
റിൻപോച്ചെ അഥവാ റിംബോച്ചെ അഥവാ റിൻബോക്കു മൂന്നു വാക്കും തിബത്തിൽ നിന്ന് ഉള്ളതാണ്. ടിബറ്റൻ ഭാഷയിൽ അമൂല്യമായത് എന്ന് അർത്ഥം. അത് ഒരു വ്യക്തിയാകാം, സ്ഥലമാകാം, വസ്തുവാകാം. വില മതിക്കാനാകാത്തത് എന്നും റിംബോച്ചെ ആണ്. ബുദ്ധമഠങ്ങളിൽ വിശേഷിച്ചും ബഹുമാനാർത്ഥം ആളുകളെ അഭിസംബോധന ചെയ്യാനാണ് ഈ പദം ഉപയോഗിക്കാറ്. മുതിർന്ന ഭിക്ഷുക്കളെ അല്ലെങ്കിൽ പുനർജന്മമെടുത്തത് എന്ന് വിശ്വസിക്കുന്ന ഭിക്ഷുക്കളെ അതല്ലെങ്കിൽ ഏറ്റവും ബഹുമാന്യർ ആയവരെ റിംബോച്ചെ എന്നു വിളിക്കും.
ഹിമാലയൻ പർവതനിരകളിലെ മഠങ്ങളിൽ മുഴങ്ങുന്ന മന്ത്രോച്ചാരണങ്ങളുടെ സഹതാളമായ ഈ പദം മലയാളികൾക്ക് പരിചിതമാണ്. കഴിഞ്ഞ മുപ്പത് വർഷമായി. ഓമനത്തമുള്ള, സ്നേഹമുള്ള മൊട്ടത്തലയൻ കുട്ടികളോട് ആണ് നാം കൂടുതൽ സ്നേഹത്തോടെ ഈ വിശേഷണം ഉപയോഗിക്കുക എന്ന് മാത്രം. അതല്ലെങ്കിൽ ഈ പദം ഓർമ വരിക എന്ന് മാത്രം. അതിന് കാരണം ആയതോ ഒരു സിനിമയും. അക്കോസേട്ടനും അയാളുടെ ഉണ്ണിക്കുട്ടൻ എന്ന റിംബോച്ചെയും മലയാളികളുടെ മനസ്സിൽ കുടിയേറിയിട്ട് മുപ്പത് വർഷം കഴിയുന്നു.
യോദ്ധയുടെ കഥാസാരം ലളിതം. ബുദ്ധമഠത്തിൽ റിംബോച്ചെ ആയി വാഴിക്കാൻ പോകുന്ന കുട്ടിയെ തട്ടിക്കൊണ്ടുവന്ന് ബലി കഴിച്ച് അജയ്യത കൈവരിക്കാൻ ആഗ്രഹിക്കുന്ന ദുർമന്ത്രവാദിനി. അവളെ സഹായിക്കുന്ന, ദയ തൊട്ടു തീണ്ടിയിട്ടില്ലാത്ത കുറേ കാവലാളുകൾ. ഇവരുടെ പിടിയിൽ നിന്ന് കുട്ടിക്ക് രക്ഷകനായി കേരളത്തിൽ നിന്ന് എത്തുന്ന ആൾ. ഇവർ കണ്ടുമുട്ടുന്നു. ചങ്ങാത്തം കൂടുന്നു. കൂടെ ഉള്ളത് വെറും ഒരു കുട്ടിയല്ലെന്ന് അശോകൻ എന്നു പേരുള്ള ആ മലയാളി തിരിച്ചറിയുന്നു. അയാൾക്ക് തന്നിൽ അർപിതമായിരിക്കുന്ന വലിയ കർത്തവ്യം ബോധ്യപ്പെടുന്നു. അതിന് അനുസരിച്ച് പ്രവർത്തിക്കുന്നു. ഇതാണ് കഥയുടെ ചുരുക്കം.
നേപ്പാളിൽ കടക്കുന്ന കഥക്ക് അരങ്ങ് ഒരുക്കുന്നതും നായകന്റെ വരവിന് വഴിവെക്കുന്നതും എല്ലാം അശോകന്റെ നാട്ടിലെ സംഭവങ്ങളാണ്. കസിൻസ് തമ്മിലുള്ള തമ്മിലടിയും കുശുമ്പുമൊക്കെ. കൂട്ടത്തിൽ അപ്പുക്കുട്ടനും അശോകനും തമ്മിലുള്ള പോരാണ് രസം. മോഹൻലാലും ജഗതി ശ്രീകുമാറും കച്ചമുറുക്കി ഇറങ്ങിയപ്പോൾ സന്ദർഭങ്ങൾക്ക് ശശിധരൻ ആറാട്ടുവഴി എഴുതിയതിനേക്കാൾ രസം. സംഗീത് ശിവനെന്ന സംവിധായകന് പൂർണതൃപ്തി. കാവിലെ പാട്ടുമത്സരത്തിന് കാണാമെന്ന ഡയലോഗ് വർഷങ്ങൾക്കിപ്പുറവും ഏതൊരു കൂട്ടായ്മയിലും കേൾക്കാം. കാളിയുടെ പര്യായങ്ങളും പൂജയുടെ പദങ്ങളും ചേർത്ത് തന്നെ ബിച്ചു തിരുമല കാവിലെ പാട്ടിന് വരികളെഴുതി. ധ്രുതതാളത്തിലുള്ള ഈണം കൂടിയായപ്പോൾ സംഗതി ജോറായി.
എ.ആർ. റഹ്മാൻ എന്ന പ്രതിഭയുടെ രണ്ടാമത്തെ മാത്രം സിനിമ. സിദ്ദാർത്ഥ് ലാമയെന്ന നേപ്പാളി പയ്യൻ പ്രേക്ഷകരുടെ മാത്രം മനസ്സല്ല കവർന്നത്. സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയ സമിതിയുടേത് കൂടിയാണ്. അക്കൊല്ലത്തെ മികച്ച ബാലതാരമായത് റിംബോച്ചെ ആയിരുന്നു. സിദ്ദാർത്ഥിന്റെ അച്ഛനും സിനിമയിൽ ഒരു വേഷം ചെയ്തിരുന്നു. നേപ്പാളിൽ തന്നെയായിരുന്നു പ്രധാന ചിത്രീകരണം. കാഠ്മണ്ഡു നഗരവും വിനോദ സഞ്ചാരികൾക്ക് പ്രിയപ്പെട്ട പൊഖാറയുമെല്ലാം സിനിമയിലെത്തി. സിനിമയുടെ വിനോദമൂല്യം കൊണ്ടാണ് അത് പിന്നീട് മറ്റ് ഭാഷകളിലേക്ക് (ഹിന്ദി, തമിഴ്. തെലുങ്ക്) മൊഴിമാറ്റം ചെയ്യപ്പെട്ടത്.
വേറിട്ട ശൈലിയിലെടുത്ത സിനിമയെ രസകരം എന്ന ഒറ്റ വാക്കിൽ വിശേഷിപ്പിക്കാൻ ആർക്കും ലവലേശം സംശയമുണ്ടായിരുന്നില്ല. നല്ല നിർമാണരീതിയും പ്രൊഡക്ഷൻ ഡിസൈനും കോമഡിയും അസ്സലായി പ്ലാൻ ചെയ്ത ആക്ഷൻ രംഗങ്ങളും നല്ല പാട്ടുകളും മികച്ച പശ്ചാത്തലസംഗീതവും താരങ്ങളുടെ പ്രകടനവും എല്ലാം കൂടി യോദ്ധ പ്രേക്ഷകന് പ്രിയങ്കരമായി. മലയാളത്തിലും ഹിന്ദിയിലുമായി പതിനഞ്ചിലധികം സിനിമകൾക്ക് സംവിധായകനായും നിർമാതാവായും ചുക്കാൻ പിടിച്ച സംഗീത് ശിവന്റേയും നിരവധി വിജയചിത്രങ്ങൾ രചിച്ച ശശിധരൻ ആറാട്ടുവഴിയുടേയും പേരിനൊപ്പം മലയാള സിനിമാ പ്രേക്ഷകർ ചേർത്തു വെക്കുന്ന ടൈറ്റിൽ യോദ്ധ എന്നാണ്. അതാണ് ആ സിനിമയുടെ വിജയം. സ്വീകാര്യത. മുപ്പത് വർഷത്തിനിപ്പുറവും യോദ്ധ നമ്മളെ ചിരിപ്പിക്കുന്നു.