
മിഥുൻ മാനുവൽ തോമസ് രചിച്ച് സംവിധാനം ചെയ്യുന്ന ആട് 3 പാർട്ട് 1: വൺ ലാസ്റ്റ് റൈഡ് എന്ന ബിഗ് ബജറ്റ് എപിക് ഫാൻ്റസി ചിത്രത്തിന്റെ റിലീസ് തീയതി ഒരിക്കൽ കൂടി ഉറപ്പിച്ച് നിർമ്മാതാക്കളായ വിജയ് ബാബുവും വേണു കുന്നപ്പിള്ളിയും. നേരത്തെ അറിയിച്ചിരുന്നത് പോലെ ഈ മാസം 19 നു തന്നെ ചിത്രം ആഗോള റിലീസായി എത്തുമെന്നാണ് അവർ ഔദ്യോഗിക വാർത്താ കുറിപ്പിൽ അറിയിച്ചത്. ഗൾഫിൽ നടന്നു വരുന്ന യുദ്ധ സമാനമായ സാഹചര്യത്തിൽ സമ്മർ റിലീസായി എത്തുന്ന ആട് 3 ഉൾപ്പെടെയുള്ള മലയാള ചിത്രങ്ങളുടെ റിലീസ് തീയതി മാറ്റിയേക്കുമെന്ന തരത്തിലുള്ള ഊഹാപോഹങ്ങൾ പ്രചരിക്കുന്നതിനിടയിലാണ്, തങ്ങളുടെ ചിത്രം പറഞ്ഞ ദിവസം തന്നെ റിലീസ് ചെയ്യുമെന്ന ഔദ്യോഗിക പ്രഖ്യാപനവുമായി ഒരിക്കൽ കൂടി ആട് 3 ടീം എത്തിയത്. വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൌസ്, വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനി എന്നിവർ ചേർന്നാണ് ജയസൂര്യ നായകനായ ഈ വമ്പൻ കോമഡി ഫാൻ്റസി ചിത്രം നിർമ്മിക്കുന്നത്. 2026 മാർച്ച് 19 ന് ഈദ് റിലീസ് ആയാണ് ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുക. മലയാള സിനിമാ പ്രേമികൾ ഏറ്റവുമധികം കാത്തിരിക്കുന്ന ഫ്രാഞ്ചൈസ് ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയാണ് ചിത്രം സൃഷ്ടിച്ചിരിക്കുന്നത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആഗോള തലത്തിൽ നടക്കുന്ന സംഭവ വികാസങ്ങൾ തങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും ഒട്ടേറെ പ്രേക്ഷകർ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട സംശയങ്ങളുമായി തങ്ങളെ സമീപിക്കുന്നുണ്ടെന്നും നിർമ്മാതാക്കൾ പറഞ്ഞു. ഈ പ്രത്യേക സാഹചര്യത്തിന്റെ എല്ലാ വശങ്ങളും പരിഗണിച്ച ശേഷം ഇപ്പോൾ വലിയ വെല്ലുവിളി നേരിടുന്ന മലയാള സിനിമയ്ക്ക് ഒപ്പം നിന്നുകൊണ്ട്, പറഞ്ഞ തീയതിയിൽ തന്നെ ചിത്രം റിലീസ് ചെയ്യാനാണ് തങ്ങളുടെ തീരുമാനം എന്നും അവർ അറിയിച്ചു. പ്രേക്ഷകരുടെ സ്നേഹവും പിന്തുണയുമാണ് ഈ ഫ്രാഞ്ചൈസിനെയും തങ്ങളെയും വളർത്തിയതെന്നും അതുകൊണ്ട് തന്നെ ഈ സമയത്ത് അവരിലേക്ക് കൂടുതൽ സന്തോഷവും സമാധാനവും സ്നേഹവും വിനോദവും എത്തിക്കാനാണ് തങ്ങളുടെ ശ്രമമെന്നും വിജയ് ബാബു, വേണു കുന്നപ്പിള്ളി എന്നിവർ ഔദ്യോഗിക വാർത്താ കുറിപ്പിൽ കൂട്ടിച്ചേർത്തു.
പൊട്ടിച്ചിരിപ്പിക്കുന്ന മുഹൂർത്തങ്ങൾക്കൊപ്പം ഫാന്റസി ഘടകങ്ങളും കോർത്തിണക്കിയാണ് ഇത്തവണ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത് എന്ന സൂചനയാണ് ചിത്രത്തിന്റെ ട്രെയ്‌ലർ നൽകുന്നത്. വ്യത്യസ്ത കാലഘട്ടങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ പറയുന്നതെന്നും ട്രെയ്‌ലർ കാണിച്ചു തരുന്നുണ്ട്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് ആട് 3 പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ഫ്രൈഡേ ഫിലിം ഹൌസ്, കാവ്യാ ഫിലിം കമ്പനി എന്നിവർ നിർമ്മിക്കുന്ന ഏറ്റവും വലിയ ചിത്രമാണ് "ആട് 3 പാർട്ട് 1 ; വൺ ലാസ്റ്റ് റൈഡ്". മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ ഹിറ്റായ 2018, അമ്പതു കോടി ക്ലബിൽ ഇടം പിടിച്ച മാളികപ്പുറം, രേഖാചിത്രം തുടങ്ങിയവയും നിർമ്മിച്ചിട്ടുള്ള കാവ്യ ഫിലിം കമ്പനി ആട് ഫ്രാൻഞ്ചൈസിലേക്കു കടന്ന് വന്നതോടെ ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ ഏറെ വർധിച്ചിട്ടുണ്ട്. 22 ചിത്രങ്ങൾ ഇതിനു മുൻപ് നിർമ്മിച്ച ഫ്രൈഡേ ഫിലിം ഹൗസിന്റെ 23-ാമത്തെ ചിത്രമാണ് ആട് 3.
ജയസൂര്യ, വിനായകൻ, ഇന്ദ്രൻസ്, ധർമജൻ ബോല്‍ഗാട്ടി, വിജയ് ബാബു, നോബി, നിർമ്മൽ പാലാഴി, സൈജു കുറുപ്പ്, ഹരികൃഷ്ണൻ, ഭഗത് മാനുവൽ, സണ്ണി വെയ്ൻ, സുധി കോപ്പ, ബിജു കുട്ടൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ആട് ഒരു ഭീകര ജീവിയാണ്, ആട് 2 എന്നിവയ്ക്ക് ശേഷം എത്തുന്ന ഈ മൂന്നാം ഭാഗം വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ആദ്യ രണ്ട് ഭാഗങ്ങളിലൂടെ പ്രേക്ഷകർക്ക് പരിചിതരായ, അവരുടെ പ്രിയപ്പെട്ട കഥാപാത്രങ്ങൾ മൂന്നാം ഭാഗത്തിലൂടെയും വെള്ളിത്തിരയിൽ എത്തുന്നുണ്ട്. "ആട് 3 പാർട്ട് 1 ; വൺ ലാസ്റ്റ് റൈഡ്" എന്ന ടൈറ്റിൽ ടാഗ് ലൈനിലൂടെ ചിത്രത്തിന്റെ അവസാന ഭാഗത്തിന് ഇനി ഒരു പാർട്ട് കൂടെ ഉണ്ടാകും എന്ന ഉറപ്പും അണിയറ പ്രവർത്തകർ പ്രേക്ഷകർക്ക് നൽകുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - വിനയ് ബാബു, ഛായാഗ്രഹണം - അഖിൽ ജോർജ്ജ്, മ്യൂസിക്, ഒറിജിനൽ തീം - ഷാൻ റഹ്മാൻ, പശ്‌ചാത്തല സംഗീതം, ന്യൂ തീം- ഡോൺ വിൻസെന്റ്, എഡിറ്റർ - ലിജോ പോൾ, ലൈൻ പ്രൊഡ്യൂസർ -ഗോപകുമാർ ജി കെ, പ്രൊഡക്ഷൻ കൺട്രോളർ- ഷിബു ജി സുശീലൻ, പ്രൊഡക്ഷൻ ഡിസൈനർ- അനീസ് നാടോടി, മേക്കപ്പ്- റോണെക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ- സ്റ്റെഫി സേവ്യർ, ക്രിയേറ്റീവ് ഡയറക്ടർ- വിഷ്ണു ഭരതൻ, വിഎഫ്എക്സ് ഡയറക്ടർ - ജിഷ്ണു ആർ ദേവ്, സൗണ്ട് ഡിസൈൻ- കിഷൻ മോഹൻ (സപ്ത റെക്കോർഡ്‌സ്), വരികൾ- മനു മൻജിത്, ചീഫ് അസ്സോസിയേറ്റ് ഡിറക്ടർസ്: പ്രേംനാഥ്, റോബിൻ വര്ഗീസ്, ഡിഐ ഹ്യൂസ് & ടോൺസ് കളർ ഹബ് കളറിസ്റ്റ്- ഷൺമുഖപാണ്ഡ്യൻ എം, സ്റ്റിൽ ഫോട്ടോഗ്രാഫി - വിഷ്ണു എസ് രാജൻ, ടൈറ്റിൽ ഡിസൈൻസ് - കോളിൻസ് ലിയോഫിൽ, പബ്ലിസിറ്റി ഡിസൈൻ- എയ്സ്തെറ്റിക് കുഞ്ഞമ്മ, പിആർഒ ആൻഡ് മാർക്കറ്റിങ്- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ