തുടരെ ഉള്ള പരാജയങ്ങളിൽ നിന്നും ബോളിവുഡിനെ കൈപിടച്ചുയർത്താൻ 'ബ്രഹ്മാസ്ത്ര'യ്ക്ക് സാധിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ. അയാൻ മുഖർജി സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ 9ന് തിയറ്ററുകളിൽ എത്തും.
ബോളിവുഡ് പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ബ്രഹ്മാസ്ത്ര'. രൺബീർ കപൂർ നായകനായി എത്തുന്ന ചിത്രത്തിൽ നായിക ആയി എത്തുന്നത് ആലിയ ഭട്ടാണ്. തുടരെ ഉള്ള പരാജയങ്ങളിൽ നിന്നും ബോളിവുഡിനെ കൈപിടച്ചുയർത്താൻ 'ബ്രഹ്മാസ്ത്ര'യ്ക്ക് സാധിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ. അയാൻ മുഖർജി സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ 9ന് തിയറ്ററുകളിൽ എത്തും. ഇപ്പോഴിതാ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ്ങിൽ ഗംഭീര തുടക്കമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നതെന്ന വിവരമാണ് പുറത്തുവരുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു 'ബ്രഹ്മാസ്ത്ര'യുടെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചത്. സമീപകാലത്ത് റിലീസ് ചെയ്ത ബോളിവുഡ് സിനിമകളിൽ ഏറ്റവും ഉയർന്ന ബുക്കിങ്ങാണ് ചിത്രത്തിന് ആദ്യദിനം മുതൽ ലഭിച്ചു കൊണ്ടിരിക്കുന്നത്. ബാഹുബലി 2ന്റെയും കെജിഎഫിന്റെയും അഡ്വാൻസ് ബുക്കിങ്ങിലെ റെക്കോർഡ് തകർക്കാൻ 'ബ്രഹ്മാസ്ത്ര'യ്ക്ക് സാധിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ വിലയിരുത്തൽ.
വലിയ മൾട്ടിപ്ലക്‌സുകളിലും 3ഡി സ്‌ക്രീനിലും 'ബ്രഹ്മാസ്ത്ര'യുടെ അഡ്വാൻസ് ബുക്കിംഗ് അതിവേഗം നിറയുകയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ജയ്പൂർ, ഇൻഡോർ, പട്‌ന സർക്യൂട്ടുകളിൽ വൻതോതിലുള്ള അഡ്വാൻസ് ബുക്കിങ്ങാണ് നടക്കുന്നത്.
അതേസമയം, 410 കോടിയാണ് 'ബ്രഹ്മാസ്ത്ര'യുടെ നിർമ്മാണ ചെലവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പബ്ലിസിറ്റിയും പ്രിന്‍ഡിങ്ങും ഒഴികെയുള്ള തുകയാണിത്. റിപ്പോർട്ടുകൾ അനുസരിച്ച് ബോളിവുഡിലെ ഏറ്റവും ചെലവേറിയ ചിത്രമാണിതെന്നാണ് വിവരം.
ബോളിവുഡിലെ ഏറ്റവും ചെലവേറിയ സിനിമ; 'ബ്രഹ്മാസ്ത്ര' ഒരുങ്ങിയത് റെക്കോര്‍ഡ് ബജറ്റിലെന്ന് റിപ്പോർട്ട്
ഇതിനിടെ 'ബ്രഹ്മാസ്ത്ര'യ്ക്ക് എതിരെ ബഹിഷ്കരണാഹ്വാനങ്ങൾ ഉയർന്നിരുന്നു. തന്റെ ഇഷ്ട ഭക്ഷണത്തെ കുറിച്ച് രൺബീർ കപൂർ പറയുന്നൊരു വീഡിയോ പ്രചരിപ്പിച്ച് കൊണ്ടാണ് ക്യാംപെയ്ൻ. പഴയൊരു അഭിമുഖത്തിന്റെ വീഡിയോ കട്ടിങ്ങാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇതിൽ ഇഷ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അവതാരകന്‍ ചോദിക്കുന്നുണ്ട്. റെഡ് മീറ്റ് ഭക്ഷണങ്ങൾ ഇഷ്ടമാണെന്നും ബീഫിന്റെ ആരാധകനാണ് താനെന്നും ആയിരുന്നു രൺബീറിന്റെ മറുപടി. ഈ ഭാഗം മാത്രം കട്ട് ചെയ്ത് ട്വിറ്ററിലിട്ടാണ് ചിത്രത്തിനെതിരെ ബോയ്കോട്ട് ക്യാംപെയ്ൻ നടക്കുന്നത്. കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസ്, ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ്, നമിത് മൽഹോത്ര എന്നിവർ ചേർന്നാണ് അയാൻ മുഖർജിയുടെ ഡ്രീം പ്രൊജക്റ്റായ ഈ ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന് മൂന്നുഭാഗങ്ങള്‍ ഉണ്ടാകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ റിലീസ് ചെയ്യും.
