'പറഞ്ഞാലും എഴുതിയാലും തീരാത്ത എത്ര കഥകൾ'; മോഹന്‍ലാലിനൊപ്പമുള്ള അനുഭവം പറഞ്ഞ് '12ത്ത് മാന്‍' തിരക്കഥാകൃത്ത്

By Web TeamFirst Published Oct 7, 2021, 2:06 PM IST
Highlights

ഈ മാസം 3നാണ് ചിത്രം പാക്കപ്പ് ആയത്

ജീത്തു ജോസഫിന്‍റെ (Jeethu Joseph) മോഹന്‍ലാല്‍ (Mohanlal) ചിത്രം 12ത്ത് മാന് (12th Man) തിരക്കഥയൊരുക്കിയിരിക്കുന്നത് കെ ആര്‍ കൃഷ്‍ണകുമാര്‍ (K R Krishna Kumar) ആണ്. സിനിമയുടെ ചിത്രീകരണ സമയത്തെ വ്യക്തിപരമായ മോഹന്‍ലാല്‍ അനുഭവം പങ്കുവെക്കുകയാണ് അദ്ദേഹം. പറഞ്ഞാലും പറഞ്ഞാലും തീരാത്ത നിരവധി കഥകളാണ് മോഹന്‍ലാല്‍ തന്നോട് പങ്കുവച്ചതെന്ന് പറയുന്നു കൃഷ്‍ണകുമാര്‍.

കെ ആര്‍ കൃഷ്‍ ണകുമാര്‍ പറയുന്നു

കഥകളുടെ കെട്ടഴിച്ച ആ രാത്രിയിൽ എന്‍റെ കൗമാര യൗവ്വനങ്ങളെ ത്രസിപ്പിച്ച എത്രയെത്ര കഥാപാത്രങ്ങളാണ് കടന്നു വന്നത്. സോളമൻ, ജയകൃഷ്ണൻ, ബാലൻ, ജീവൻ,  സേതുമാധവൻ, ലാൽ, നെട്ടൂരാൻ, നീലകണ്ഠൻ... എത്ര കഥകളാണ് ലാലേട്ടനിൽ നിന്നും നേരിട്ട് കേൾക്കാൻ ഭാഗ്യമുണ്ടായത്. എന്‍റെ നാട്ടുകാരൻ കൂടിയായ പപ്പേട്ടൻ എന്ന പി പത്മരാജനുമായുള്ള ആത്മബന്ധത്തെക്കുറിച്ച്... മുന്തിരിത്തോപ്പുകളുടെ ഷൂട്ടിംഗ് സമയത്ത് രാത്രി ടാങ്കർ ലോറിയിൽ രണ്ടു പേരും കൂടി കറങ്ങി നടന്നതിനെക്കുറിച്ച്.. മഞ്ഞുകാലം നോറ്റ കുതിര എഴുതാൻ കാരണമായ സംഭവത്തെക്കുറിച്ച്... രണ്ടു മൃഗങ്ങൾ ഏറ്റു മുട്ടുന്നതു പോലെ ഭരതേട്ടന്‍റെ താഴ്വാരത്തിലെ ക്ലൈമാക്സ് സംഘട്ടനം ചിത്രീകരിച്ചതിനെക്കുറിച്ച്... ലാൽസലാമിലെ... വാസ്തുഹാരയിലെ.. സീസണിലെ ഒക്കെ അനുഭവങ്ങൾ. നാടകം ചെയ്തതിനെക്കുറിച്ച്... മാജിക് അവതരിപ്പിച്ചത്... പറഞ്ഞാലും എഴുതിയാലും തീരാത്ത എത്ര കഥകൾ ആ രാത്രിയിൽ പറഞ്ഞു. തന്‍റെ കഥാപാത്രങ്ങളെപ്പോലെ നിമിഷാർദ്ധം കൊണ്ട് മനുഷ്യന്‍റെ ഹൃദയം കൈയ്യേറുന്ന മജീഷ്യൻ. 

 

ഈ മാസം 3നാണ് ചിത്രത്തിന് പാക്കപ്പ് ആയത്. ഒടിടി റിലീസ് ആയെത്തിയ 'ദൃശ്യം 2'നു ശേഷം ജീത്തു ജോസഫും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയത്തേ വലിയ പ്രേക്ഷകശ്രദ്ധ നേടിയ പ്രോജക്റ്റ് ആണിത്. മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ്. ഉണ്ണി മുകുന്ദന്‍, ചന്ദുനാഥ്, രാഹുല്‍ മാധവ്, അനുശ്രീ, അദിതി രവി, ലിയോണ ലിഷോയ്, വീണ നന്ദകുമാര്‍, ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ്, ശാന്തി പ്രിയ, പ്രിയങ്ക നായര്‍, ശിവദ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സതീഷ് കുറുപ്പ് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് വി എസ് വിനായക്. പശ്ചാത്തലസംഗീതം അനില്‍ ജോണ്‍സണ്‍, കലാസംവിധാനം രാജീവ് കോവിലകം, വസ്ത്രാലങ്കാരം ലിന്‍റ ജീത്തു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് അഫ്‌‍താബ് അയൂബ്, സുധീഷ് രാമചന്ദ്രന്‍. ഇടുക്കിയിലെ കുളമാവ് ആയിരുന്നു പ്രധാന ലൊക്കേഷന്‍. 

click me!