'ഫിസിക്കല്‍ ടാസ്‍കി'ല്‍ അത്യാവേശത്തോടെ മത്സരാര്‍ഥികള്‍; കാഴ്ചക്കാരനായി ഷാനവാസ്

Published : Oct 15, 2025, 11:26 PM IST
shanavas shanu turned a mere spectator in pavashasthram weekly task in bbms7

Synopsis

ബിഗ് ബോസ് മലയാളം സീസണ്‍ 7-ലെ 'പാവശാസ്ത്രം' എന്ന വീക്കിലി ടാസ്കിൽ മത്സരാർത്ഥികൾ കഠിനമായി മത്സരിച്ചപ്പോൾ, ഷാനവാസ് പങ്കെടുക്കാതെ മാറിനില്‍ക്കുകയായിരുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 7 അതിന്‍റെ 11-ാം വാരത്തിലൂടെ മുന്നോട്ട് പോവുകയാണ്. ഇനിയുള്ള ഓരോ ദിവസവും പ്രധാനമാണെന്ന് ബോധ്യമുള്ളതിനാല്‍ മത്സരാര്‍ഥികള്‍ക്കിടയിലെ ആവേശം ഈ ദിവസങ്ങളില്‍ ഏറെ വര്‍ധിച്ചിട്ടുമുണ്ട്. വര്‍ധിച്ച ഈ ആവേശം പ്രകടമായ ടാസ്ക് ആയിരുന്നു ഇന്നത്തേത്. മൂന്ന് പ്രധാന ടാസ്കുകള്‍ അടങ്ങിയ വീക്കിലി ടാസ്കിലെ രണ്ടാം ടാസ്ക് ആയിരുന്നു മത്സരാര്‍ഥികള്‍ക്ക് ഇന്ന് കളിക്കേണ്ടത്. പാവശാസ്ത്രം എന്ന് പേരിട്ട ടാസ്കില്‍ ഒരു കണ്‍വെയര്‍ ബെല്‍റ്റിലൂടെ ബിഗ് ബോസ് നല്‍കുന്ന പാവകളുടെ ശരീരഭാഗങ്ങള്‍ കരസ്ഥമാക്കുകയും അവ ഉപയോഗിച്ച് പാവകളെ നിര്‍മ്മിക്കുകയുമാണ് മത്സരാര്‍ഥികള്‍ ചെയ്യേണ്ടിയിരുന്നത്. തങ്ങളുടെ ശാരീരികശേഷി പരമാവധി പുറത്തെടുത്തുകൊണ്ടാണ് മത്സരാര്‍ഥികള്‍ ഈ ടാസ്ക് ചെയ്തത്, ഒരാള്‍ ഒഴിച്ച്.

ഷാനവാസ് ആയിരുന്നു അത്. മൂന്ന് റൗണ്ടുകളിലായി നടന്ന ടാസ്കിന്‍റെ ഒരു ഘട്ടത്തില്‍ പോലും ഷാനവാസ് മത്സരിക്കാനായി എത്തിയില്ല. വന്‍ മത്സരം നടക്കുന്നതിന് തൊട്ടടുത്ത് ചെറുചിരിയോടെ എല്ലാം കണ്ട് നില്‍ക്കുകയായിരുന്നു മുഴുവന്‍ സമയവും ഷാനവാസ്. മെഡിക്കല്‍ കാരണങ്ങളാവാം ഒരുപക്ഷേ ഷാനവാസിന്‍റെ തീരുമാനത്തിന് കാരണം. വീക്കിലി ടാസ്കിന്‍റെ ഇന്നലെ നടന്ന ആദ്യ ടാസ്കില്‍ ഷാനവാസ് നന്നായി മത്സരിക്കുകയും ചെയ്തിരുന്നു. 

മൂന്ന് റൗണ്ടുകളിലായി ടാസ്ക് അവസാനിച്ചതിന് ശേഷം മാത്രമേ ഓരോരുത്തരുടെയും കൈയിലുള്ള പാവകള്‍ എണ്ണപ്പെടുകയുള്ളൂവെന്ന് ബിഗ് ബോസ് നേരത്തേ അറിയിച്ചിരുന്നു. രണ്ട് റൗണ്ടുകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമുള്ള ഇടവേളയില്‍ താന്‍ മൂന്നാം റൗണ്ടില്‍ പങ്കെടുക്കണോ എന്ന സംശയം അനീഷ് പങ്കുവച്ചിരുന്നു. ലഭിച്ച പാവകള്‍ ഷര്‍ട്ടിനുള്ളില്‍ സൂക്ഷിച്ചുകൊണ്ട് മത്സരം തുടരുന്നതിലെ ബുദ്ധിമുട്ടാണ് അനീഷിനെക്കൊണ്ട് ഇങ്ങനെ ചിന്തിപ്പിച്ചത്. എന്നാല്‍ അനീഷിനുവേണ്ടി വേണമെങ്കില്‍ താന്‍ പാവകള്‍ സൂക്ഷിക്കാമെന്ന് ഷാനവാസ് വാഗ്ദാനം നല്‍കി. എന്നാല്‍ അനീഷ് അത് സ്വീകരിക്കാതെ മൂന്നാം റൗണ്ടില്‍ പങ്കെടുക്കാനായി പോവുകയായിരുന്നു.

ആദ്യ റൗണ്ട് നടന്നുകൊണ്ടിരിക്കവെ മത്സരത്തിന്‍റെ മുന്‍നിരയില്‍ ഉണ്ടായിരുന്ന ആദില തനിക്ക് ലഭിച്ച പാവയുടെ ശരീരഭാഗം ഷാനവാസിന് നേര്‍ക്ക് എറിഞ്ഞുകൊടുത്തെങ്കിലും ഷാനവാസ് അത് എടുത്തില്ല. മൂന്ന് റൗണ്ടുകളും അവസാനിച്ചതിന് ശേഷം ഷാനവാസിന് പൂജ്യം പോയിന്‍റ് ആണ് ലഭിച്ചത്. അതേസമയം ടാസ്കില്‍ നന്നായി അധ്വാനിച്ച അക്ബറിനും പൂജ്യം പോയിന്‍റ് ആണ് അവസാനം ലഭിച്ചത്. ഷാനവാസ് സൂക്ഷിച്ചിരുന്ന പാവകള്‍ ആദില മോഷ്ഠിച്ചതോടെയാണ് ഇത് സംഭവിച്ചത്. സാബുമാനും ഇതേ രീതിയില്‍ പോയിന്‍റുകള്‍ നഷ്ടമായി. അതേസമയം വീക്കിലി ടാസ്ക് നാളെയും തുടരും.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ജനങ്ങളുടെ വോട്ട് ലഭിക്കാതെ വിജയിക്കാൻ പറ്റില്ല'; അനുമോളെ പിന്തുണച്ച് റോബിൻ
'മകളെ ഇല്ലാതാക്കാൻ ഉമ്മയുടെ കൊട്ടേഷൻ, അതാണോ നോർമൽ ?': ആദില-നൂറയെ കുറിച്ച് സുഹൃത്ത്