
സിനിമകളുടെ ജയപരാജയങ്ങള്‍ അത്രയും അപ്രവചനീയമാണ്. വലിയ പ്രീ റിലീസ് പബ്ലിസിറ്റിയും ഹൈപ്പുമായി എത്തിയ പല ചിത്രങ്ങളും ആദ്യ ദിനം തന്നെ പ്രേക്ഷകവിധിയുടെ ചൂടറിഞ്ഞ് പരാജയത്തിന്റെ പടുകുഴിയിലേക്ക് പോയപ്പോള്‍ യാതൊരു ഹൈപ്പുമില്ലാതെവന്ന് മൗത്ത് പബ്ലിസിറ്റിയില്‍ പിടിച്ച് സര്‍പ്രൈസ് ഹിറ്റ് അടിച്ച ചിത്രങ്ങളുമുണ്ട്. എല്ലാ കാലത്തും അത്തരം ജയപരാജയങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇന്റര്‍നെറ്റിന്റെയും സോഷ്യല്‍ മീഡിയയുടെയും ഇക്കാലത്ത് മൗത്ത് പബ്ലിസിറ്റിയുടെ സ്വാധീനം പതിന്മടങ്ങ് വലുതാണെന്ന് മാത്രം. വന്‍ പ്രീ റിലീസ് ശ്രദ്ധ നേടി എത്തി, ആദ്യ ഷോകള്‍ക്കിപ്പുറം പ്രേക്ഷകരുടെ വലിയ വിമര്‍ശനങ്ങള്‍ക്ക് പാത്രങ്ങളായ 10 സിനിമകളാണ് ചുവടെ.
ഇന്ത്യന്‍ 2
വലിയ പ്രേക്ഷക സ്വീകാര്യത നേടിയ ഒരു ചിത്രത്തിന്റെ (ഇന്ത്യന്‍) 28 വര്‍ഷങ്ങള്‍ക്ക് ഇപ്പുറമെത്തുന്ന സീക്വല്‍ എന്നതായിരുന്നു ഇന്ത്യന്‍ 2 ന്റെ പ്രീ റിലീസ് ഹൈപ്പ്. എന്നാല്‍ ഒറ്റ ഷോയോടെ പ്രേക്ഷകര്‍ ചിത്രത്തിന്റെ വിധിയെഴുതി. അങ്ങനെ ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ ഭാവിയും അവതാളത്തിലായി. തന്നിലെ സംവിധായകന് കാലഹരണപ്പെട്ടിട്ടില്ലെന്ന് തെളിയിക്കേണ്ട ബാധ്യത നിലവില്‍ ഷങ്കറിന് കൊടുത്തിട്ടുമുണ്ട് പ്രേക്ഷകര്‍. ഒടിടിയില്‍ എത്തിയപ്പോഴും പ്രേക്ഷകരുടെ പരിഹാസമാണ് ചിത്രം നേരിട്ടത്.
ബഡേ മിയാന്‍ ഛോട്ടേ മിയാന്‍
ബോളിവുഡില്‍ ഒരു കാലത്ത് വിജയ ചിത്രങ്ങളുടെ പോസ്റ്റര്‍ ബോയ് ആയിരുന്ന അക്ഷയ് കുമാറിന്റെ വര്‍ത്തമാനകാലം പക്ഷേ പരാജയങ്ങളുടേതാണ്. അതില്‍ത്തന്നെ സമീപകാലത്തെ ഏറ്റവും വലിയ പരാജയമായിരുന്നു ബഡേ മിയാന്‍ ഛോട്ടേ മിയാന്‍. അക്ഷയ് കുമാറും ടൈഗര്‍ ഷ്രോഫും ടൈറ്റില്‍ റോളുകളിലെത്തിയ ചിത്രത്തില്‍ പ്രതിനായകനായെത്തിയത് പൃഥ്വിരാജ് ആയിരുന്നു. 350 കോടി ബജറ്റില്‍ എത്തിയ ചിത്രം അതിന്റെ ആറിലൊന്ന് മാത്രമാണ് ബോക്സ് ഓഫീസില്‍ കളക്റ്റ് ചെയ്തത്.
കിംഗ് ഓഫ് കൊത്ത
മറുഭാഷാ പ്രേക്ഷകരുടെയും ശ്രദ്ധ ഇതിനകം നേടിയ ദുല്‍ഖര്‍ സല്‍മാന്റെ മലയാളത്തില്‍ നിന്നുള്ള പാന്‍ ഇന്ത്യന്‍ ചിത്രം എന്ന തരത്തില്‍ മാര്‍ക്കറ്റ് ചെയ്യപ്പെട്ട ചിത്രമായിരുന്നു കിംഗ് ഓഫ് കൊത്ത. ജോഷിയുടെ മകന് അഭിലാഷ് ജോഷിയുടെ സംവിധാന അരങ്ങേറ്റവുമായിരുന്നു ഈ ചിത്രം. എന്നാല്‍ ആദ്യ ഷോകള്‍ക്കിപ്പുറം തന്നെ ഈ ചിത്രത്തിന്റെ വിധി തീരുമാനിക്കപ്പെട്ടു. ഹൈപ്പ് എത്ര ഉയര്ന്നിരുന്നുവോ അത് മുന്നോട്ടുപോക്കിനെ നെഗറ്റീവ് ആയി ബാധിച്ചു.
ആദിപുരുഷ്
ബാഹുബലി ഫ്രാഞ്ചൈസിയുടെ സ്വപ്നസമാനമായ വിജയം പ്രഭാസിനെ ഒട്ടൊന്നുമല്ല സമ്മര്‍ദ്ദപ്പെടുത്തിയത്. അദ്ദേഹം നായകനാവുന്ന പ്രോജക്റ്റുകളൊന്നും ചെറിയ ബജറ്റുകളിലോ കാന്വാസുകളിലോ പിന്നീടിങ്ങോട്ട് ആലോചിക്കപ്പെട്ടിട്ടുപോലുമില്ല. എന്നാല്‍ ബാഹുബലിക്ക് ശേഷം തുടര്‍ പരാജയങ്ങളാണ് അദ്ദേഹത്തെ കാത്തിരുന്നത്. അതില്‍ പ്രധാനമായിരുന്നു ആദിപുരുഷ്. വമ്പന്‍ ബജറ്റിലെത്തിയ ചിത്രത്തിന് പ്രഭാസിന്റെ സാന്നിധ്യം നല്കിയ ഇനിഷ്യല്‍ ഉണ്ടായിരുന്നെങ്കിലും പ്രേക്ഷക സ്വീകാര്യതയില്‍ അമ്പേ പരാജയപ്പെട്ടു.
തേജസ്
നായികമാര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രങ്ങള്‍ ഇന്ത്യന്‍ സിനിമയില്‍ വല്ലപ്പോഴുമാണ് ഉണ്ടാവാറ്. അത്തരം ചിത്രങ്ങളുടെ ബോക്സ് ഓഫീസിലെ സ്ട്രൈക്ക് റേറ്റ് വളരെ കുറവുമാണ്. വലിയ ബജറ്റിലും കാന്‍വാസിലും നായികാപ്രാധാന്യമുള്ള ചിത്രങ്ങള്‍ ഇറങ്ങുന്നതും അതിനാല്‍ത്തന്നെ കുറവാണ്. അതിനൊരു അപവാദമായിരുന്നു കങ്കണ റണൗത്തിനെ പ്രധാന കഥാപാത്രമാക്കി ശര്‍വേഷ് മെവാര സംവിധാനം ചെയ്ത് 2023 ല്‍ എത്തിയ തേജസ്. പക്ഷേ വന്‍ പരാജയമായി ഈ ചിത്രം. 60 കോടി ബജറ്റിലെത്തിയ ചിത്രം നേടിയത് വെറും 6 കോടിയാണ്!
ബാന്ദ്ര
സമീപകാലത്ത് ദിലീപ് ചിത്രങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന തുടര്‍ പരാജയങ്ങളില്‍ ഒന്ന്. പക്ഷേ രാമലീലയിലൂടെ ദിലീപിന് ഹിറ്റ് കൊടുത്ത അരുണ്‍ ഗോപി, ഹിറ്റുകളുടെ തിരക്കഥാകൃത്തായ ഉദയകൃഷ്ണയുടെ രചനയില്‍ ചെയ്യുന്ന ചിത്രം എന്ന ഹൈപ്പ് ബാന്ദ്രയ്ക്ക് ഉണ്ടായിരുന്നു. എന്നാല്‍ ചിത്രം പ്രേക്ഷകര്‍ തള്ളിക്കളഞ്ഞു.
ഗോള്‍ഡ്
പ്രേമം എന്ന മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ ചിത്രങ്ങളിലൊന്ന് ഒരുക്കിയ അല്‍ഫോന്‍സ് പുത്രന് ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ചെയ്യുന്ന ചിത്രം എന്നത് മാത്രം മതിയായിരുന്നു ഗോള്ഡിന് ഹൈപ്പ് സൃഷ്ടിക്കാന്‍. പക്ഷേ പൃഥ്വിരാജ് നായകനായ ഈ ചിത്രം പ്രേക്ഷകപ്രീതി നേടുന്നതില്‍ അമ്പേ പരാജയപ്പെട്ടു. ഹൈപ്പ് വലുതായിരുന്നതിനാല്ത്തന്നെ പ്രേക്ഷകരുടെ ഭാഗത്തുനിന്നുള്ള പരിഹാസങ്ങള്‍ക്കും മൂര്‍ച്ച കൂടുതലായിരുന്നു.
മരക്കാര്‍: അറബിക്കടലിന്റെ സിംഹം
മലയാളത്തില്‍ അതുവരെ ഇറങ്ങിയതില്‍ ഏറ്റവും ചെലവേറിയ ചിത്രമെന്ന പബ്ലിസിറ്റിയോടെ ഇറങ്ങിയ മരക്കാറിന്റെ ബജറ്റ് 100 കോടി ആയിരുന്നു. മോഹന്‍ലാലിന് ഒട്ടേറെ ഹിറ്റുകള്‍ നല്കിയ പ്രിയദര്‍ശന്റെ സംവിധാനവും. എപിക് ഹിസ്റ്റോറിക്കല്‍ ആക്ഷന്‍ ഗണത്തില്‍ പെട്ട ചിത്രം പക്ഷേ പ്രേക്ഷകപ്രീതി നേടുന്നതില്‍ പരാജയപ്പെട്ടു. അതേസമയം ദേശീയ, സംസ്ഥാന അവാര്‍ഡുകളില്‍ മൂന്ന് പുരസ്കാരങ്ങള്‍ വീതം ചിത്രം സ്വന്തമാക്കി.
ഗ്യാങ്സ്റ്റര്‍
സോള്‍ട്ട് ആന്‍ഡ് പെപ്പറും 22 ഫീമെയില്‍ കോട്ടയവും ഇടുക്കി ഗോള്‍ഡുമൊക്കെ ചെയ്ത് ആഷിക് അബു തിളങ്ങിനില്‍ക്കുന്ന കാലത്താണ് മമ്മൂട്ടിയെ നായകനാക്കി അദ്ദേഹം ഗ്യാങ്സ്റ്റര്‍ ഒരുക്കുന്നത്. ചിത്രം പ്രീ റിലീസ് പബ്ലിസിറ്റി മെറ്റീരിയലുകള്‍ക്കൊക്കെ വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. 2014 ല്‍ എത്തിയ ചിത്രമാണിത്. എന്നാല്‍ സോഷ്യല്‍ മീഡിയ ഇത്രയും സജീവമല്ലാത്ത കാലത്ത് പോലും ആദ്യദിനം തന്നെ തിയറ്ററുകളില്‍ ചിത്രം വീണു.
കാസനോവ
വന്‍ ഹൈപ്പുമായി വന്ന് വലിയ പരാജയം നേടിയ ചിത്രങ്ങളെടുത്താല്‍ മലയാളത്തില്‍ നിന്ന് കാസനോവയും (2012) ഉണ്ടാവും. ബോബി- സഞ്ജയ്യുടെ തിരക്കഥയില്‍ റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രം റൊമാന്റിക് ആക്ഷന്‍ ത്രില്ലര്‍ ആയിരുന്നു. മോഹന്‍ലാലിനെ സ്റ്റൈലിഷ് ആയി അവതരിപ്പിക്കാന്‍ ശ്രമിച്ച ഈ ബിഗ് ബജറ്റ് ചിത്രത്തിന് പക്ഷേ പ്രേക്ഷകപ്രീതി നേടാനായില്ല.
ALSO READ : നവാഗത സംവിധായകന്റെ ചിത്രം; 'ഈ ബന്ധം സൂപ്പറാ' തിയറ്ററുകളിലേക്ക്
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ