30-ാമത് ഐഎഫ്എഫ്കെ: ഹോമേജ് വിഭാഗത്തില്‍ വാനപ്രസ്ഥം, നിര്‍മ്മാല്യം, കുട്ടിസ്രാങ്ക് ഉൾപ്പടെ 11 ചിത്രങ്ങള്‍

Published : Dec 07, 2025, 02:56 PM IST
11 films in the 30th IFFK Homage category

Synopsis

30-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ, മൺമറഞ്ഞ ചലച്ചിത്ര പ്രതിഭകൾക്ക് ആദരമർപ്പിച്ച് ഹോമേജ് വിഭാഗത്തിൽ 11 ചിത്രങ്ങൾ പ്രദർശിപ്പിക്കും.

തിരുവനന്തപുരം: ചലച്ചിത്രമേഖലയിലെ മണ്‍മറഞ്ഞ പ്രതിഭാധനരായ വ്യക്തിത്വങ്ങള്‍ക്ക് ആദരവുമായി 30-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള. ഹോമേജ് വിഭാ​ഗത്തിൽ 11 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഡേവിഡ് ലിഞ്ചിന്റെ 'ബ്ലൂ വെല്‍വെറ്റ്', റോബര്‍ട്ട് റെഡ്ഫോര്‍ഡിന്റെ 'ഓള്‍ ദ പ്രസിഡന്റ്സ് മെന്‍', ക്ലോഡിയ കാര്‍ഡിനാലിന്റെ 'എയ്റ്റ് ആന്റ് ഹാഫ്', ഡയാന്‍ കീറ്റണ്‍ന്റെ 'ആനി ഹാള്‍', ശ്യാം ബെനഗലിന്റെ 'ഭൂമിക', എം.ടി വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത 'നിര്‍മ്മാല്യം', 'കടവ്', ഷാജി എന്‍. കരുണിന്റെ 'വാനപ്രസ്ഥം', 'കുട്ടിസ്രാങ്ക്', വയലാര്‍ രാമവര്‍മ്മയ്ക്കും സലില്‍ ചൗധരിയ്ക്കും ആദരമായി 'ചെമ്മീന്‍', ജന്മശതാബ്ദിയോടനുബന്ധിച്ച് ഗുരു ദത്തിന്റെ 'പ്യാസ' എന്നിവയാണ് ഇത്തവണ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രങ്ങള്‍.

അമേരിക്കന്‍ സംവിധായകന്‍ ഡേവിഡ് ലിഞ്ചിന്റെ 1986-ലെ മിസ്റ്ററി ത്രില്ലറാണ് 'ബ്ലൂ വെല്‍വെറ്റ്'. ഉപരിപ്ലവമായ നഗരജീവിതത്തിന് പിന്നിലെ ഇരുണ്ട യാഥാര്‍ത്ഥ്യങ്ങളെ മനഃശാസ്ത്രപരമായ സങ്കീര്‍ണ്ണതകളോടെ തുറന്നുകാട്ടുന്ന ചിത്രം, 1987-ലെ മികച്ച സംവിധായകനുള്ള അക്കാദമി അവാര്‍ഡ് നോമിനേഷന്‍ ലിഞ്ചിന് നേടിക്കൊടുത്തു. നിരവധി അംഗീകാരങ്ങള്‍ ചിത്രം കരസ്ഥമാക്കിയിട്ടുണ്ട്.

അമേരിക്കന്‍ നവതരംഗത്തില്‍ പ്രധാന പങ്കുവഹിച്ച പ്രശസ്ത സംവിധായകനും അഭിനേതാവുമായ റോബര്‍ട്ട് റെഡ്‌ഫോര്‍ഡ് കേന്ദ്ര കഥാപാത്രമായ ചിത്രമാണ് 'ഓള്‍ ദി പ്രെസിഡെന്റ്‌സ് മെന്‍'. അമേരിക്കന്‍ രാഷ്ട്രീയ ചരിത്രത്തിലെ വാട്ടര്‍ഗേറ്റ് വിവാദത്തെ ആസ്പദമാക്കി അലന്‍ ജെ. പാക്കുല സംവിധാനം ചെയ്ത ഈ ചിത്രം 1977 ല്‍ -ലെ മികച്ച സഹനടനുള്ള പുരസ്‌കാരമുള്‍പ്പടെ നാല് ഓസ്‌കര്‍ അവാര്‍ഡുകള്‍ നേടി. തന്റെ മികവുറ്റ പ്രകടനത്തിന് റോബര്‍ട്ട് റെഡ്‌ഫോര്‍ഡ് ബാഫ്ത, ഓസ്‌കര്‍ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ നേടി.

1964-ലെ അക്കാദമി അവാര്‍ഡുകളില്‍ മികച്ച വിദേശഭാഷാ ചിത്രമുള്‍പ്പടെ നിരവധി അംഗീകാരങ്ങള്‍ നേടിയ ഫെഡ്റിക്കൊ ഫെല്ലിനിയുടെ' എയ്റ്റ് ആന്റ് ഹാഫ്'', ഇറ്റാലിയന്‍ അഭിനേത്രി ക്ലോഡിയ കാര്‍ഡിനാലിന് ആദരമായി പ്രദര്‍ശിപ്പിക്കും. കൂടാതെ 1978-ലെ മികച്ച ചിത്രമുള്‍പ്പടെ നാല് ഓസ്‌കര്‍ അവാര്‍ഡുകള്‍ നേടിയ ഡയാന്‍ കീറ്റണ്‍ന്റെ അഞ്ചു ദശാബ്ദങ്ങള്‍ നീണ്ടുനിന്ന ചലച്ചിത്രസപര്യയിലെ പ്രധാനചിത്രങ്ങളിലൊന്നായ 1977-ലെ വൂഡി അലന്‍ ചിത്രം 'ആനി ഹാളും' മേളയില്‍ പ്രദര്‍ശിപ്പിക്കും.

2024 ല്‍ അന്തരിച്ച വിഖ്യാത ബംഗാളി സംവിധായകന്‍ ശ്യം ബെനഗലിന് ആദരമായി ഹന്‍സ വാഡ്ക്കറുടെ ജീവിതത്തെ ആസ്പദമാക്കി അദ്ദേഹം സംവിധാനം നിര്‍വഹിച്ച 'ഭൂമിക' (1977) പ്രദര്‍ശിപ്പിക്കും. മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ച ചിത്രം മികച്ച നടിക്കുള്ള പുരസ്‌കാരം സ്മിത പാട്ടീലിന് നേടിക്കൊടുത്തു. 'നിര്‍മ്മാല്യം' (1973), കടവ്' (1991) എന്നീ ചിത്രങ്ങള്‍ മലയാള സിനിമയുടെ അതുല്യപ്രതിഭ എം.ടി വാസുദേവന്‍ നായര്‍ക്ക് ആദരമായി പ്രദര്‍ശിപ്പിക്കും.

ദരിദ്രനായ ഒരു വെളിച്ചപ്പാടിന്റെയും, മാറ്റം വരുന്ന സാമൂഹിക സാഹചര്യങ്ങളുടെയും കഥ പറയുന്ന 'നിര്‍മ്മാല്യം' മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരമുള്‍പ്പടെനിരവധി ബഹുമതികള്‍ നേടിയിരുന്നു. തോണിക്കാരന്റെ ജീവിതത്തിലൂടെ പുഴയുടെയും മനുഷ്യന്റെയും ബന്ധം ആവിഷ്‌കരിച്ച 'കടവ്' (1991), മികച്ച മലയാള ചിത്രം, മികച്ച തിരക്കഥ എന്നീ ദേശീയ പുരസ്‌കാരങ്ങളും ടോക്കിയോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഏഷ്യ ഫ്യൂച്ചര്‍ പ്രൈസുംനേടിയിട്ടുണ്ട്.

2024 ലെ ജെ.സി. ഡാനിയേല്‍ പുരസ്‌കാര ജേതാവും മണ്മറഞ്ഞ ചലച്ചിത്രപ്രതിഭയുമായ ഷാജി എന്‍.കരുണിന്റെ 'വാനപ്രസ്ഥം' (1999), 'കുട്ടിസ്രാങ്ക്' (2010) എന്നീ ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. കഥകളിയുടെ പശ്ചാത്തലത്തില്‍ കലാകാരന്റെ വ്യക്തിജീവിതത്തിലെ സംഘര്‍ഷങ്ങളെ ആവിഷ്‌കരിച്ച 'വാനപ്രസ്ഥം' കാന്‍ ചലച്ചിത്രമേളയില്‍ 'അണ്‍ സെര്‍ട്ടന്‍ റിഗാര്‍ഡ്' വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുകയും മികച്ച സിനിമയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടുകയും ചെയ്തു. വ്യത്യസ്തരായ സ്ത്രീകളിലൂടെ സ്രാങ്കിന്റെ ജീവിതം അനാവരണം ചെയ്ത 'കുട്ടിസ്രാങ്ക്' മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം അടക്കം നാല് ദേശീയ അവാര്‍ഡുകള്‍ നേടിയിരുന്നു.

വയലാര്‍ രാമവര്‍മയുടെ അന്‍പതാം ചരമവാര്‍ഷികവും സലീല്‍ ചൗധരിയുടെ ജന്മശതാബ്ദിയോടുമനുബന്ധിച്ച് രാമുകാര്യാട്ടിന്റെ 'ചെമ്മീന്‍' (1965) പ്രദര്‍ശിപ്പിക്കും. മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ ആദ്യമലയാള ചിത്രമായ ചെമ്മീന്‍, കടലിന്റെ പശ്ചാത്തലത്തില്‍ അനശ്വരമായ പ്രണയകഥ പറയുന്നു.വിഖ്യാത സംവിധായകന്‍ ഗുരുദത്തിന്റെ ജന്മശതാബ്ദിയില്‍ 'പ്യാസ' (1957) മേളയില്‍ പ്രദര്‍ശിപ്പിക്കും. അംഗീകരിക്കപ്പെടാത്ത ഒരു കവിയുടെ സംഘര്‍ഷഭരിതമായ ജീവിതവും പ്രണയവുമാണ് ചിത്രത്തിന്റെ പ്രമേയം.

PREV
Read more Articles on
click me!

Recommended Stories

'ഇത് സിനിമ മാത്രമല്ല, ലെ​ഗസിയാണ്, വികാരമാണ്'; 'പടയപ്പ' റീ റിലീസ് ​ഗ്ലിംപ്സ് വീഡിയോ എത്തി
സൂര്യയ്‍ക്കൊപ്പം തമിഴ് അരങ്ങേറ്റത്തിന് നസ്‍ലെന്‍, സുഷിന്‍; 'ആവേശ'ത്തിന് ശേഷം ജിത്തു മാധവന്‍