യുവാവ് ഇപ്പോൾ മ്യൂസിയം പൊലീസ് സ്റ്റേഷനിലാണ്.
തിരുവനന്തപുരം: 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരെ കൂവൽ. സംഭവത്തിൽ ഒരാളെ മ്യൂസിയം പൊലീസ് കസ്റ്റഡിയിൽ എടുത്തു. മുഖ്യമന്ത്രി വേദിയിൽ എത്തിയപ്പോഴായിരുന്നു റോമിയോ എന്ന യുവാവ് കൂവിയത്.
യുവാവ് ഇപ്പോൾ മ്യൂസിയം പൊലീസ് സ്റ്റേഷനിലാണ്. ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് അല്ല ഈ യുവാവ്. കൈവശം ഉണ്ടായിരുന്നത് 2022ലെ പാസാണ്. തിരുവനന്തപുരത്തെ നിശാഗന്ധിയില്‍ ആയിരുന്നു 29ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനം. എന്തിനായിരുന്നു ഇത്തരത്തിലൊരു പ്രതിഷേധം യുവാവിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
അതേസമയം, ഈ വര്‍ഷത്തെ ഐഫ്എഫ്കെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. 'ഐ ആം സ്റ്റിൽ ഹിയർ' ആയിരുന്നു ഉദ്ഘാടന ചിത്രം. 1970കളുടെ തുടക്കത്തിൽ ബ്രസീലിൽ സൈനിക സ്വേച്ഛാധിപത്യത്തിന് കീഴിൽ ഞെരിഞ്ഞമരുന്ന കാലത്ത് നടന്ന സംഭവത്തിന്റെ ചലച്ചിത്രാവിഷ്‌കാരമാണിത്.

'ഐ ആം സ്റ്റിൽ ഹിയർ' ഉൾപ്പെടെ 11 സിനിമകളാണ് ആറ് തിയേറ്ററുകളിലായി ഇന്ന് പ്രദർശിപ്പിച്ചത്. ലോക സിനിമ വിഭാഗത്തിൽ ജർമൻ സിനിമ 'ഷഹീദ്', ബ്രസീൽ-പോർച്ചുഗൽ ചിത്രം 'ഫോർമോസ ബീച്ച്', ഫ്രാൻസിൽ നിന്നുള്ള 'ഗേൾ ഫോർ എ ഡേ', റൊമേനിയൻ ചിത്രം 'ത്രീ കിലോമീറ്റേഴ്‌സ് ടു ദി എൻഡ് ഓഫ് ദി വേൾഡ്', ബ്രസീലിൽ നിന്നുള്ള 'ബേബി',ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നിന്നുള്ള 'പെപ്പെ' എന്നിവ പ്രദർശിപ്പിച്ചു. ഫീമെയിൽ ഗേസ് വിഭാഗത്തിൽ നോർവെയിൽ നിന്നുള്ള 'ലവബിൾ', സെർബിയൻ ചിത്രം 'വെൻ ദ ഫോൺ റാങ്' എന്നിവയുടെ പ്രദർശനം നടന്നു. ലൈഫ് ടൈം അച്ചീവമെന്റ് വിഭാഗത്തിൽ ഹോങ്കോങ്ങിൽ നിന്നുള്ള 'ജൂലി റാപ്‌സഡി' , ലാറ്റിൻ അമേരിക്കൻ പാക്കേജിൽ മെക്‌സിക്കൻ ചിത്രം 'അന്ന ആൻഡ് ഡാന്റെ' എന്നിവയാണ് ആദ്യ ദിനത്തിൽ പ്രദർശിപ്പിച്ച മറ്റ് ചിത്രങ്ങൾ.
