രദ്ധേയ സാന്നിധ്യങ്ങളിലൊന്നാണ് രേണു സുധി. ഒരുപക്ഷേ ഈ സീസണിലെ മത്സരാര്‍ഥികളില്‍ ഏറ്റവും പോപ്പുലര്‍ ആയ വ്യക്തി. പക്ഷേ മത്സരാര്‍ഥി എന്ന നിലയില്‍ വലിയ മികവൊന്നും പുലര്‍ത്താന്‍ രേണുവിന് ഇനിയും സാധിച്ചിട്ടില്ല. ഇപ്പോഴിതാ ഷോയില്‍ നിന്ന് തനിക്ക് ക്വിറ്റ് ചെയ്യണമെന്ന ആവശ്യവുമായി ബിഗ് ബോസിനെ സമീപിച്ചിരിക്കുകയാണ് രേണു സുധി. ഇന്നത്തെ മോണിംഗ് ആക്റ്റിവിറ്റിയില്‍ ഒരു സഹമത്സരാര്‍ഥി തന്നെക്കുറിച്ച് പറഞ്ഞ കാര്യമാണ് രേണുവിനെ വിഷമിപ്പിച്ചത്. ശേഷമാണ് പുറത്ത് പോകണമെന്ന ആവശ്യവുമായി അവര്‍ ബിഗ് ബോസിനെ സമീപിച്ചത്.

ഹൗസില്‍ വൃത്തിയുള്ളതും ഇല്ലാത്തതുമായ രണ്ട് പേരുടെ പേരുകള്‍ പറയാന്‍ ബിഗ് ബോസ് ആവശ്യപ്പെട്ടിരുന്നു. ഇതില്‍ അനുമോള്‍ വൃത്തിയില്ലാത്ത ആളായി പറഞ്ഞത് രേണു സുധിയെ ആണ്. രേണുവിന്‍റെ തലയില്‍ മുഴുവന്‍ പേന്‍ ആണെന്നും പേന്‍ മുഖത്തൊക്കെ ഇരിക്കുമ്പോള്‍ താനാണ് എടുത്ത് കളയാറെന്നും അനുമോള്‍ പറഞ്ഞു. രേണുവിന് വൃത്തിയില്ലെന്നും രേണു ആഴ്ചയില്‍ ഒരിക്കല്‍പ്പോലും കുളിക്കുന്നത് താന്‍ കണ്ടിട്ടില്ലെന്നും അനുമോള്‍ പറഞ്ഞു.

കുറച്ച് കഴിഞ്ഞ് തന്‍റെ സുഹൃത്തായ ശാരികയ്ക്കൊപ്പം രേണു ക്യാമറയ്ക്ക് മുന്നിലെത്തി പുറത്ത് പോകണമെന്ന ആവശ്യം പറയുകയായിരുന്നു. “ബി​ഗ് ബോസ്, ഞാന്‍ പെട്ടെന്ന് ആയിരുന്നു ഇങ്ങോട്ട് (ബിഗ് ബോസിലേക്ക്) വന്നത്. അതുകൊണ്ട് ട്രീറ്റ്മെന്‍റ് ഒന്നും ചെയ്യാന്‍ പറ്റിയില്ല. അവരിത് നേരത്തെ പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ ശ്രദ്ധിച്ചേനെ. (തലയില്‍) എക്സ്റ്റന്‍ഷന്‍ വച്ചതുകൊണ്ട് എനിക്ക് ചീകി കളയാനൊന്നും പറ്റുന്നില്ല. എനിക്ക് നാട്ടില്‍ത്തന്നെ പോകണം. അല്ലെങ്കില്‍ ഇവിടെ എല്ലാവര്‍ക്കും പ്രശ്നമാവും. പബ്ലിക് ആയി അത് പറഞ്ഞു. ഇവിടെയെല്ലാം ഇരിക്കുന്നു (നെറ്റിയില്‍ തൊട്ടു കാണിച്ചുകൊണ്ട്), അത് എടുത്തു കളഞ്ഞു എന്നൊക്കെ പറഞ്ഞു. അത് എന്‍റെ കുറ്റമല്ല. എനിക്ക് ട്രീറ്റ്മെന്‍റ് ചെയ്യാന്‍ പറ്റിയിട്ടില്ല. ഞാന്‍ കാരണം അങ്ങനെ ഒരു പ്രശ്നം ഇവിടെ ആര്‍ക്കും ഉണ്ടാവരുത്. എന്നെ നാട്ടില്‍ വിടണം. എനിക്ക് ഇവിടെനിന്ന് പോകണം. ഞാന്‍ എല്ലാ ദിവസവും കുളിക്കുന്നുണ്ട്. തല കുളിക്കാന്‍ പറ്റാത്തതുകൊണ്ടാണ്. എന്നോട് വ്യക്തിപരമായി പറഞ്ഞാല്‍ മതിയായിരുന്നു. പബ്ലിക് ആയിട്ട് പറഞ്ഞത് എനിക്ക് വലിയ വിഷമമായിപ്പോയി. അതുകൊണ്ട് എന്നെ പറഞ്ഞുവിട്ടേക്കൂ. ബാക്കിയുള്ള മത്സരാര്‍ഥികള്‍ ഇവിടെ നിന്നോട്ടെ. എനിക്ക് സന്തോഷമേ ഉള്ളൂ. ഇനി ഇവിടെ നില്‍ക്കാന്‍ പറ്റില്ല. ഞാന്‍ വീട്ടില്‍ ചെന്ന് ചികിത്സ നടത്തിക്കോളാം”, രേണു സുധി ബിഗ് ബോസിനോട് പറഞ്ഞു.

ഡോക്ടര്‍ കൂടിയായ ബിന്നിയും രേണുവിനെ ആശ്വസിപ്പിക്കാന്‍ എത്തിയിരുന്നു. ഇതിന് മരുന്നോ ഷാമ്പുവോ കൊടുക്കാന്‍ പറ്റുമെങ്കില്‍ ഡോക്ടറെ കണ്ടതിന് ശേഷം അതിന് അവസരം കൊടുക്കണം. അങ്ങനെയെങ്കില്‍ ഇത് ഇവിടെവച്ച് തന്നെ ശരിയാക്കാന്‍ പറ്റുന്നതേയുള്ളൂ, ബിന്നി ബിഗ് ബോസിനെ ധരിപ്പിച്ചു.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കളങ്കാവൽ: 'മമ്മൂട്ടി തിളക്കമുള്ള' ഒരു ക്രാഫ്റ്റ്– ഡ്രിവൻ ത്രില്ലർ
'ഇഷ്ടമാണെന്ന് പറഞ്ഞ് മെസേജുകള്‍ വരുന്നുണ്ട്, പക്ഷേ..'; മനസുതുറന്ന് അനീഷ്