
ബിഗ് ബോസ്സ് മലയാളത്തിന്റെ ഏഴാം സീസൺ സംപ്രേഷണം തുടരുകയാണ്. മിനിസ്ക്രീൻ താരം അനുമോൾ അനുക്കുട്ടിയാണ് ഇത്തവണത്തെ മലയാളം ബിഗ്ബോസിൽ മാറ്റുരക്കുന്നവരിൽ ഒരാൾ. ഇപ്പോളിതാ ബിഗ്ബോസിലെ അനുമോളുടെ പ്രകടനത്തെക്കുറിച്ച് സംസാരിക്കുകയാണ് താരത്തിന്റെ സുഹൃത്തും നടിയുമെല്ലാമായ ശ്രീവിദ്യ മുല്ലച്ചേരി. അനുമോളുടെ കരച്ചിൽ സിംപതി പിടിച്ചു പറ്റാനാണോ എന്ന ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ശ്രീവിദ്യ.
''അവൾ പൊതുവേ കുറച്ച് ഇമോഷണൽ ആണ്. പെട്ടെന്ന് വിഷമം വരും. ഞാനും അങ്ങനെയാണ്. അവിടെപ്പോയിട്ട് സ്വഭാവം മാറ്റാനൊന്നും പറ്റത്തില്ലല്ലോ. പിന്നെ ഒറ്റയ്ക്കല്ലേ.. വീട്ടുകാരൊന്നും കൂടെയില്ല. ആ വിഷമം ഉണ്ടാകുമായിരിക്കും. പക്ഷേ കരയുന്നവർ അത്ര വീക്ക് ഒന്നുമല്ല. കരയുന്നവരാണ് സ്ട്രോങ്ങ്. അവൾക്ക് അവിടെയിരുന്ന് ചിലപ്പോൾ എന്താണ് ചെയ്യേണ്ടത് എന്നൊന്നും അറിയില്ലായിരിക്കും. കരഞ്ഞാൽ വോട്ടു കിട്ടും എന്നൊന്നും അവൾ ചിന്തിച്ചിട്ടു കൂടെ ഉണ്ടാകില്ല'', ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ശ്രീവിദ്യ പറഞ്ഞു.
ബിഗ് ബോസിൽ പോകുന്നതിനു മുൻപ് അനുമോൾക്ക് എന്തെങ്കിലും ടിപ്സ് പറഞ്ഞു കൊടുത്തിട്ടുണ്ടായിരുന്നോ എന്ന ചോദ്യത്തോടും ശ്രീവിദ്യ പ്രതികരിച്ചു. ''അക്കാര്യം പറ്റിയ ആളോടു തന്നെയാ ചോദിക്കുന്നത്. അങ്ങനെ ടിപ്സ് കൊടുക്കാൻ പറ്റിയ ഷോ അല്ല ബിഗ് ബോസ്. ഒരു സ്റ്റേജ് ഷോയ്ക്കൊക്കെ പോകുകയാണെങ്കിൽ ഇങ്ങനെ ചെയ്താൽ നന്നായിരിക്കും, ഈ ഡ്രസ് ചേരും എന്നൊക്കെ നമുക്ക് പറയാം. ബിഗ്ബോസിൽ പോകുമ്പോൾ അങ്ങനെയൊന്നും പറയാൻ പറ്റില്ല'', ശ്രീവിദ്യ കൂട്ടിച്ചേർത്തു.
ബിഗ് ബോസിൽ പോയാൽ എപ്പോഴും താൻ കരഞ്ഞുകൊണ്ടിരിക്കും, നിനക്ക് പറ്റിയ ഷോ അല്ല എന്നൊക്കെ പലരും പറഞ്ഞതായി അനുമോൾ മുമ്പ് പങ്കുവെച്ച ഒരു വ്ളോഗിൽ പറഞ്ഞിരുന്നു. ''കരച്ചിൽ വന്നാൽ എങ്ങനെയാണ് കരയാതിരിക്കുന്നത്. എനിക്ക് സന്തോഷം വന്നാലും സങ്കടം വന്നാലും കരച്ചിൽ വരും. കുഞ്ഞായിരുന്നപ്പോൾ മുതൽ അങ്ങനെ തന്നെയാണ്. കരച്ചിൽ വന്നാൽ കരയണ്ടേ? സന്തോഷം വന്നാൽ സന്തോഷിക്കേണ്ടേ? ദേഷ്യം വന്നാൽ ദേഷ്യപ്പെടേണ്ടേ? എങ്കിലും കരയാതിരിക്കാൻ പരമാവധി ശ്രമിക്കും. പോകുന്നതിനു മുൻപ് ഒരു ഡോക്ടറെ കണ്ട് കൗൺസിലിങ്ങ് ഒക്കെ എടുത്തിട്ടു വേണം പോകാൻ. '', എന്നും അനുമോൾ പറഞ്ഞിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക