
റഹ്‍മാന്‍ കേന്ദ്ര കഥാപാത്രമായി എത്തിയ മലയാളം വെബ് സിരീസ് 1000 ബേബീസിന് പ്രേക്ഷകരുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്‍റെ മലയാളത്തിലെ അഞ്ചാമത്തെ സിരീസ് ആയ 1000 ബേബീസ് സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. ഇന്നലെ ആയിരുന്നു സിരീസിന്‍റെ പ്രീമിയര്‍. ഇപ്പോഴിതാ ഒറ്റ ദിവസത്തിനിപ്പുറം സോഷ്യല്‍ മീഡിയയില്‍ കാര്യമായി ചര്‍ച്ച സൃഷ്ടിച്ചിരിക്കുകയാണ് ഈ സിരീസ്.
എപ്പിസോഡുകള്‍ മുന്നോട്ട് പോകുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന സസ്പെന്‍സിനെക്കുറിച്ചും സാങ്കേതിക മികവിനെക്കുറിച്ചും പിഴവറ്റ തിരക്കഥയെക്കുറിച്ചും ഒപ്പം അഭിനേതാക്കളുടെ പ്രകടനത്തെക്കുറിച്ചുമൊക്കെ ഫേസ്ബുക്കിലും എക്സിലും നിരവധി പോസ്റ്റുകള്‍ എത്തുന്നുണ്ട്. കേന്ദ്ര കഥാപാത്രമായ സിഐ അജി കുര്യനെ അവതരിപ്പിച്ചിരിക്കുന്ന റഹ്‍മാനും വലിയ കൈയടി ലഭിക്കുന്നുണ്ട്. പുതിയ കാലത്തെ പ്രേക്ഷകരുടെ സെന്‍സിബിലിറ്റിക്കനുസരിച്ച് റഹ്‍മാനെ ഏറ്റവും നന്നായി അവതരിപ്പിച്ചിരിക്കുന്നത് ഈ സിരീസില്‍ ആണെന്നാണ് പല പ്രേക്ഷകരും കുറിക്കുന്നത്. ഒപ്പം ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന നീന ഗുപ്തയ്ക്കും സഞ്ജു ശിവറാമിനും അഭിനന്ദനങ്ങള്‍ നല്‍കുന്നുണ്ട് കാണികള്‍.
നജീം കോയ സംവിധാനം ചെയ്തിരിക്കുന്ന സിരീസിന്‍റെ രചന നജീം കോയയും അറൗസ് ഇർഫാനും ചേർന്നാണ്. ജോയ് മാത്യു, രാധിക രാധാകൃഷ്ണൻ, അശ്വിൻ കുമാർ, ഇർഷാദ് അലി, ഷാജു ശ്രീധർ, കലേഷ് രാമാനന്ദ്, ശ്രീകാന്ത് മുരളി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഓഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശനും ആര്യയും ചേർന്നാണ് നിര്‍മ്മാണം. മലയാളത്തിനൊപ്പം തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, ബംഗാളി, മറാത്തി ഭാഷകളിലും സിരീസ് എത്തിയിട്ടുണ്ട്. തമിഴ് അടക്കമുള്ള പ്രേക്ഷകരില്‍ നിന്ന് പ്രതികരണങ്ങള്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. ഭാഷാഭേദമന്യെ ആരാധകരുള്ള ത്രില്ലര്‍ ജോണര്‍ ആയതിനാല്‍ വരും ദിനങ്ങളില്‍ മറുഭാഷാ പ്രേക്ഷകരുടെ കാര്യമായ ശ്രദ്ധ സിരീസ് നേടിയെടുക്കാനുള്ള സാധ്യതയുണ്ട്.
ALSO READ : ഛായാഗ്രഹണം മധു അമ്പാട്ട്; 'മലവാഴി' ചിത്രീകരണം ആരംഭിച്ചു
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ