
ജയ്‌പൂർ: മിസ് യൂണിവേഴ്സ് ഇന്ത്യയായി ആലപ്പുഴ മാവേലിക്കര സ്വദേശിയും നിയമവിദ്യാർഥിയുമായ കെസിയ ലിസ് മെജോ. ഫൈനലിൽ 52 മത്സരാർഥികളെ പിന്തള്ളിയാണ് കെസിയയുടെ വിജയം. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ മലയാളിയെന്ന റെക്കോർഡും കെസിയയ്ക്ക് സ്വന്തം. വിജയം കേരളത്തിന് സമർപ്പിക്കുന്നതായി കെസിയ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നവംബറിലെ മിസ് യൂണിവേഴ്‌സ് മത്സരത്തെ ഏറെ പ്രതീക്ഷയോടെ കാണുന്നുവെന്ന് കെസിയ ലിസ് മെജോ പറയുന്നു. മിസ് യുണിവേഴ്‌സ് ഇന്ത്യ കിരീടം നേടാനായതിൽ ഏറെ അഭിമാനമെന്നും ശ്രമിച്ചാൽ ഏത് സ്വപ്നവും എത്തിപ്പിടിക്കാമെന്നും കെസിയ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
ആലപ്പുഴ മാവേലിക്കര സ്വദേശികളായ മെജോ ഏബ്രഹാമിന്റെയും സുജാ മെജോയുടെയും മകളാണ്. തമിഴ്‌നാട്ടിൽ നിന്നുള്ള വൈഷ്ണവി ഗണേഷ് ഫസ്റ്റ് റണ്ണറപ്പും ഗുജറാത്തിൽ നിന്നുള്ള അനുശ്രീ സതവ്ലേക്കർ സെക്കൻഡ് റണ്ണറപ്പുമായി.നവംബറിൽ പ്യൂർട്ടോ റിക്കോയിൽ നടക്കുന്ന എഴുപത്തിയഞ്ചാമത് മിസ് യൂണിവേഴ്സ് മത്സരത്തിൽ കെസിയ ഇന്ത്യയെ പ്രതിനിധീകരിക്കും. നിയമവിദ്യാർത്ഥിയും മോഡലുമായ കെസിയ, നേരത്തെ മിസ് ടീൻ ഇന്റർനാഷണൽ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുകയും ഫസ്റ്റ് റണ്ണറപ്പാകുകയും ചെയ്തിരുന്നു. 2024-ൽ സൗന്ദര്യമത്സര രംഗത്തേക്ക് കടന്നുവന്ന കെസിയ ചുരുങ്ങിയ കാലത്തിനുള്ളിൽത്തന്നെ മിസ് യൂണിവേഴ്സ് കേരള 2026 കിരീടവും സ്വന്തമാക്കിയിരുന്നു. വർണ്ണ വിവേചനത്തിന്റെയും അപകർഷതാബോധത്തിന്റെയും നാളുകളെ ഇച്ഛാശക്തികൊണ്ട് മറികടന്നാണ് കെസിയ ഈ ചരിത്രനേട്ടത്തിൽ എത്തിയത്.
അബുദാബിയിൽ വളർന്ന കെസിയ കൗമാരകാലത്ത് സമൂഹ മാധ്യമങ്ങളിലെ കടുത്ത സൗന്ദര്യ മാനദണ്ഡങ്ങൾ കാരണം സ്വന്തം ശരീരത്തെക്കുറിച്ച് വലിയ ആശങ്കകൾ വച്ചുപുലർത്തിയിരുന്നു. ഇരുണ്ട ചർമത്തിന്റെ പേരിൽ സങ്കടപ്പെടുകയും ഒരു ഫിൽട്ടർ പോലുമില്ലാതെ സ്വന്തം ചിത്രമെടുക്കാൻ ഭയക്കുകയും ചെയ്ത കാലമുണ്ടായിരുന്നു കെസിയയ്ക്ക്. വെളുത്ത നിറം മാത്രമാണ് സൗന്ദര്യമെന്ന ചിന്തയിൽ സ്വന്തം വ്യക്തിത്വം ഒളിപ്പിക്കാൻ ശ്രമിച്ചിരുന്നവളിൽ നിന്ന്, മുൻപ് നേരിട്ട പരാജയങ്ങളെയും നിരാശകളെയും തച്ചുടച്ച് വലിയ സ്വപ്നങ്ങൾ കാണാനുള്ള ധൈര്യമാണ് കെസിയയെ ലോകവേദിയിലേക്ക് നയിക്കുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ