
തിരുവനന്തപുരം: വിഖ്യാത ചലച്ചിത്രക്കാരൻ ഋത്വിക് ഘട്ടക്കിന്റെ ജന്മശതാബ്ദി വർഷത്തിൽ അദ്ദേഹത്തിന് ആദരമർപ്പിച്ച് രാജ്യാന്തര ചലച്ചിത്ര മേള വേദിയിൽ പ്രദർശനം തുടങ്ങി. ടാഗോർ പരിസരത്ത് പ്രശസ്ത ബംഗാളി സംവിധായകൻ ഗൗതം ഘോഷ് പ്രദർശനോദ്ഘാടനം നിർവഹിച്ചു.
ഇന്ത്യൻ സിനിമയിൽ ഘട്ടക്കിന്റെ സ്വാധീനവും മനുഷ്യാവസ്ഥകളെ ചിത്രീകരിക്കുന്നതിലുള്ള മികവും കാണിക്കുന്ന നിശ്ചല ദൃശ്യങ്ങളാണ് പ്രദർശനത്തിലുള്ളത്. ഘട്ടക്കിന്റെ പ്രശസ്ത സിനിമകളിൽ നിന്നുള്ളതും അദ്ദേഹത്തിന്റേതുമായ ചിത്രങ്ങളാണിവ.
ലോകസിനിമയ്ക്ക് ഘട്ടക്ക് നൽകിയ സംഭാവനകളെയും അദ്ദേഹം സിനിമയിൽ അനുവർത്തിച്ച അർത്ഥവത്തും ഫലപ്രദമായതുമായ കഥപറച്ചിൽ പാരമ്പര്യത്തെയും ഈ ദൃശ്യങ്ങൾ ഊട്ടിയുറപ്പിക്കുന്നു. സംസ്ഥാന ചലച്ചിത്ര അക്കാദമിയും പശ്ചിമ ബംഗാൾ സർക്കാർ ഇൻഫർമേഷൻ ആൻ്റ് കൾച്ചറൽ വകുപ്പും സംയുക്തമായാണ് പ്രദർശനം സംഘടിപ്പിക്കുന്നത്.
സി എസ് വെങ്കിടേശ്വരൻ എഴുതിയ ഋത്വിക്ക് ഘട്ടക്കിനെ കുറിച്ചുള്ള പുസ്തകം ഗൗതം ഘോഷ് ബീന പോളിന് നൽകി പ്രകാശനം ചെയ്തു. ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരൻ, സെക്രട്ടറി സി അജോയ്, കേരള സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ എന്നിവർ പങ്കെടുത്തു.
30-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ നാലാം ദിനം (തിങ്കളാഴ്ച്ച) 74 ചിത്രങ്ങൾ പ്രദർശനത്തിനെത്തും. ഹോമേജ് വിഭാഗത്തിൽ, ഷാജി എൻ. കരുൺ സംവിധാനം ചെയ്ത് മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ ദേശീയ പുരസ്‌കാരത്തിനർഹമായ 'കുട്ടിസ്രാങ്ക്' ഇന്ന് (തിങ്കൾ) പ്രദർശിപ്പിക്കും. കഴിഞ്ഞ വർഷങ്ങളിൽ സുവർണചകോരം നേടിയ അസ്‌ഗർ ഫർഹാദിയുടെ ഇറാനിയൻ ചിത്രം അബൗട്ട് എല്ലി, സെമിഹ് കാപ്ലനൊഗ്ലു സംവിധാനം ചെയ്ത എയ്ഞ്ചൽ ഫാൾ’ എന്നിവയും മേളയിൽ വീണ്ടും എത്തും. സമകാലിക മലയാളം സിനിമ വിഭാഗത്തിൽ, 28-ാമത് ഐ.എഫ്.എഫ്.കെ.യിൽ മികച്ച നവാഗത സംവിധായകനുള്ള രജത ചകോരം നേടിയ ഫാസിൽ റസാഖിന്റെ പുതിയ ചിത്രമായ 'മോഹം' വൈകുന്നേരം 6 മണിക്ക് പ്രേക്ഷകരിലേക്ക് എത്തും.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ