
51ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരിതെളിയും. വൈകിട്ട് കലാ അക്കദാമയിൽ വച്ചാണ് ഉദ്ഘാടനം. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഉദ്ഘാടനത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഹൈബ്രിഡ് രീതിയിലാണ് മേള. 2500 ഡെലിഗേറ്റുകൾക്ക് മാത്രമേ പ്രവേശനമുള്ളു. അല്ലാത്തവർക്ക് ഓൺലൈനായി സിനിമ കാണാനാകും. ജനുവരി 16 മുതൽ 24വരെയാണ് മേള നടക്കുന്നത്.
വിഖ്യാത സംവിധായകൻ സത്യജിത്ത് റേയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് ഇത്തവണത്തെ മേള അദ്ദേഹത്തിനായാണ് സമർപ്പിക്കുന്നത്. ആകെ 224 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ഡാനിഷ് സംവിധായകൻ തോമസ് വിന്റർബെർഗിന്റെ അനതർ റൗണ്ടാണ് ഉദ്ഘാടന ചിത്രം. 23 ഫീച്ചർ സിനിമകളും 20 നോൺ ഫീച്ചർ സിനിമകളുമാണ് പനോരമ വിഭാഗത്തിലുള്ളത്.
മലയാളത്തിൽ നിന്ന് അഞ്ച് ഫീച്ചർ സിനിമകളും ഒരു നോൺ ഫീച്ചർ ചിത്രവും മേളയിൽ ഇടംനേടിയിട്ടുണ്ട്. പ്രദീപ് കാളിപുറം സംവിധാനം ചെയ്ത 'സേഫ്', ഫഹദ് ഫാസിലിന്റെ അന്‍വര്‍ റഷീദ് ചിത്രം 'ട്രാന്‍സ്', ആസിഫ് അലി നായകനായെത്തിയ നിസാം ബഷീര്‍ സംവിധാനം ചെയ്ത 'കെട്ട്യോളാണ് എന്റെ മാലാഖ', സിദ്ദിഖ് പരവൂരിന്റെ 'താഹിറ', മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത 'കപ്പേള' എന്നിവയാണ് ഫീച്ചര്‍ വിഭാഗത്തിൽ ഇടം പിടിച്ചിരിക്കുന്ന സിനിമകള്‍. 'ഒരു പാതിരാസ്വപ്നം പോലെ' ആണ് നോണ്‍ ഫീച്ചര്‍ വിഭാഗത്തിലേക്കുള്ള മലയാള സിനിമ. ശരണ്‍ വേണുഗോപാലിന്റേതാണ് ചിത്രം.
15 ചിത്രങ്ങളാണ് ഇത്തവണ മത്സരവിഭാഗത്തിലുള്ളത്. ഈ വിഭാഗത്തില്‍ ഇത്തവണ മലയാള ചിത്രങ്ങളില്ല.അര്‍ജന്റീനയില്‍ നിന്നുള്ള സംവിധായകന്‍ പാബ്ലോ സെസാറാണ് അന്താരാഷ്ട്ര ചിത്രങ്ങളുടെ ജൂറി അധ്യക്ഷന്‍. പ്രിയദര്‍ശന്‍, പ്രസന്ന വിതനഗെ (ശ്രീലങ്ക), അബൂബക്കര്‍ ഷോകി (ഓസ്ട്രിയ), റുബയ്യാത്ത് ഹുസൈന്‍(ബംഗ്ലദേശ്) എന്നിവരും ജൂറി അംഗങ്ങളാണ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ