
മലയാള സിനിമയിലെ ശാലീന സൗന്ദര്യമായി എല്ലാവരും മുദ്ര കുത്താറുള്ള താരമാണ് ശ്രീവിദ്യ. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലുമെല്ലാം അഭിനയിച്ച ശ്രീവിദ്യ ഇന്നും മായാത്ത ഓർമ്മകളായി സിനിമാപ്രേമികളുടെ മനസിൽ നിറഞ്ഞു നിൽപ്പുണ്ട്. നായികയായും സഹനടിയായുമെല്ലാം മലയാള സിനിമയിൽ നിറഞ്ഞു നിന്ന ശ്രീവിദ്യ ചെയ്ത വേഷങ്ങളെല്ലാം മികച്ചതായി മാറി. വിടപറഞ്ഞ് വര്‍ഷം 16 കഴിയുമ്പോഴും മലയാളികളുടെ ഓര്‍മകളുടെ സ്‍ക്രീനില്‍ ശ്രീവിദ്യ നിറംമങ്ങാതെ നിൽക്കുന്നു.
ചെറുപ്പം മുതലേ സിനിമാലോകത്തേക്ക് എത്തിയ താരമാണ് ശ്രീവിദ്യ. സ്വപ്‌നതുല്യമായൊരു കരിയർ ആയിരുന്നു ശ്രീവിദ്യയുടേത്. ആര്‍ കൃഷ്‍ണമൂര്‍ത്തിയുടേയും സംഗീതജ്ഞയായ എം.എല്‍ വസന്തകുമാരിയുടേയും മകളായി മദ്രാസിലാണ് ശ്രീവിദ്യ ജനിച്ചത്. പൂർണമായും കലാകുടുംബമായിരുന്നു അവരുടേത്. അതുകൊണ്ട് തന്നെ നൃത്തവും സംഗീതവും ശ്രീവിദ്യയുടെ ജീവിതത്തിന്റെ ഭാഗമായി.
'തിരുവുള്‍ ചൊൽവർ' എന്ന തമിഴ് സിനിമയിലൂടെയാണ് ശ്രീവിദ്യ വെള്ളിത്തിരയിൽ എത്തുന്നത്. അതും പതിമൂന്നാമത്തെ വയസിൽ. 1969-ല്‍ എന്‍. ശങ്കരന്‍ നായര്‍ സംവിധാനം ചെയ്ത 'ചട്ടമ്പിക്കവല'യിലൂടെ സത്യന്റെ നായികയായിട്ടായിരുന്നു മലയാള സിനിമയിലെ ശ്രീവിദ്യയുടെ അരങ്ങേറ്റം. പിന്നീടങ്ങോട്ട് മലയാളസിനിമയുടെ മുഖശ്രീയായി ശ്രീവിദ്യ മാറി. കുമാരസംഭവം, ചെണ്ട, അരക്കള്ളൻ മുക്കാൽക്കള്ളൻ, അയലത്തെ സുന്ദരി, രാജഹംസം അനിയത്തി പ്രാവ്, എന്റെ സൂര്യപുത്രി തുടങ്ങി നിരവധി ചിത്രങ്ങൾ. സത്യൻ- ശാരദ, നസീര്‍ - ഷീല ജോഡികള്‍ പോലെ പ്രേക്ഷകരുടെ പ്രിയ ജോഡിയായിരുന്നു മധുവും ശ്രീവിദ്യയും. ഇരുവരും ചേർന്ന് മലയാളത്തിന് സമ്മാനിച്ചത് നിരവധി മനോഹരമായ സിനിമകളാണ്.
1979ൽ ആണ് ശ്രീവിദ്യയുടെ അഭിനയമികവിന് ആദ്യമായി സംസ്ഥാന സർക്കാരിന്റെ അംഗീകാരം ലഭിക്കുന്നത്. 'ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച', 'ജീവിതം ഒരു ഗാനം' എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ മികച്ച നടിക്കുള്ള പുരസ്കാരമായിരുന്നു അത്. 1983-ൽ രചന, 1992ൽ ദൈവത്തിന്റെ വികൃതികൾ എന്നീ ചിത്രങ്ങളിലൂടെയും ശ്രീവിദ്യയിലേക്ക് അവാർഡുകൾ എത്തി. മലയാളത്തിൽ മുൻനിര നായികയായി മാറിയപ്പോഴും തമിഴിലും ശ്രീവദ്യ തന്റെ സാന്നിധ്യം അറിയിച്ചു. രജനീകാന്തും കമലഹാസനും ഒരുമിച്ചെത്തിയ അപൂർവ്വരാഗങ്ങളിൽ നായികയായി ശ്രീവിദ്യ തിളങ്ങി. 40 വർഷത്തോളം നീണ്ട അഭിനയ ജീവിതത്തിൽ എണ്ണൂറോളം സിനിമകളിൽ ശ്രീവിദ്യ അഭിനയിച്ചിട്ടുണ്ട്.
അവസാന നാളുകളിൽ മിനി സ്ക്രീനിലും ശ്രീവിദ്യ സജീവമായിരുന്നു. മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ ടെലിവിഷൻ അവാർഡും ശ്രീവിദ്യയെ തേടിയെത്തി. എന്നാൽ സിനിമയുടെ ഈ സൗന്ദര്യങ്ങളൊന്നും ശ്രീവിദ്യയുടെ വ്യക്തി ജീവിതത്തിൽ ഉണ്ടായിരുന്നില്ല. പ്രണയത്തിലും വിവാഹത്തിലും പരാജയം രുചിക്കേണ്ടിവന്നു ശ്രീവിദ്യയ്ക്ക്.
മലയാളത്തിൽ പകരം വയ്ക്കാനില്ല നടിയായ ശ്രീവിദ്യ, മൂന്ന് വർഷത്തോളമാണ് അർബുദത്തിന് ചികിത്സ തേടിയത്. എന്നാൽ ഡോക്ടർമാരുടെ ശ്രമങ്ങളെല്ലാം വിഫലമാക്കി 2006 ഒക്ടോബർ 19ന് മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രി ഓർമ്മയായി. മരണശേഷം മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ച ചിത്രം ഒരു പക്ഷേ ശ്രീവിദ്യയുടേത് ആയിരിക്കും. ഒട്ടേറെ സിനിമകളിൽ ഒരു ഫോട്ടോയുടെ രൂപത്തിലാണെങ്കിൽ പോലും ശ്രീവിദ്യയുണ്ട്. അത്രത്തോളം അമൂല്യമായ അഭിനേത്രിയായിരുന്നു മലയാളത്തിന് ശ്രീവിദ്യ. ആ ശ്രീത്വം തുളുമ്പുന്ന മുഖവും കുസൃതി നിറഞ്ഞ നോട്ടവും നിഷ്‌കളങ്കമായ ചിരിയും ഇന്നും മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കുന്നു..
സാമന്തയ്ക്ക് ഒപ്പം ഉണ്ണി മുകുന്ദൻ; 'യശോദ'യുടെ റിലീസ് പ്രഖ്യാപിച്ചു
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ