
ടൊവീനോ തോമസ് നായകനാവുന്ന 'അന്വേഷിപ്പിന്‍ കണ്ടെത്തും' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് പുതിയൊരു നായിക കൂടി. കായംകുളം സ്വദേശിയും പ്രശസ്‍ത മോഡലുമായ ആദ്യ പ്രസാദ് ആണ് ചിത്രത്തില്‍ ടൊവീനോയുടെ നായികയാവുന്നത്. അന്വേഷണ ഉദ്യോഗസ്ഥരുടെ ജീവിതം പ്രമേയമാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഡാര്‍വിന്‍ കുര്യാക്കോസ് ആണ്. 'മുത്തുമണി' എന്ന കഥാപാത്രത്തേയാണ് ആദ്യ അവതരിപ്പിക്കുന്നത്. നേരത്തെ കുഞ്ചാക്കോ ബോബൻ നായകനായ 'നിഴൽ' എന്ന ചിത്രത്തില്‍ ആദ്യ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
നിഴലിലെ അഭിനയം കണ്ടാണ് ആദ്യയെ ചിത്രത്തിലെ നായകയായി തീരുമാനിച്ചതെന്ന് സംവിധായകന്‍ പറയുന്നു. നിഴലിനു ശേഷം നായികയായി ഒരു അവസരം ലഭിച്ചതില്‍ ഏറെ സന്തോഷത്തിലാണ് ആദ്യ പ്രസാദ്. "ടൊവീനോയെ പോലെയൊരു താരത്തിന്‍റെ നായികയായി അഭിനയിക്കാൻ ലഭിക്കുന്ന അവസരം വളരെ വലുതാണ്. ഒഡിഷൻ കഴിഞ്ഞതിനു ശേഷം എന്നെ തെരഞ്ഞെടുത്തതായിട്ടുള്ള അറിയിപ്പ് വന്നതു മുതൽ ഞാൻ എക്സൈറ്റഡ് ആണ്. മുത്തമണിയാവാനുള്ള തയ്യാറെടുപ്പിലാണ് ഞാനിപ്പോള്‍", ആദ്യ പ്രസാദ് പറയുന്നു. നെടുമുടി വേണു, ജാഫർ ഇടുക്കി, നന്ദു, വിജയകുമാർ, സൈജു കുറുപ്പ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
തിയ്യറ്റർ ഓഫ് ഡ്രീംസിന്‍റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ് നിർമ്മിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പ്രശസ്ത സംവിധായകൻ ജിനു വി എബ്രഹാം ആണ്. പൃഥ്വിരാജിന്‍റെ 'കടുവ'യ്ക്ക് ശേഷം ജിനുവിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രമാണ് ഇത്. പ്രശസ്ത ഛായാഗ്രാഹകൻ ഗീരീഷ് ഗംഗാധരൻ ആണ് ക്യാമറ ചലിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പൃഥ്വിരാജ് ചിത്രമായ 'കാപ്പ'യും നിർമ്മിക്കുന്നത് തിയ്യേറ്റർ ഓഫ് ഡ്രീംസ് ആണ്.
'അന്വേഷിപ്പിൻ കണ്ടെത്തും' എന്ന ഈ ചിത്രത്തിലൂടെ തമിഴിലെ പ്രശസ്ത സംഗീത സംവിധായകൻ സന്തോഷ് നാരായണൻ മലയാളത്തിൽ എത്തുകയാണ്. എഡിറ്റിംഗ് സൈജു ശ്രീധർ. കലാസംവിധാനം മോഹൻദാസ്, പ്രൊഡക്ഷൻ കൺട്രോളർ ബെന്നി കട്ടപ്പന, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് സജി കാട്ടാക്കട, സ്റ്റിൽസ് ഇബ്സെൻ മാത്യൂസ്, ഡിസൈൻ ഫോറസ്റ്റ് ഓൾ വെദർ. കേരളത്തിലെ സിനിമ ചിത്രീകരണത്തിനുളള കൊവിഡ് നിയന്ത്രണങ്ങൾ നീങ്ങുന്ന മുറയ്ക്ക് ചിത്രത്തിന്‍റെ ഷൂട്ടിംഗ് തുടങ്ങാനാണ് പദ്ധതിയെന്ന് സംവിധായകൻ ഡാർവിൻ കുര്യാക്കോസ് പറയുന്നു. നിയന്ത്രണങ്ങൾ നീണ്ടു പോവുകയാണെങ്കിൽ മറ്റു സംസ്ഥാനങ്ങളിലേക്കും ചിത്രീകരണം മാറ്റാൻ സാധ്യതയുണ്ടെന്നും അദേഹം കൂട്ടിച്ചേർത്തു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ