
ബിഗ് ബോസ് മലയാളം സീസണ്‍ 7 ആവേശകരമായ ഏഴാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. ഏഴിന്‍റെ പണി എന്ന ടാഗ് ലൈനോടെ എത്തിയിരിക്കുന്ന സീസണ്‍ 7 ലെ ഏഴാം ആഴ്ച പല പ്രത്യേകതകളോടുമാണ് ബിഗ് ബോസ് ഒരുക്കിയിരിക്കുന്നത്. ഇത്തവണത്തെ നോമിനേഷനില്‍ത്തന്നെ അസാധാരണത്വം ഉണ്ടായിരുന്നു. മത്സരാര്‍ഥികളില്‍ പകുതി പേരെ ഓപണ്‍ നോമിനേഷന് ക്ഷണിച്ച ബിഗ് ബോസ് മറ്റുള്ളവരെ സാധാരണ രീതിയിലുള്ള നോമിനേഷനും ക്ഷണിച്ചു. ഇപ്പോഴിതാ ഈ വാരത്തിലെ വീക്ക്ലി ടാസ്ക് ആയ ഹോട്ടല്‍ ടാസ്കിലെ അതിഥികളായി എത്തിയ ഷിയാസ് കരിമും ശോഭ വിശ്വനാഥും സീസണ്‍ 7 ല്‍ ഓളമുണ്ടാക്കുകയാണ്.
ഇപ്പോഴിതാ ഏഷ്യാനെറ്റ് പുറത്തുവിട്ട പുതിയ പ്രൊമോയില്‍ അനുമോളുടെ പ്ലാച്ചി എന്ന് പേരിട്ടിരിക്കുന്ന പാവയെ ഹൗസിന് പുറത്തേക്ക് വലിച്ചെറിയുന്ന ഷിയാസ് കരിമിനെ കാണാം. ഇത് കണ്ട് പൊട്ടിക്കരയുന്ന അനുമോളെയും അവിടെ കാണാം. ഹൗസിലെ മത്സരാര്‍ഥികളെ ഒന്ന് ഇളക്കുക എന്നത് ഹോട്ടല്‍ ടാസ്കില്‍ അതിഥികളായി എത്തുന്ന മുന്‍ മത്സരാര്‍ഥികള്‍ സാധാരണ ചെയ്യാറുള്ളതാണ്. എന്നാല്‍ ഷിയാസ് കരിം ചെയ്ത തരത്തിലുള്ള ഒരു ആക്റ്റ് ഒരു സീസണിലേക്ക് എത്തുന്ന മുന്‍ മത്സരാര്‍ഥികള്‍ സാധാരണ ചെയ്യാറുള്ളതല്ല.
അതേസമയം ഹോട്ടല്‍ ടാസ്കില്‍ അതിഥികളായി എത്തുന്നവരെ സന്തോഷിപ്പിക്കുകയാണ് ഹോട്ടല്‍ നടത്തിപ്പുകാരായ നിലവിലെ മത്സരാര്‍ഥികളുടെ കര്‍ത്തവ്യം. ഹോട്ടലിന്‍റെ പ്രവര്‍ത്തനത്തിലും ജീവനക്കാരുടെ സേവനങ്ങളിലും തൃപ്തരായി അതിഥികള്‍ നല്‍കുന്ന കോയിനുകളിലും പാരിതോഷികങ്ങളിലുമാവും മത്സരാര്‍ഥികളുടെ കണ്ണ്. അതേസമയം ടാസ്കിന്‍റെ പുറത്ത് മത്സരാര്‍ഥികള്‍ക്ക് ചില ക്ലൂകള്‍ നല്‍കാനും ചില അതിഥികള്‍ ശ്രമിക്കാറുണ്ട്. രജിത്ത് കുമാറും റോബിന്‍ രാധാകൃഷ്ണനും അടക്കമുള്ളവര്‍ മുന്‍ സീസണുകളില്‍ ഇതേ ടാസ്കില്‍ അതിഥികളായി എത്തിയിരുന്നു.
ഏഴിന്‍റെ പണി എന്ന ടാഗ് ലൈനുമായി എത്തിയ സീസണ്‍ 7 ലെ ഏഴാം വാരത്തിലെ നോമിനേഷനിലും ബിഗ് ബോസ് മത്സരാര്‍ഥികള്‍ക്ക് ഒരു പണി നല്‍കിയിരുന്നു. മുന്‍ വാരങ്ങളില്‍ നിന്ന് വ്യത്യസ്തമായിട്ടായിരുന്നു ഇത്തവണത്തെ നോമിനേഷന്‍. 16 പേരാണ് നിലവില്‍ ഹൗസില്‍ ഉള്ളത്. ഇതില്‍ അനീഷിന് വൈല്‍ഡ് കാര്‍ഡുകള്‍ മുന്‍പ് നിശ്ചയിച്ചിട്ടുള്ളത് പ്രകാരം ഈ ആഴ്ചയും നോമിനേറ്റ് ചെയ്യാന്‍ സാധിക്കില്ല, ബാക്കിയുള്ള 15 പേരില്‍ എട്ട് പേര്‍ക്ക് ഓപണ്‍ നോമിനേഷന്‍ നടത്താമെന്നും ബാക്കിയുള്ള ഏഴ് പേര്‍ക്ക് സാധാരണ പോലെ കണ്‍ഫെഷന്‍ റൂമിലൂടെ നോമിനേറ്റ് ചെയ്യാമെന്നും ബിഗ് ബോസ് പറഞ്ഞു. ഓപണ്‍ നോമിനേഷന്‍ ആരൊക്കെ ചെയ്യണമെന്ന് മത്സരാര്‍ഥികള്‍ തന്നെയാണ് സ്വയം തീരുമാനിച്ചത്.