Latest Videos

അപ്‍സര എന്തുകൊണ്ട് പുറത്തായി? സര്‍പ്രൈസ് എവിക്ഷന് പിന്നിലെ 5 കാരണങ്ങള്‍

By Nirmal SudhakaranFirst Published May 25, 2024, 11:12 PM IST
Highlights

ഏറെ ദൂരം പോകുമെന്ന് ആദ്യം മുതല്‍ തോന്നല്‍ സൃഷ്ടിച്ച അപ്സര രത്നാകരന്‍ ഈ അന്തിമഘട്ടത്തില്‍ ബിഗ് ബോസിനോട് വിട പറയുന്നത് എന്തുകൊണ്ടാവും? കാരണങ്ങള്‍

19 മത്സരാര്‍ഥികളുമായി ബിഗ് ബോസ് മലയാളം സീസണ്‍ 6 ആരംഭിച്ചപ്പോള്‍ അക്കൂട്ടത്തില്‍ പ്രേക്ഷകരുടെ പരിചിതമുഖങ്ങളിലൊന്നായിരുന്നു അപ്സര രത്നാകരന്‍. സാന്ത്വനം എന്ന ജനപ്രിയ പരമ്പരയിലെ ജയന്തി എന്ന കഥാപാത്രം തന്നെ അതിന് കാരണം. മിനിസ്ക്രീനില്‍ ജനപ്രിയരായ പലരും ബിഗ് ബോസ് മലയാളത്തിന്‍റെ മുന്‍ സീസണുകളില്‍ എത്തിയിട്ടുണ്ട്. പക്ഷേ പ്രതിച്ഛായയെക്കുറിച്ചുള്ള അമിത ശ്രദ്ധയാല്‍ ബിഗ് ബോസില്‍ സ്വയം അടയാളപ്പെടുത്താനും അതില്‍ ഭൂരിഭാഗത്തിനും കഴിയാതെപോയി. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തയായിരുന്നു അപ്സര. എതിരഭിപ്രായങ്ങള്‍ ആരുടെ മുഖത്ത് നോക്കിയും പറയാന്‍ മടി കാട്ടാത്ത, ഗെയിമുകളും ടാസ്കുകളുമൊക്കെ വിജയിക്കാന്‍ അങ്ങേയറ്റം അധ്വാനിക്കുന്ന, ഗെയിം സ്പിരിറ്റ് ഉള്ള ബിഗ് ബോസ് മെറ്റീരിയല്‍ തന്നെയെന്ന് അപ്‍സര തുടക്കത്തില്‍ത്തന്നെ തോന്നലുണര്‍ത്തി. ടോപ്പ് 5 പ്രെഡിക്ഷന്‍ ലിസ്റ്റുകളില്‍ മിക്കപ്പോഴും ഒഴിവാക്കാനാവാത്ത സാന്നിധ്യമായി. എന്നാല്‍ നിരവധി സര്‍പ്രൈസുകള്‍ ഇതിനകം സംഭവിച്ച സീസണ്‍ 6 ലെ മറ്റൊരു സര്‍പ്രൈസ് ആയി അപ്സര എവിക്റ്റഡ് ആയിരിക്കുകയാണ്. ഏറെ ദൂരം പോകുമെന്ന് ആദ്യം മുതല്‍ തോന്നല്‍ സൃഷ്ടിച്ച അപ്സര രത്നാകരന്‍ ഈ അന്തിമഘട്ടത്തില്‍ ബിഗ് ബോസിനോട് വിട പറയുന്നത് എന്തുകൊണ്ടാവും? കാരണങ്ങള്‍ പരിശോധിക്കാം.

കുതിച്ച ഗ്രാഫ്, പക്ഷേ...

രതീഷ് കുമാറും റോക്കിയുമൊക്കെ ചേര്‍ന്ന് ബഹളമയമാക്കിയ തുടക്കമായിരുന്നു സീസണ്‍ 6 ന്‍റേത്. വലിയ ബഹളം സൃഷ്ടിക്കുന്നതാണ് ബിഗ് ബോസില്‍ ക്യാമറ സ്പേസ് നേടാന്‍ ചെയ്യേണ്ടതെന്ന് തെറ്റായി മനസിലാക്കിയ മത്സരാര്‍ഥികള്‍ ആവശ്യത്തിനും അനാവശ്യത്തിനും പോരുണ്ടാക്കിയ സമയം. പ്രേക്ഷകര്‍ക്ക് മുന്നില്‍ സ്വയം അടയാളപ്പെടുത്തുക ഏറ്റവും ദുഷ്കരമായിരുന്ന ആ ഘട്ടത്തില്‍ത്തന്നെ ഒരു മത്സരാര്‍ഥി എന്ന നിലയില്‍ അപ്സര കാണികളുടെ ശ്രദ്ധ നേടി. റോക്കി ഉള്‍പ്പെടെ ശക്തരായ മത്സരാര്‍ഥികളുമായുണ്ടായ സംഘര്‍ഷമുഖങ്ങളിലടക്കം കൃത്യം മറുപടി നല്‍കിയാണ് താന്‍ ഒരു ബിഗ് ബോസ് മെറ്റീരിയല്‍ ആണെന്ന പ്രതീക്ഷ അപ്സര ആദ്യം സൃഷ്ടിക്കുന്നത്. രണ്ടാം ആഴ്ചയിലെ ക്യാപ്റ്റന്‍ ആവുകയും ബിഗ് ബോസില്‍ നിന്ന് ബെസ്റ്റ് ക്യാപ്റ്റന്‍ ടാഗ് ലഭിക്കുകയും ചെയ്തു. ഓരോ ആഴ്ച മുന്നോട്ട് പോകുന്തോറും ഗ്രാഫ് കൃത്യമായി ഉയര്‍ത്തുന്ന അപ്സരയെയാണ് ആദ്യ നാല് ആഴ്ചകളില്‍ കണ്ടത്. ഒരു മാസത്തിനിപ്പുറമാണ് അപ്സരയുടെ മുകളിലേക്ക് പോയിരുന്ന ഗ്രാഫില്‍ചില മാറ്റങ്ങള്‍ സംഭവിക്കുന്നത്.

 

വരുന്നു വൈല്‍ഡ് കാര്‍ഡുകള്‍

കാര്യമായ സംഭവവികാസങ്ങള്‍ ഇല്ലെന്നും ബോറടിക്കുന്നുവെന്നുമൊക്കെ തുടക്കത്തില്‍ പ്രേക്ഷകാഭിപ്രായം വന്ന സീസണാണ് ഇത്. ഇതിന് ഒരു മാറ്റം കൊണ്ടുവരാനുള്ള ബിഗ് ബോസിന്‍റെ ശ്രമമായിരുന്നു അഞ്ചാം വാരം ആറ് വൈല്‍ഡ് കാര്‍ഡുകളെ ഒരുമിച്ച് കയറ്റിവിട്ടത്. വൈല്‍ഡ് കാര്‍ഡുകളുടെ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ബിഗ് ബോസിന് കാര്യമായി പിഴച്ചില്ലെന്ന് മാത്രമല്ല, ഷോയുടെ ഗ്രാഫ് അത് കാര്യമായി ഉയര്‍ത്തുകയും ചെയ്തു. ഒരു മാസത്തെ ഷോ കണ്ട് വന്നവരില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍ മത്സരാര്‍ഥികളെ സംബന്ധിച്ച് ഏറെ പ്രധാനമാണെന്നിരിക്കെ അപ്സരയ്ക്ക് അവരില്‍ നിന്ന് ലഭിച്ചത് പോസിറ്റീവ് അഭിപ്രായങ്ങളായിരുന്നു. സിബിന്‍ ഉള്‍പ്പെടെയുള്ളവര്‍ അപ്സരയെ വാക്കുകളില്‍ അടയാളപ്പെടുത്തിയത് മികവ് പുലര്‍ത്തുന്ന മത്സരാര്‍ഥി എന്നായിരുന്നു. വൈല്‍ഡ് കാര്‍ഡുകളുടെ എന്‍ട്രി അസ്പരയുടെ മുന്നോട്ടുള്ള യാത്രയില്‍ രണ്ട് തരത്തിലുള്ള ഭീഷണി സൃഷ്ടിച്ചു.

ഒന്ന് അവരുടെ വാക്കുകള്‍ സൃഷ്ടിച്ച അമിത ആത്മവിശ്വാസമാണ്. സ്വന്തം ഗെയിമിലെ ശ്രദ്ധ അല്‍പം കുറയാന്‍ ഇത് ഇടയാക്കി. രണ്ട്, വൈല്‍ഡ് കാര്‍ഡുകളായി വന്നവരില്‍ മിക്കവരും മികച്ച മത്സരാര്‍ഥികളോ ഏതെങ്കിലും തരത്തില്‍ പ്രേക്ഷകശ്രദ്ധയും പ്രീതിയും നേടുന്നവരോ ആയിരുന്നു (അവശേഷിക്കുന്ന 11 മത്സരാര്‍ഥികളില്‍ 3 പേരും വൈല്‍ഡ് കാര്‍ഡുകളാണ്). ഒരേ പാറ്റേണില്‍ പൊയ്ക്കൊണ്ടിരുന്ന ബിഗ് ബോസിലെ ഗെയിം പെട്ടെന്ന് ഷിഫ്റ്റ് ചെയ്യാന്‍ ശ്രമിച്ച ആളായിരുന്നു സിബിന്‍. പവര്‍ റൂമിനെ വേറിട്ട രീതിയില്‍ സമീപിച്ചത് ഉദാഹരണം. വസ്തുതാപരമായി സംസാരിക്കുന്ന പൂജയും സായിയും, രണ്ട് അഭിഷേകുമാര്‍ക്കിടയിലെ അടി ഇതിലേക്കൊക്കെ പ്രേക്ഷകശ്രദ്ധ പോയ ഒന്ന്, രണ്ട് ആഴ്ചകളായിരുന്നു അത്. അതുവരെ നിലനിര്‍ത്തിയിരുന്ന പ്രേക്ഷകശ്രദ്ധ അപ്സരയ്ക്ക് നഷ്ടപ്പെട്ട് തുടങ്ങുന്നതും ഇവിടെയാണ്.

 

ബന്ധുക്കള്‍ ശത്രുക്കള്‍

വ്യക്തികള്‍ക്കിടയിലെ ബന്ധങ്ങള്‍ തുടര്‍ച്ചയായി പരീക്ഷിക്കപ്പെടുന്ന ഇടമാണ് ബിഗ് ബോസ് ഹൗസ്. സുഹൃത്തുക്കള്‍ ശത്രുക്കളാവാനും ശത്രുക്കള്‍ സുഹൃത്തുക്കളാവാനും അവിടെ സമയം അധികം വേണ്ട. ഹൗസില്‍ അപ്സര പലപ്പോഴായി സൗഹൃദം സൂക്ഷിച്ചവര്‍ ശരണ്യ, ശ്രീതു, റസ്മിന്‍, അന്‍സിബ ഇവര്‍ ആയിരുന്നു. ഇതില്‍ ആ സൗഹൃദം ഉടയാതിരുന്നത് റസ്മിനുമായുള്ളത് മാത്രമാണ്. ഇതില്‍ അപ്സരയില്‍ നിന്ന് ആദ്യം അകലം പാലിച്ചത് അന്‍സിബ ആയിരുന്നു. ഹൗസില്‍ അപ്സരയുമായി ഏറ്റവുമധികം ഏറ്റുമുട്ടലുകള്‍ നടത്തിയ ഋഷി എതിര്‍സ്ഥാനത്തേക്ക് നീങ്ങാന്‍ കാരണവും അന്‍സിബയുമായി ഋഷിക്കുള്ള അടുത്ത സൗഹൃദമാണ്. ഹൗസിലെ ടാസ്കുകളിലും ഗെയിമുകളിലുമൊക്കെ സ്വന്തം ടീമിന് എപ്പോഴും പ്രചോദനം നല്‍കുന്ന ആളായിരുന്നു അപ്സര. എന്നാല്‍ ആഴ്ചകള്‍ കടന്നുപോയപ്പോള്‍ അവസാനം മികച്ച പ്രകടനങ്ങളുടെ ക്രെഡിറ്റ് അപ്സര തട്ടിയെടുക്കുന്നുവെന്ന് വിമര്‍ശനമുന്നയിച്ചത് അടുത്ത സുഹൃത്തായ ശരണ്യ ആയിരുന്നു. അത് വെറുമൊരു വിമര്‍ശനമല്ലാതെ കാര്യകാരണസഹിതം തെളിയിക്കാന്‍ ശരണ്യ പലപ്പോഴും ശ്രമിച്ചു. പ്രേക്ഷകര്‍ക്കിടയില്‍ അപ്സരയെക്കുറിച്ച് നെഗറ്റീവ് റിമാര്‍ക്ക് സൃഷ്ടിക്കാന്‍ ഇടയാക്കിയ കാരണങ്ങളിലൊന്നായിരുന്നു ഇത്.

ഇമോഷണല്‍ ബ്രേക്ക് ഡൗണ്‍

ആഴ്ചകളോളം ഉറ്റവരില്‍ നിന്ന് മാറി, പുറംലോകവുമായി ബന്ധമൊന്നുമില്ലാതെ കഴിയുക എന്നത് മത്സരാര്‍ഥികള്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ്. എത്ര കരുത്തരെന്ന് കരുതുന്നവരും ഇടയ്ക്ക് വൈകാരികമായി തളരാറുണ്ട്. അത്തരമൊരു ഘട്ടത്തിലൂടെ ബിഗ് ബോസില്‍ അപ്സരയും കടന്നുപോയിട്ടുണ്ട്. വീക്കെന്‍ഡ് എപ്പിസോഡില്‍ മോഹന്‍ലാല്‍ തന്നെ ഒരിക്കല്‍ ഇതേക്കുറിച്ച് ചോദിച്ചിരുന്നു. റസ്മിനുമായുള്ള അടുത്ത സൗഹൃദം അപ്സര ആരംഭിക്കുന്നതും ഇതേത്തുടര്‍ന്നാണ്. സഹമത്സരാര്‍ഥിയുടെ മാനസികമായ പ്രയാസങ്ങള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കുന്ന, കൃത്യമായ ഉപദേശങ്ങള്‍ കൊടുക്കുന്ന സുഹൃത്തുക്കളായി ഇരുവരും മാറി. ആ മാനസികമായ തളര്‍ച്ചയില്‍ നിന്ന് അപ്സര കര കയറിയെങ്കിലും കരുത്തയായ മത്സരാര്‍ഥിയെന്ന, അതുവരെയുള്ള ഇമേജില്‍ നിന്നുള്ള മാറ്റമായിരുന്നു അത്.

 

നോ-സൂപ്പര്‍സ്റ്റാര്‍ സീസണ്‍

75 ദിവസം പിന്നിട്ടിട്ടും ഒരു താരോദയം ഉണ്ടായിട്ടില്ല എന്നത് ഈ സീസണിന്‍റെ പ്രത്യേകതയാണ്. ബിഗ് ബോസ് മലയാളത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സാഹചര്യം. ജനപ്രീതിയുടെ ചെറിയ ഏറ്റക്കുറച്ചിലുകള്‍ക്കിടയില്‍ നിരവധി മത്സരാര്‍ഥികളുണ്ട് എന്നത് ഓരോ മത്സരാര്‍ഥിക്കും വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ഓരോ ആഴ്ചത്തെ പ്രകടനവും അതിനാല്‍ അതിപ്രധാനമാവുന്നു. സൂപ്പര്‍സ്റ്റാര്‍ പരിവേഷത്തിലേക്ക് ഒരാളും എത്താത്ത സാഹചര്യത്തില്‍ ഏകദേശം ഒരേ റേറ്റിംഗില്‍ നില്‍ക്കുന്ന മത്സരാര്‍ഥികള്‍ക്കിടയില്‍ വോട്ടിംഗിനായി വലിയ മത്സരമാണ് നടക്കുന്നത്. അത് നമ്മള്‍ അറിയുന്നത് ഇത്തരത്തിലുള്ള എവിക്ഷനുകളുടെ സമയത്താണെന്ന് മാത്രം. റസ്മിന്‍റെ എവിക്ഷന് ശേഷം പുതിയ നോമിനേഷന്‍ ലിസ്റ്റ് പ്രഖ്യാപിക്കാതെ മുന്‍ ലിസ്റ്റ് തുടരുകയായിരുന്നു ബിഗ് ബോസ്. ഇതും മത്സരാര്‍ഥികള്‍ക്ക് വെല്ലുവിളി സൃഷ്ടിച്ച കാര്യമാണ്. റസ്മിന്‍റെ എവിക്ഷന് മുന്‍പ് എവിക്റ്റ് ആയത് അപ്സരയാണെന്ന് പറഞ്ഞുകൊണ്ട് അപ്സരയുടെ ഭര്‍ത്താവ് ആല്‍ബി ഫ്രാന്‍സിസ് ബിഗ് ബോസ് ഗ്രൂപ്പില്‍ ഇട്ട പോസ്റ്റ് പ്രേക്ഷകരില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. അവസാനദിവസങ്ങളിലെ പ്രേക്ഷക വോട്ടിംഗിനെ നേരിട്ട് സ്വാധീനിക്കാന്‍ സാധ്യതയുള്ള കാര്യമായി മാറി ഇത്.

ALSO READ : വാശിയേറിയ മത്സരം; ബിഗ് ബോസ് സീസണ്‍ 6 ലെ അവസാന ക്യാപ്റ്റനെ പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!