അപ്പോ എങ്ങനാ, സദ്യ ഉണ്ടിട്ടാണോ അതിന് മുമ്പാണോ തീയറ്ററുകളിലേക്ക്? നല്ല കിടിലന്‍ പടങ്ങള്‍ റിലീസിനുണ്ടേ!

Published : Sep 08, 2022, 09:18 AM IST
അപ്പോ എങ്ങനാ, സദ്യ ഉണ്ടിട്ടാണോ അതിന് മുമ്പാണോ തീയറ്ററുകളിലേക്ക്? നല്ല കിടിലന്‍ പടങ്ങള്‍ റിലീസിനുണ്ടേ!

Synopsis

സമീപകാലത്ത് ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന മികച്ച സ്ക്രീന്‍ കൌണ്ടുമായി ഞെട്ടിക്കാന്‍ ഒരുങ്ങി തന്നെയാണ് വിനയന്‍റെ സംവിധാനത്തില്‍ എത്തുന്ന പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ വരവ്.  തിരുവോണ ദിനത്തില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന് കേരളത്തില്‍ മാത്രം 200ല്‍ ഏറെ സ്ക്രീനുകള്‍ ഉണ്ട്

പൊന്നോണം ആഘോഷിക്കുന്ന മലയാളികള്‍ക്ക് വമ്പന്‍ വിരുന്നൊരുക്കി തീയേറ്ററുകള്‍. മൂന്ന് മലയാള ചിത്രങ്ങളാണ് ഇന്ന് റിലീസ് ചെയ്യുന്നത്. സമീപകാലത്ത് ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന മികച്ച സ്ക്രീന്‍ കൌണ്ടുമായി ഞെട്ടിക്കാന്‍ ഒരുങ്ങി തന്നെയാണ് വിനയന്‍റെ സംവിധാനത്തില്‍ എത്തുന്ന പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ വരവ്.  തിരുവോണ ദിനത്തില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന് കേരളത്തില്‍ മാത്രം 200ല്‍ ഏറെ സ്ക്രീനുകള്‍ ഉണ്ട്. ജിസിസിയിലും അത്രതന്നെ സ്ക്രീനുകള്‍ ലഭിച്ചിട്ടുണ്ട്.  

ചിത്രത്തിന്‍റെ റെസ്റ്റ് ഓഫ് ഇന്ത്യ റിലീസും ഇന്ന് തന്നെയാണ്. ബംഗളൂരു, ഹൈദരാബാദ്, മുംബൈ, പൂനെ, ദില്ലി, യുപി, ഹരിയാന, ഗുജറാത്ത്, മംഗളൂരു, മണിപ്പാല്‍, മൈസൂരു, തിരുപ്പൂർ, സേലം, കോയമ്പത്തൂർ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം ചിത്രത്തിന് റിലീസിംഗ് സെന്‍ററുകള്‍ ഉണ്ട്. അതേസമയം ജിസിസി ഒഴികെയുള്ള ചിത്രത്തിന്‍റെ വിദേശ റിലീസ് 9-ാം തീയതി ആണ്. യുകെ ഉള്‍പ്പെടെ യൂറോപ്പിലും നോര്‍ത്ത് അമേരിക്കയിലുമായി വലിയ സ്ക്രീന്‍ കൌണ്ടോടെയാണ് പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ റിലീസ്.

ഇതില്‍ യൂറോപ്പില്‍ മാത്രം നൂറിലേറെ തിയറ്ററുകളില്‍ ചിത്രത്തിന് റിലീസ് ഉണ്ട്. അതേസമയം മലയാളം പതിപ്പ് മാത്രമാണ് ഇന്ന് തിയറ്ററുകളില്‍ എത്തുക. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷാ പതിപ്പുകള്‍ ഒരുമിച്ച് റിലീസ് ചെയ്യാനാണ് നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും ഡബ്ബിംഗ് കോപ്പികളുടെ സെന്‍സറിംഗ് പൂര്‍ത്തിയാവാത്തതിനാല്‍ അവ ഇന്ന് റിലീസ് ചെയ്യില്ല. സെന്‍സറിംഗ് പൂര്‍ത്തിയായാലുടന്‍ മറ്റു ഭാഷാ പതിപ്പുകള്‍ തിയറ്ററുകളില്‍ എത്തിക്കുമെന്ന് വിനയന്‍ അറിയിച്ചു. 25 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അരവിന്ദ് സ്വാമി വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയുമായാണ് ഒറ്റ് സിനിമയുടെ വരവ്.

മലയാളത്തിലും തമിഴിലുമായി ഒരേസമയം നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ചിത്രത്തിന്‍റെ തമിഴ് ടൈറ്റില്‍ രണ്ടകം എന്നാണ്. അരവിന്ദ് സ്വാമിക്കൊപ്പം കുഞ്ചാക്കോ ബോബനും ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വന്‍ വിജയം നേടിയ ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിനു ശേഷം ചാക്കോച്ചന്‍റേതായി പുറത്തെത്തുന്ന ചിത്രം കൂടിയാണ് ഇത്. തിരുവോണ ദിനത്തില്‍ പ്രേക്ഷകരെ ത്രസിപ്പിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ചിത്രമാണ് ഒറ്റ്. ദി ഷോ പീപ്പിളിന്റെ ബാനറിൽ സിനിമാതാരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനും ചേർന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജാക്കി ഷ്റോഫ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാനതാരം. ത്രില്ലർ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് എസ് സഞ്ജീവാണ്. തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക. മലയാളികളുടെ പ്രിയപ്പെട്ട ബിജു മേനോനും ഇത്തവണ ഓണത്തിന് 'ഒരു തെക്കന്‍ തല്ല് കേസി'ലൂടെ എത്തുന്നുണ്ട്.

റോഷൻ മാത്യുവും നിമിഷ സജയനും പ്രധാനവേഷത്തിൽ എത്തുന്നു. ചിത്രത്തിലെ ബിജു മേനോന്‍റെ ലുക്ക് ഇതിനകം ശ്രദ്ധിക്കപ്പെട്ട് കഴിഞ്ഞു. രാജേഷ് പിന്നാടന്‍ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജി ആര്‍ ഇന്ദുഗോപന്‍റെ അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന കഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്‍ത ബ്രോ ഡാഡിയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ് സംവിധായകൻ ശ്രീജിത്ത് എന്‍. പത്മപ്രിയ ആണ് നായിക. ഒരിടവേളക്ക് ശേഷം പത്മപ്രിയ അഭിനയിക്കുന്ന സിനിമ കൂടിയാണിത്.

ഇ ഫോർ എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറിൽ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവർ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം മധു നീലകണ്ഠനാണ് നിർവ്വഹിച്ചിട്ടുള്ളത്. വൻ പ്രതീക്ഷകളുമായി എത്തിയ ചിത്രങ്ങളെല്ലാം പരാജയപ്പെട്ട ബോളിവുഡ് ഇനി ഉറ്റുനോക്കുന്ന 'ബ്രഹ്‍മാസ്‍ത്ര'യുടെ റിലീസ് നാളെയാണ്.  

രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന ബ്രഹ്‍മാസ്‍ത്ര ബോളിവുഡിനെ കൈപിടിച്ച് ഉയര്‍ത്തും എന്നാണ് പ്രതീക്ഷകള്‍. അഡ്വാൻസ് ബുക്കിംഗിന്റ കണക്കെടുക്കുമ്പള്‍ 'ബ്രഹ്‍മാസ്‍ത്ര' പ്രതീക്ഷയ്‍ക്ക് വക നല്‍കുന്നുണ്ട്. കേരളത്തിലും 'ബ്രഹ്‍മാസ്‍ത്ര'യ്‍ക്ക് പ്രതീക്ഷിച്ചതിലുമധികം സ്‍ക്രീൻ കൗണ്ട് ലഭിച്ചിട്ടുണ്ട്. മൂന്ന് പ്രധാന മലയാള സിനിമകള്‍ എത്തുന്നുണ്ടെങ്കിലും  'ബ്രഹ്‍മാസ്‍ത്ര'യ്ക്ക് കേരളത്തില്‍ 102 സ്‍ക്രീനുകള്‍ ലഭിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.  

'മുന്നോട്ട് പോകുന്തോറും ഈ സ്നേഹം വളരുന്നു'; പിറന്നാളാശംകള്‍ക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും കരുത്തുറ്റ സ്ത്രീ, ചില പ്രത്യേകതരം മനുഷ്യർക്ക് പിടിക്കൂല; പേളിയുടെ പോസ്റ്റിനു താഴെ കമന്റുമായി ഇച്ചാപ്പി
'എന്റെ ചിത്രം ഉപയോഗിച്ച് വിദ്യാഭ്യാസ തട്ടിപ്പ്'; ജാഗ്രത പുലർത്തണമെന്ന് ഗായത്രി അരുൺ