ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരി തെളിയും; പ്രദർശനത്തിന് 186 ചിത്രങ്ങൾ

By Web TeamFirst Published Dec 6, 2019, 6:57 AM IST
Highlights

73 രാജ്യങ്ങളിൽ നിന്നുള്ള 186 സിനിമകളാണ് മേളയിൽ പ്രദർശിപ്പിക്കുക. 14 സ്ക്രീനുകളിലായി 15 വിഭാഗങ്ങളിലാണ് പ്രദർശനം. രാവിലെ 10 മണിക്ക് പ്രദർശനം തുടങ്ങും. 

തിരുവനന്തപുരം: ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരി തെളിയും. വൈകീട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ നിശാഗന്ധി ഓഡിറ്റോറിയത്തിൽ മേള ഉദ്ഘാടനം ചെയ്യും. തുർക്കിയിൽ നിന്നുളള പാസ്ഡ് ബൈ സെൻസർ ആണ് ഉദ്ഘാടന ചിത്രം.

കാണാത്ത ലോകത്തെ കാഴ്ചകളും അറിയാത്ത മനുഷ്യരുടെ വികാരവിചാരങ്ങളും വെളളിത്തിരയിലൂടെ അറിയാൻ ഒരു ചലച്ചിത്ര മേള കൂടി. 73 രാജ്യങ്ങളിൽ നിന്നുള്ള 186 സിനിമകളാണ് മേളയിൽ പ്രദർശിപ്പിക്കുക. 14 സ്ക്രീനുകളിലായി 15 വിഭാഗങ്ങളിലാണ് പ്രദർശനം. രാവിലെ 10 മണിക്ക് പ്രദർശനം തുടങ്ങും. വൈകീട്ട് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ നടി ശാരദ വിശിഷ്ടാതിഥിയാകും. മൂന്നാംലോക സിനിമ പ്രസ്ഥാനത്തിന്‍റെ അമരക്കാരനായ അർജന്റീനിൻ സംവിധായകൻ ഫെർണാണ്ടോ സൊളാൻസിന് സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം സമ്മാനിക്കും.

10,500 ഡെലിഗേറ്റുകളാണ് മേളയ്ക്കായി രജിസ്റ്റർ ചെയ്തതത്. ഒമ്പതിനായിരത്തോളം പേർക്ക് ഒരേ സമയം സിനിമ കാണാം. മുൻകൂട്ടി ബുക്ക് ചെയ്യാൻ മൊബൈൽ അപ്ലിക്കേഷനും ഓൺലൈൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ടും ആർ കെ കൃഷാന്തിൻറെ വൃത്താകൃതിയിലുള്ള ചതുരവുമാണ് മത്സരവിഭാഗത്തിലെ മലയാള ചിത്രങ്ങൾ. ഈജിപ്ഷ്യന്‍ സംവിധായകന്‍ ഖൈറി ബെഷാറയാണ് ജൂറി ചെയർമാൻ.

click me!