
ബെംഗളൂരു : നടിയും മുൻ എംപിയുമായ ദിവ്യ സ്പന്ദന എന്ന രമ്യയെ സോഷ്യൽ മീഡിയയിൽ അപകീർത്തിപ്പെടുത്തുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്ത രണ്ട് പേരെ സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് 11 പേരെ കൂടി പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
ബെംഗളൂരു പൊലീസ് കമ്മീഷണർക്ക് 28 ന് രമ്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അപകീർത്തികരമായ കമന്റുകൾ പോസ്റ്റ് ചെയ്ത 43 സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെയാണ് രമ്യ നിയമനടപടി ആവശ്യപ്പെട്ടത്. കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു.
കന്നഡ നടൻ ദർശൻ മുഖ്യപ്രതിയായ രേണുകസ്വാമി കൊലക്കേസിൽ സുപ്രീം കോടതിയുടെ നിരീക്ഷണങ്ങളെ അഭിനന്ദിച്ച് രമ്യ ജൂലൈ 26-ന് പോസ്റ്റിട്ടതിന് പിന്നാലെയാണ് സൈബർ ആക്രമണങ്ങൾ ആരംഭിച്ചത്. ഇരയുടെ കുടുംബത്തിന് നീതി വേണമെന്ന് രമ്യ ആവശ്യപ്പെട്ടിരുന്നു. രമ്യയുടെ പോസ്റ്റുകൾക്ക് പിന്നാലെ, നിരവധി ഉപയോക്താക്കൾ സ്ത്രീവിരുദ്ധവും അശ്ലീലവും ഭീഷണിപ്പെടുത്തുന്നതുമായ കമന്റുകളുമായി രംഗത്തെത്തി.
രമ്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ ക്രൈം പോലീസ് കേസെടുക്കുകയും അപകീർത്തികരമായ കമന്റുകൾ പോസ്റ്റ് ചെയ്ത നിരവധി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കണ്ടെത്തുകയും ചെയ്തു. അറസ്റ്റിലായ ഒബന്ന, ഗംഗാധർ എന്നിവരെ തിരിച്ചറിയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചതായി റിപ്പോർട്ടുകളുണ്ട്.
സമാനമായ സൈബർ ആക്രമണങ്ങളിൽ പങ്കാളികളായ 11 പേരെ കൂടി പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അവർക്കെതിരെയും നിയമനടപടികൾ ആരംഭിച്ചു. 48-ൽ അധികം അക്കൗണ്ടുകൾ ഇത്തരം അപകീർത്തിപരമായ കമന്റുകൾ പോസ്റ്റ് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഉൾപ്പെട്ട എല്ലാവരെയും കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.