
നിറപ്പകിട്ടും നൃത്തവും സംഗീതവും ആരവങ്ങളും കൊഴുപ്പിച്ച മൂന്ന് മണിക്കൂർ ഷോയോടെ ഇത്തവണത്തെ ബിഗ്‌ബോസ് പൂരത്തിന് കൊടിയേറി. മലയാളം ബിഗ്‌ബോസ് ഷോയുടെ ആത്മാവായ മഹാനടൻ മോഹൻലാൽ, പതിവുേപാലെ കാഴ്ചക്കാരെ പിടിച്ചുനിർത്തുന്ന ഉജ്വല പ്രകടനത്തോടെ ഇന്നലെ നൂറു ദിവസത്തെ സഹവാസ പരീക്ഷണത്തിന് തുടക്കമിട്ടു. രണ്ടെന്നു നിനയ്ക്കുമ്പോഴും ഒന്നെന്ന് കണക്കാക്കുന്ന ലെസ്ബിയൻ കപ്പിൾ അടക്കം 20 മൽസരാർത്ഥികളെയാണ് കളി പറഞ്ഞും ചിരിപ്പിച്ചും അനുഗ്രഹിച്ചും ഉപദേശങ്ങൾ നൽകിയും മോഹൻലാൽ, മുഖ്യ സ്‌പോൺസറായ ബെർജർ പെയിന്റിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന ബിഗ്‌ബോസ് മാളികയിലേക്ക് പറഞ്ഞയച്ചത്.
മറ്റൊരു സ്‌പോൺസറായ മൈജി നറുക്കെടുപ്പു മുതൽ പലതരം പരീക്ഷണങ്ങൾ വരെ നടത്തി കണ്ടെടുത്ത അനീഷ് തറയിൽ എന്ന കോമണറായിരുന്നു ബിഗ്‌ബോസ് വീട്ടിലെ ആദ്യ അതിഥി. വരാനുള്ള അതിഥികളെ കാത്തിരിക്കുന്ന വീട്ടകത്തിന്റെ ശൂന്യതയിലേക്ക് കടന്നുചെല്ലുന്നതിനു മുമ്പ്, മോഹൻലാലിനോട് സംസാരിക്കുമ്പോൾ അനീഷ് തറയിൽ പറഞ്ഞൊരു കാര്യം ശരിക്കും കൗതുകം ഉണർത്തുന്നതായിരുന്നു. സർക്കാർ ജോലിയിൽനിന്നും ലീവെടുത്ത് രണ്ട് വർഷം വീട്ടിലിരുന്ന് ബിഗ്‌ബോസിനായി തയ്യാറെടുപ്പു നടത്തി എന്നായിരുന്നു അനീഷ് പറഞ്ഞത്. ബിഗ്‌ബോസ് വീട്ടിനകത്തേക്ക് കോമണർ ആയോ അല്ലാതെയോ കടന്നുവരുന്നതിന് എന്തൊക്കെയാവും അയാൾ പഠിച്ചിട്ടുണ്ടാവുക? സത്യത്തിൽ എങ്ങനെയാണ് ബിഗ്‌ബോസിന് പഠിക്കുക? എന്തൊക്കെയാണ് അതിന്റെ പാഠപുസ്തകങ്ങൾ?
അതിനു മുമ്പ്, അനീഷ് പറഞ്ഞ കാര്യം ഒന്നു കൂടി പരിശോധിക്കാം. അനീഷ് പറഞ്ഞത് ബിഗ്‌ബോസിൽ കടന്നുപറ്റാനുള്ള പഠിത്തത്തെ പറ്റിയാണ്. എങ്ങനെയാണ് ബിഗ്‌ബോസിൽ കടന്നുചെല്ലുക? അതിനെന്തൊക്കെയാണ് ചെയ്യാനാവുക?
അരിപ്പകൾ പലതരം; സാധ്യതകളും
ബിഗ്‌ബോസിലേക്ക് ആളുകളെ തെരഞ്ഞെടുക്കുന്നത് എങ്ങനെയാണ് എന്ന് നമുക്ക് നോക്കാം. പരിപാടി നടത്തുന്നത് ഏഷ്യാനെറ്റാണ്. മലയാളിയെ സർക്കാർ വിലാസം ദൃശ്യമാധ്യമരീതികളിൽനിന്നും ടെലിവിഷൻ കാഴ്ചയുടെ ഇന്ദ്രജാലത്തിലേക്ക് കൈപിടിച്ചുകൊണ്ടുവന്ന ആദ്യ സ്വകാര്യ സാറ്റലൈറ്റ് ചാനൽ. ഷോയുടെ നടത്തിപ്പുകാർ എൻഡമോൾ ഷൈൻ ഇന്ത്യയാണ്. ബിഗ് ബ്രദർ, മാസ്റ്റർ ഷെഫ്, ഡീൽ ഓർ നോ ഡീൽ എന്നീ വമ്പൻ ഷോകളുടെ നടത്തിപ്പുകാരായ എൻഡെമോൾ ഷൈൻ ഗ്രൂപ്പിന്റെ ഇന്ത്യൻ സബ്‌സിഡിയറിയാണ് 2020-ൽ ബനിജയ് ഗ്രൂപ്പ് (Banijay Group) ഏറ്റെടുത്ത എൻഡെമോൾ ഷൈൻ ഇന്ത്യ. ബിഗ്‌ബോസ് ഖത്‌റോൻ കെ ഖില്ലാഡി, മാസ്റ്റർ ഷെഫ് ഇന്ത്യ എന്നീ അടിപൊളി ഷോകളുടെ നടത്തിപ്പുകാരാണ് എൻഡമോൾ ഷൈൻ ഇന്ത്യ.
മുൻ സീസണുകളിലെ അനുഭവം വെച്ച് പൊതുവെ നാം മനസ്സിലാക്കുന്ന സെലക്ഷൻ പ്രോസസ് ഇങ്ങനെയാണ്. പരിപാടിയുടെ നിർമാതാക്കളായ ഏഷ്യാനെറ്റ് ആദ്യം മൽസരാർത്ഥികളുടെ ഒരു വലിയ പട്ടിക തയ്യാറാക്കുന്നു. ഈ പട്ടിക നടത്തിപ്പുകാരായ എൻഡെമോൾ ഷൈൻ ഇന്ത്യയ്ക്ക് കൈമാറുന്നു. അവർ അതിൽനിന്നും ഒരു ചുരുക്കപ്പട്ടിക തയ്യാറാക്കി വീണ്ടും ഏഷ്യാനെറ്റിന് കൈമാറുന്നു. വീണ്ടും കുറേ പേരെ ഒഴിവാക്കി വിവിധ മേഖലകളുടെ പ്രതിനിധാനം ഉറപ്പുവരുത്തുന്ന വിധം ഏഷ്യാനെറ്റ് മറ്റൊരു ചുരുക്കപ്പട്ടിക തയ്യാറാക്കുന്നു. ആ പട്ടികയിലുള്ള ആളുകളെ ഓരോരുത്തരെയായി ബന്ധപ്പെടുന്നു. അവർ കുറേ പേർ നൂറു ദിവസത്തെ യജ്ഞത്തിനുള്ള സന്നദ്ധത അറിയിക്കും, കുറേ പേർ ഒഴിഞ്ഞു മാറും. സന്നദ്ധരായ ആളുകളെ വെച്ച് പിന്നീട് പലതരം ടെസ്റ്റുകളും ഇന്റർവ്യൂകളും നടത്തും. നൂറു ദിവസത്തെ ഈ ഷോയ്ക്കുള്ള ശാരീരിക, മാനസിക ആരോഗ്യം മൽസരാർത്ഥിക്കുണ്ടോ എന്നു പരിശോധിക്കുന്ന പ്രത്യേക ചെക്കപ്പ് അടക്കം നടത്തിയശേഷം, പല തരം അരിപ്പകളിലൂടെ കടത്തിവിട്ടാണ് അവസാന ലിസ്റ്റ് തയ്യാറാക്കുന്നത്. ഇതിൽതന്നെ, ആദ്യം ഹൗസിൽ കയറുന്നവരുടെയും പിന്നീട് വൈൽഡ് കാർഡ് എൻട്രികളിലൂടെ കയറുന്നവരുടെയുമെല്ലാം പട്ടികയും തയ്യാറാക്കിയ ശേഷമാണ്, ആരും പ്രതീക്ഷിക്കാത്ത നേരത്ത് തെരഞ്ഞെടുക്കപ്പെട്ട വിവരം മൽസരാർത്ഥിയെ അറിയിക്കുന്നത്. പരിപാടിയുടെ സർപ്രൈസ് അതേ പടി നിലനിർത്തുന്നതിനായി, ഈ വിവരം പുറത്തുവിടരുതെന്നും മൽസരാർത്ഥികളോട് ആവശ്യപ്പെടാറുമുണ്ട്.
കടന്നുകൂടാൻ എന്തു ചെയ്യണം?
ഇങ്ങനെയൊക്കെയുള്ള തെരഞ്ഞെടുപ്പ് പ്രക്രിയകളുള്ള, അടിമുടി സസ്‌പെൻസ് നിലനിർത്തുന്ന ഒരു ഷോയ്ക്കു വേണ്ടി എങ്ങനെയാണ് നമുക്ക് മുൻകൂട്ടി പഠിക്കാനാവുക? തീർച്ചയായും സോഷ്യൽ മീഡിയയിൽ വൈറൽ കണ്ടന്റുകൾ സൃഷ്ടിക്കുന്നവർക്ക് അതിലൊരിടം ഉണ്ടാവാറുണ്ട്. സാമൂഹിക വിഷയങ്ങളിൽ സദാസമയം ചർച്ചകൾ സൃഷ്ടിക്കുന്നവർക്കും ഇടമുണ്ടാവാറുണ്ട്. പ്രവൃത്തിയിലും ഇടപെടലുകളിലും അഭിപ്രായ പ്രകടനങ്ങളിലുമെല്ലാം വിവാദം സൃഷ്ടിക്കുന്നവരും പൊതുബോധത്തെ വെല്ലുവിളിക്കുന്നവരും വിവിധ മേഖലകളിൽ ഇളക്കങ്ങൾ സൃഷ്ടിക്കുന്നവരുമെല്ലാം അങ്ങനെ ഇടം പിടിക്കാറുണ്ട്. അപ്പോൾ, ബിഗ്‌ബോസ് വീട് ഉന്നം വെക്കുന്നവർക്ക് ചെയ്യാനാവുന്ന ഒരു കാര്യം, മുകളിൽ പറഞ്ഞ ഈ കാറ്റഗറികളിൽ ഏതിലെങ്കിലും കടന്നുകൂടുന്ന വിധം പ്രവർത്തിക്കുക എന്നതാണ്. മറ്റൊന്ന് അവരവരുടെ മേഖലകളിൽ ജനപ്രിയരാവുകയും ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്യുക എന്നതും. എളുപ്പമല്ലെങ്കിലും ബിഗ്‌ബോസ് എൻട്രിക്ക് പഠിക്കുന്നവർക്ക് എളുപ്പം എത്താവുന്ന ഒരു നിഗമനം ഇതുതന്നെയാണ്.
പക്ഷേ, ഒരു കോമണർ? ഒന്നോ രണ്ടോ തവണയാണ് പരിപാടിയുടെ സ്‌പോൺസർമാർ വഴി കോമണറെ തെരഞ്ഞെടുത്തിട്ടുള്ളത്. നറുക്കെടുപ്പു മുതൽ, മുകളിൽ പറഞ്ഞ പല തരം അരിപ്പുകളിലൂടെ കടന്നുപോവൽ വരെ അതിനുള്ള റിസ്‌കുകൾ പലതുണ്ട്. അടുത്ത വർഷം ഒരു സ്‌പോൺസറായിരിക്കും കോമണറെ കണ്ടെത്തുക എന്നു മുൻകൂട്ടിയറിഞ്ഞ് അതിനുവേണ്ടി പരിശീലിക്കുക എന്നത് ഏറെക്കുറെ അസാധ്യമാണ്. പിന്നെയുള്ള മാർഗം ലോട്ടറിയെടുത്ത് റിസൽറ്റിനു വേണ്ടി കാത്തുനിൽക്കുന്നതുപോലുള്ള ഭാഗ്യപരീക്ഷണത്തിന് സ്വയം സമർപ്പിക്കുക എന്നതാണ്. എന്നാൽ, ജോലിയിൽനിന്നും ലീവെടുത്ത് അത്തരമൊരു പരിപാടിക്ക് നിൽക്കുന്നത്, ബമ്പറടിക്കുന്നതു കാത്ത് പണിക്കുപോവാതെ ലോട്ടറിക്കടയ്്ക്കു മുന്നിൽ കാത്തുകെട്ടി നിൽക്കുന്നതു പോലുള്ള ഒരേർപ്പാടാണ്.
എങ്ങനെയായിരിക്കും ആ പഠിത്തം?
അപ്പോൾ പിന്നെ, അനീഷ് തറയിൽ എന്ന മൽസരാർത്ഥി ആ അഞ്ചുവർഷം എന്തായിരിക്കും ബിഗ്‌ബോസിനായി പഠിച്ചിട്ടുണ്ടാവുക? 2025-ൽ മൈജി ആയിരിക്കും സ്‌പോൺസറെന്നും അവർ നറുക്കെടുപ്പ് മുതൽ പലതരം മൽസരങ്ങൾ വരെ നടത്തി ഭാഗ്യത്തിന്റെ നൂൽപ്പാലങ്ങളിലൂടെ കടത്തിവിട്ട് കോമണറെ തെരഞ്ഞെടുക്കുമെന്നും നിന്നനിൽപ്പിൽ പ്രവചിക്കുക മാത്രമാണ് ഒരേയൊരു മാർഗം. അതിനാണെങ്കിൽ വലിയ പഠിത്തമോ പരിശീലനപ്പറക്കലുകളോ ആവശ്യവുമില്ല.
ഇനി കോമണറായല്ല, നേർക്കുനേരെ ബിഗ്‌ബോസിലേക്ക് ലാന്റ് ചെയ്യാനാണെങ്കിൽ, ആർക്കും അൽപ്പം മെനക്കെടാവുന്നതാണ്. ആദ്യം പറഞ്ഞ രീതിയിൽ വൈറൽ കണ്ടന്റുകൾ സൃഷ്ടിക്കുക, നെഗറ്റീവോ പോസിറ്റീവോ ആയി ചർച്ചകളിൽ ഇടം പിടിക്കുക, ഓൺലൈൻ സെലബ്രിറ്റി ആവുക എന്നിങ്ങനെയുള്ള പല കാര്യങ്ങൾ. അൽപ്പം മെനക്കെട്ടാൽ ഒരു കൈ നോക്കാവുന്നതേയുള്ളൂ. പക്ഷേ അത് സഹിക്കാൻ നാട്ടുകാർ തയ്യാറാവണം എന്ന റിസ്‌കുണ്ട്. ആ റിസ്‌ക് എടുത്ത് നാലഞ്ച് വർഷം മെനക്കെട്ടാൽ, രണ്ടിലൊന്ന് നടക്കുമെന്ന് കരുതാം. പക്ഷേ, നമ്മുടെ അറിവിൽ അനീഷ് തറയിൽ എന്ന മൽസരാർത്ഥി അങ്ങനെയൊന്നും ചെയ്തിട്ടില്ല. അദ്ദേഹം സോഷ്യൽ മീഡിയാ താരമായിട്ടില്ല, െൈവറൽ കണ്ടന്റുകൾ സൃഷ്ടിച്ചിട്ടില്ല, നാട്ടുകാർ അന്തം വിട്ട് അദ്ദേഹത്തെ കണ്ടിട്ടില്ല, അത്ഭുതങ്ങളോ അതിശയങ്ങളോ ചെയ്ത് മൂപ്പർ എയറിൽ പോയിട്ടുമില്ല!
എന്തൊക്കെയായിരിക്കും ആ പാഠപുസ്തകത്തിൽ?
കാര്യങ്ങൾ ഇങ്ങനെയായ സ്ഥിതിക്ക് പിന്നെ അനീഷ് തറയിൽ എന്തായിരിക്കും ആ അഞ്ച് വർഷം പഠിച്ചിട്ടുണ്ടാവുക? അതൊരുപക്ഷേ, ബിഗ്‌ബോസ് മലയാളത്തിലെ എപ്പിസോഡുകൾ കുത്തിപ്പിടിച്ച് പഠിക്കലായിരിക്കും. പാറ്റേണുകൾ, വോട്ടുനേടാനുള്ള തന്ത്രങ്ങൾ, മാനിപ്പുലേഷനുകൾ, ബഹളം വെക്കലുകൾ, ബിഗ്‌ബോസ് ക്യാമറകളെ തന്നിൽത്തന്നെ ഫോക്കസ് ചെയ്ത് നിലനിർത്താൻ തരാതരം പോലെ പലരും പയറ്റിയ ഡ്രാമകൾ. അങ്ങനെ അദ്ദേഹം പഠിച്ചിരിക്കാമെന്ന് തോന്നിക്കുന്ന ഒരു കാര്യം, പരിചയപ്പെടുത്തുന്ന സമയത്ത് മോഹൻലാൽ രണ്ടുതവണ സൂചിപ്പിച്ചിരുന്നു. വരുന്നതൊരു സ്ത്രീവിരുദ്ധനാണെന്ന് പറഞ്ഞാണ് ലാൽ അനീഷിനെ പരിചയപ്പെടുത്തുന്നത് തന്നെ. ഹൗസിൽ എത്തിയശേഷം പല തവണയായി അക്കാര്യം അനീഷും ആവർത്തിക്കുന്നുണ്ട്. 'അതേയ്, ഇത് ഞാനാണ് ഒരു സ്ത്രീവിരുദ്ധൻ' എന്ന ഡയലോഗുകൾ.
ഇത്തവണ ഏഴിൻെ പണി നൽകാനിറങ്ങിയ ബിഗ്‌ബോസിന്റെ കഴിഞ്ഞ ആറു തവണത്തെ പൂരങ്ങളും അവസാനിച്ചത് തൊട്ടുമുമ്പേ പറഞ്ഞ ആ കീവേഡിൽ ഊന്നിയാണെന്ന് വേണമെങ്കിൽ പറയാം. പക്ഷേ, അത് എളുപ്പ വഴിയിൽ ക്രിയ ചെയ്യലാണ്. ബിഗ്‌ബോസ് പോലെ പ്രവചനാതീതമായി നടക്കുന്ന ഒരു ഗെയിമിനെ കുറുക്കുവഴിയിലൂടെ സമീപിക്കൽ. അങ്ങനെയൊരു കാഴ്ചക്കോണിലൂടെ, ബിഗ്‌ബോസ് സീസണുകൾ പഠിക്കുമ്പോൾ കണ്ടെത്താവുന്ന ചില സ്ഥിരം ഫോർമുലകളുണ്ട്. ആദ്യമാദ്യം പല തരം ഇടപെടലുകൾ നടത്തുക, പിന്നീട് അഗ്രസീവായി മാറി പല തരം കണ്ടന്റുകൾ സൃഷ്ടിക്കുക എന്നതാണ് അതിന്റെ ഒരു കോമൺ മിനിമം പ്രോ്രഗാം. സ്ത്രീവിരുദ്ധതയും ചില സമയത്ത് മനുഷ്യവിരുദ്ധത തന്നെയും സമൃദ്ധമായി പ്രകടിപ്പിച്ച് അലറുക, തല്ലാനോങ്ങുക, തിരിച്ചുകിട്ടുമ്പോൾ മോങ്ങുക, കൂട്ടംകൂടി ബഹളംവെക്കുക, ഇരയായോ വേട്ടക്കാരനായോ സമയാസമയങ്ങളിൽ പകർന്നാട്ടം നടത്തുക എന്നിങ്ങനെ പല പാറ്റേണുകൾ.
സ്്രതീവിരുദ്ധത പറയുകയും ബഹളം വെക്കുകയും ചെയ്തവരെല്ലാം കപ്പ് നേടിയില്ലല്ലോ എന്നു പറയാം, എന്നാൽ, അങ്ങനെ ഉറഞ്ഞുതുള്ളാത്ത ആർക്കും അവസാനം കളി കഴിഞ്ഞിറങ്ങുമ്പോൾ ആളുകൾ കൊണ്ടു നടന്ന് സ്വീകരണം നൽകിയിട്ടില്ല എന്നത് വാസ്തവമാണ്. ചേരി തിരിഞ്ഞ് ആർമികളായോ അല്ലാതെയോ വീട്ടിനു പുറത്തുള്ള ബഹുജനം ബിഗ്‌ബോസിൽ പങ്കാളികളായത് മേൽപ്പറഞ്ഞ സ്ത്രീവിരുദ്ധതയിലും അതിനെ ചുറ്റിപ്പറ്റിയുണ്ടാക്കിയ ബഹുവിധ കണ്ടന്റുകളിലും രോമാഞ്ചം പൂണ്ട് തന്നെയാണ് എന്നതിന്റെ സൂചനയാണത്. അത് ആ ഗെയിമിന്റെ കുഴപ്പമെന്ന് പറയാനാവില്ല. നമ്മുടെ സമൂഹം അങ്ങനെയൊക്കെയാണ് ഇത്തരമൊരു ഷോയെ സമീപിക്കുന്നതെന്നേ പറയാൻ കഴിയൂ. ഗെയിം പ്ലാനുകൾ ഏതു വഴിക്കും സൃഷ്ടിക്കാം. ഗെയിമിനെ ഏതു വഴിക്കും കൊണ്ടുപോവാം. പക്ഷേ, പുറത്തുള്ള സാമാന്യ ജനത്തിന്റെ ഉള്ളിനുള്ളിലെ ആൺ-പെൺ ചക്കളത്തിപ്പോരുകൾ എല്ലാ സീസണുകളിലും വെളിപ്പെടുന്നു എന്നത് നമ്മൾ മലയാളികൾ ഈ നൂറ്റാണ്ടിലും നിൽക്കുന്ന നിലം ഏതെന്ന് പച്ചയ്ക്ക് വെളിവാക്കുന്നത് തന്നെയാണ്.
ഇത് കളി വേറെ!
പക്ഷേ, കുറുക്കുവഴികൾക്കപ്പുറത്താണ് ബിഗ്‌ബോസ്. അത് അനിശ്ചിതത്വത്തിന്റെ പടക്കളമാണ്. ഏതു നിമിഷവും എന്തും സംഭവിക്കാവുന്ന ഗെയിമുകളുടെ അരങ്ങാണ്. ഓരോ സീസണിലും മുമ്പില്ലാത്ത വിധത്തിലുള്ള നൂറോളം ടാസ്‌ക്കുകൾ വിഭാവനം ചെയ്ത് നടപ്പാക്കുക, മൽസരാർത്ഥികളുടെ ശാരീരികവും മാനസികമായ കഴിവും കഴിവുകേടുകളും പുറത്തുകൊണ്ടുവരിക, സാമൂഹ്യ ജീവിതത്തിന്റെ പച്ചയായ യാഥാർത്ഥ്യങ്ങൾക്കു മുന്നിൽ മുഖാമുഖം നിർത്തി ഉള്ളിലിരിപ്പുകൾ പുറത്തെടുപ്പിക്കുക-ഇവയൊന്നും ഒട്ടും എളുപ്പമല്ല. എളുപ്പവഴിയിൽ ക്രിയ ചെയ്യുന്നവർ സ്ത്രീവിരുദ്ധത അടക്കം ഏത് ആയുധം എടുത്തുപയോഗിച്ചാലും അതിനെയൊക്കെ നിലം പരിശാക്കുന്ന വിധമാണ് ആ ഗെയിം തയ്യാറാക്കപ്പെട്ടിരിക്കുന്നത്. ഓരോ വർഷവും അത് കാണാനും പുറത്തുനിന്ന് ഇടപെടാനും ആളുകൾ ക്യൂനിൽക്കുന്നത് അതിനാലാണ്. അനിശ്ചിതത്വങ്ങളുടെ, പ്രവചനാതീതമായ വഴിത്തിരിവുകളുടെ കുഴിബോംബുകൾ അവിടവിടെ പാകിവെച്ച ആ ഗെയിമിനുള്ളിൽ നിന്നും കാഴ്്ചക്കാർ മടുപ്പില്ലാത്ത പലതും പ്രതീക്ഷിക്കുന്നതും അക്കാരണത്താലാണ്. ഡയലോഗുകൾ ഹൃദിസ്ഥമാക്കി, നേരെ വന്ന് കളിക്കാവുന്ന ഒരു നാടകമല്ല ബിഗ്‌ബോസ്. കാണാപ്പാഠം പഠിച്ച് എഴുതാൻ പറ്റിയ ഒരു പരീക്ഷയല്ല അതെന്ന് മൽസരാർത്ഥികൾ വൈകാതെ തിരിച്ചറിയുന്നത് അതു കൊണ്ടാണ്.
അതിനാൽ, അനീഷ് തറയിൽ അഞ്ച് വർഷം പഠിച്ച ബിഗ് ബോസ് പാഠം സ്ത്രീവിരുദ്ധത ആണെങ്കിലും അല്ലെങ്കിലും, അതിനു കൈയടിക്കാൻ കാത്തിരിക്കുന്നവർ പുറത്തുണ്ടെങ്കിൽ പോലും ബിഗ്‌ബോസ് പോലൊരു ഗെയിമിൽ ആ മസാല ഒരുപാടൊന്നും വേവില്ല എന്നുവേണം കരുതാൻ. അക്കാര്യം ഉറപ്പുവരുത്താനുള്ള പടക്കോപ്പുകളുമായാണ് ആ ഷോ കാലങ്ങളായി നടന്നുപോരുന്നത്. എന്നാലും, സ്ത്രീവിരുദ്ധതയാണ് തന്റെ കരുത്തെന്ന് തുടക്കത്തിലേറെ പ്രഖ്യാപിക്കാനും ഹൗസിലെത്തിയതിനു പിന്നാലെ അതിനുള്ള വെള്ളം വാങ്ങിവെക്കാനും മൽസരാർത്ഥികൾക്ക് അവകാശമുണ്ട്. പക്ഷേ, പി ആർ ടീമുകളും ആർമികളും വോട്ടിംഗ് പ്രചാരണങ്ങളും സോഷ്യൽ മീഡിയയിലെ കടുംവെട്ട് കമന്റുകളും യൂ ട്യൂബ് ചാനലുകളിലെ ആരാധന വഴിഞ്ഞൊഴുകുന്ന വിശകലനങ്ങളുമെല്ലാം ആ വഴിക്ക് നീങ്ങിയാലും സ്ത്രീവിരുദ്ധത എന്ന കീവേഡ് പൊലിക്കുമെന്ന് ഉറപ്പുപറയാനാവാത്ത ഒരു ആന്തരിക ബലം ആ ഗെയിം അകമേ സൂക്ഷിക്കുന്നുണ്ട്. സ്ത്രീവിരുദ്ധതയാണ് എന്റെ കരുത്തെന്ന് ആദ്യമേ പ്രഖ്യാപിച്ച മൽസരാർത്ഥിയാണോ തന്ത്രപരമായ നീക്കങ്ങളിലൂടെ ഇതിനെ പൊളിച്ച് പ്രേക്ഷകരുടെ മനസ്സിളക്കുന്ന മറ്റാരെങ്കിലും ആയിരിക്കുമോ ഇത്തവണ കപ്പടിക്കുക എന്ന് കണ്ടറിയണം.
കാര്യം എന്തായാലും ഒരു കാര്യം ഉറപ്പാണ്. ബിഗ്‌ബോസിനു പഠിക്കുന്നവർ ഒരു കാര്യം കൂടി ശ്രദ്ധിച്ചു മനസ്സിലാക്കണം. ആ ഷോയിൽ കുറുക്കു വഴികളില്ല. കാണാപ്പാഠം പഠിക്കുന്നവർക്ക് പിടികൊടുക്കുന്നതല്ല അതിന്റെ പ്രവചനാതീത സ്വഭാവം. അതു തന്നെയാവണം, പരിചയപ്പെടുത്തുന്ന സമയത്ത്, അനീഷിനോട് രണ്ടാമതും സ്ത്രീവിരുദ്ധതയുടെ കാര്യം പറയുമ്പോൾ മോഹൻലാലിന്റെ മുഖത്ത് വിരിഞ്ഞ ആ കള്ളച്ചിരി. 'ഇതൊക്കെ എത്ര കണ്ടതാ മോനെ' എന്നായിരിക്കുമോ ആ ചിരിയുടെ അർത്ഥം?
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ