
തിരുവനന്തപുരം: 29ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനാണ് മേള ഉദ്ഘാടനം ചെയ്തത്. ഇന്ത്യയിലെ പ്രമുഖ ചലച്ചിത്രനടിയും സാമൂഹ്യപ്രവർത്തകയുമായ ശബാന ആസ്മി മുഖ്യഥിതിയായി. ഹോങ്ങൊങ് സംവിധായക ആൻ ഹൂയിക്ക് ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരം നൽകി.
മുന്നാം ലോക സിനിമക്ക് പ്രാധാന്യം നൽകുന്ന മേളയാണ് ഇത്തവണത്തെതെന്ന് മേള ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. കോർപറേറ്റ് താല്പര്യങ്ങൾക്ക് മുൻതൂക്കം നൽകുന്ന സിനിമകൾ ഇപ്പോൾ കൂടുതലായി ഉണ്ടാകുന്നുവെന്നും ഇതോടൊപ്പം കലാമൂല്യമുള്ള സിനിമകളും ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കുന്ന മലയാളികളുടെ സമീപനമാണ്, ഐഎഫ്എഫ്കെയ്ക്ക് രാജ്യത്തെ മേളകളിൽ മികച്ച പദവി നേടിക്കൊടുത്തതെന്ന് ശബാന ആസ്മിയും പറഞ്ഞു.
ഡിസംബർ 13 മുതൽ 20 വരെയാണ് ഈ വർഷത്തെ ഐഎഫ്എഫ്കെ നടക്കുന്നത്. 15 സ്ക്രീനുകളിലായി 177 സിനിമകളാണ് ഇത്തവണ പ്രദർശിപ്പിക്കുക. വിവിധ അന്താരാഷ്ട്രമേളകളിൽ പുരസ്കാരം സ്വന്തമാക്കുകയും നിരൂപകപ്രശംസ നേടുകയും ചെയ്ത ചിത്രങ്ങൾ പതിവുപോലെ ഇത്തവണയും മേളയുടെ ആകർഷണമായിരിക്കും. ലോക ചലച്ചിത്ര മേളകളിൽ ജനപ്രീതി നേടിയ 13 ചിത്രങ്ങൾ 'ഫെസ്റ്റിവൽ ഫേവറിറ്റ്‌സ്' കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്.
ചലച്ചിത്ര മേളയ്‌ക്കെത്തിയ മുഖ്യമന്ത്രിക്ക് കൂവൽ; യുവാവ് കസ്റ്റഡിയിൽ
സിനിമാലോകത്തെ സ്ത്രീകൾക്ക് അംഗീകാരം നൽകുന്ന 'ഫീമെയിൽ ഗെയ്സ്' എന്ന വിഭാഗം മേളയിൽ ഉണ്ടാകും. 29-ാമത് ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കുന്ന 177 ചിത്രങ്ങളിൽ 52 സിനിമകൾ സ്ത്രീ സംവിധായകരുടേതാണ്. 52 സിനിമകളിൽ കാമദേവൻ നക്ഷത്രം കണ്ടു, ഗേൾഫ്രണ്ട്സ്, വിക്ടോറിയ, അപ്പുറം എന്നിങ്ങനെ 4 സിനിമകൾ മലയാളി വനിതാ സംവിധായകരുടെ ചിത്രങ്ങളാണ്. ഇന്ദുലക്ഷ്മിയുടെ അപ്പുറം എന്ന സിനിമ അന്താരാഷ്ട്ര മത്സര വിഭാഗത്തിലാണ് പ്രദർശിപ്പിക്കുക.
അർമീനിയയിൽനിന്നുള്ള ഏഴ് ചിത്രങ്ങൾ കൺട്രി ഫോക്കസ് വിഭാഗത്തിൽ പ്രദർശിപ്പിക്കും. മേളയിൽ ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ടിന്റെ നാല് ചിത്രങ്ങൾ റെട്രോസ്‌പെക്റ്റിവ് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്. വനിതാ സംവിധായകരുടെ ചിത്രങ്ങളുടെയും ലാറ്റിനമേരിക്കൻ സിനിമകളുടെയും പ്രത്യേക പാക്കേജുകൾ, പി. ഭാസ്കരൻ, പാറപ്പുറത്ത്, തോപ്പിൽഭാസി എന്നീ പ്രതിഭകളുടെ ജന്മശതാബ്ദിവേളയിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങളും മേളയിലുണ്ടാകും. മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിൽ 12 സിനിമകൾ പ്രദർശിപ്പിക്കും.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ