43 ലക്ഷത്തില്‍ അധികം പേരാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ ഇതിനകം കണ്ടിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ ഏറ്റവും വേഗത്തില്‍ വൈറലാകുന്ന ചില വീഡിയോകള്‍ ഉണ്ട്. അടങ്ങിയിരിക്കുന്ന നന്മ കൊണ്ടും പോസിറ്റിവിറ്റി കൊണ്ടും കാണുന്നവരെക്കൊണ്ടൊക്കെ ലൈക്ക് അടിപ്പിക്കുന്ന, ഷെയര്‍ അടിപ്പിക്കുന്ന ചില വീഡിയോകള്‍. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ നിറയുകയാണ്. പഞ്ചാബി ഗായകന്‍ കരണ്‍ ഔജ്‍ല മുബൈ നഗരത്തില്‍ നടത്തിയ ഒരു ഓട്ടോറിക്ഷാ യാത്രയുടെ വീഡിയോ ആണ് ഇത്. ബ്രിട്ടീഷ്- സിഖ് ഫിലിം മേക്കര്‍ ആയ സന്‍വീര്‍ സിംഗ് ആണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. 43 ലക്ഷത്തില്‍ അധികം പേരാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ ഇതിനകം കണ്ടിരിക്കുന്നത്.

സാധാരണക്കാരനല്ല ആ യാത്രികന്‍!

കാനഡ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഗായകനാണ് കരണ്‍ ഔജ്ല. നിലവില്‍ തന്‍റെ പഞ്ചാബി പോപ്പ് കള്‍ച്ചര്‍ ടൂറിന്‍റെ ഭാഗമായുള്ള ഇന്ത്യന്‍ യാത്രയിലാണ് അദ്ദേഹം. അതിന്‍റെ ഭാഗമായാണ് ഗായകന്‍ മുംബൈയില്‍ എത്തിയത്. നഗരത്തില്‍ ഓട്ടോറിക്ഷയില്‍ ഒരു ചെറിയ യാത്ര നടത്തിയിരുന്നു അദ്ദേഹം. അതിന്‍റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. അതിന് കാരണമുണ്ട്. ഓട്ടോറിക്ഷ നഗരത്തിലൂടെ നീങ്ങവെ വെഹിക്കിള്‍ ചെക്കിംഗിനായി ഒരു പൊലീസുകാരന്‍ കൈ കാണിക്കുന്നു. ഡ്രൈവര്‍ നിര്‍ത്തുന്നു. ഉദ്യോഗസ്ഥന്‍ നടത്തിയ പരിശോധനയില്‍ പ്രസ്തുത വാഹനത്തിന് 17,000 രൂപയുടെ ഫൈന്‍ ഉണ്ടെന്ന് കണ്ടെത്തുന്നു. ഇതറിഞ്ഞ കരണ്‍ ഔജ്ല ആ ഫൈന്‍ മുഴുവനും അപ്പോള്‍ത്തന്നെ അടയ്ക്കാന്‍ തയ്യാറാവുന്നു. അവിടംകൊണ്ടും തീര്‍ന്നില്ല. ഇത് കണ്ടുനിന്ന മറ്റൊരു ഓട്ടോ ഡ്രൈവറും തന്‍റെ ഫൈന്‍ കൂടി അടയ്ക്കാമോ എന്ന് അഭ്യര്‍ഥിച്ചുകൊണ്ട് അദ്ദേഹത്തിന് അരികില്‍ എത്തുന്നു. എത്രയാണ് ഫൈന്‍ എന്ന് ചോദിച്ചപ്പോള്‍ 5000 എന്ന് മറുപടി. തന്‍റെ മാനേജരോട് 5000 അടയ്ക്കാന്‍ നിര്‍ദേശിക്കുന്നു. ഫൈന്‍ അടച്ച ശേഷം ആ ഓട്ടോ ഡ്രൈവര്‍ ആശ്വാസത്തോടെ വന്ന് കരണിന് നന്ദി അറിയിക്കുന്നു. ആളെ മനസിലായിട്ട് ആശ്ലേഷിക്കുന്നു, പൊടുന്നനെ താന്‍ ഈ നഗരത്തിന്‍റെ പ്രിയങ്കരനായെന്ന് പറഞ്ഞ് അതേ ഓട്ടോറിക്ഷയില്‍ യാത്ര തുടരുകയാണ് പ്രശസ്ത ഗായകന്‍.

View post on Instagram

3 ലക്ഷത്തിലേറെ ലൈക്കുകളും മൂവായിരത്തില്‍ അധികം കമന്‍റുകളും പ്രസ്തുത വീഡിയോയ്ക്ക് ഇതിനകം ലഭിച്ചിട്ടുണ്ട്. പിടിസി പഞ്ചാബി മ്യൂസിക് അവാര്‍ഡും ജൂനോ അവാര്‍ഡുമൊക്കെ ലഭിച്ചിട്ടുള്ള ഗായകനാണ് കരണ്‍ ഔജ്ല.

Asianet News Live | Malayalam Live News | Khamenei Death | Iran-Israel conflict | Breaking News