'ആടുജീവിതം' ആറ് വർഷത്തെ ഫ്രീ മാസ്റ്റർക്ലാസ്: ചീഫ് അസോ. ഡയറക്ടർ റോബിൻ ജോർജ്

By Web TeamFirst Published Mar 29, 2024, 12:05 PM IST
Highlights

"സ്ക്രിപ്റ്റ് ആദ്യ പകുതി മാത്രമേ ഞാൻ വായിച്ചുള്ളൂ. അപ്പോൾ തന്നെ ഞാൻ പറഞ്ഞു; ഞാൻ കേരളത്തിലേക്ക് വരികയാണ്, സിനിമ ചെയ്യാൻ."

ബോളിവുഡിലെ വമ്പൻ നിർമ്മാണക്കമ്പനികൾക്ക് വേണ്ടി സിനിമകളിലും പരസ്യങ്ങളിലും അസോസിയേറ്റ് ഡയറക്ടറായി തുടരുമ്പോഴാണ് മലയാളിയായ റോബിൻ ജോർജിന് സംവിധായകൻ ബ്ലെസിയുടെ ഫോൺകോൾ വരുന്നത്. 'ആടുജീവിത'ത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടർ ആകാനായിരുന്നു ക്ഷണം. യാഷ് രാജ് ഫിലിംസ് പോലെ പേരുകേട്ട കമ്പനികൾക്കൊപ്പം 16 വർഷത്തോളമായി സഹകരിക്കുന്നുണ്ട് റോബിൻ.

"എനിക്കൊരു മലയാള സിനിമയുടെ ഭാ​ഗമാകണമെന്ന് വലിയ ആ​ഗ്രഹമായിരുന്നു. അതേ സമയത്ത് തന്നെയാണ് ബ്ലെസി സർ വിളിച്ചത്. നമ്മളാ​ഗ്രഹിച്ചാൽ നടക്കും എന്ന് പറയില്ലേ, അതുപോലെ." റോബിൻ ജോർജ് ഓർമ്മിക്കുന്നു.

ബ്ലെസിയുടെ ഫോൺവിളിക്ക് പിന്നാലെ ആടുജീവിതത്തിന്റെ തിരക്കഥ റോബിന് അയച്ചുകിട്ടി. "സ്ക്രിപ്റ്റ് ആദ്യ പകുതി മാത്രമേ ഞാൻ വായിച്ചുള്ളൂ. അപ്പോൾ തന്നെ ഞാൻ പറഞ്ഞു; ഞാൻ കേരളത്തിലേക്ക് വരികയാണ്, സിനിമ ചെയ്യാൻ." പിന്നീട് കേരളത്തിലേക്കുള്ള വിമാനത്തിലും ഹോട്ടൽ മുറിയിലും ഇരുന്നാണ് തിരക്കഥ വായിച്ചു തീർത്തത്.

വലിയ സിനിമയായത് കൊണ്ട് തന്നെ സിനിമ ഷൂട്ടിന് മുൻപ് തന്നെ പൂർണമായും തയാറെടുപ്പ് നടത്തി. "ഓരോ സീനും ഷോട്ടും ബ്ലെസി സാറും ഞാനും ചേർന്ന് ബ്രേക്ക് ഡൗൺ ചെയ്തിരുന്നു. അത്രയ്ക്ക് വിശദമായിട്ടാണ് ഷൂട്ട് പ്ലാൻ ചെയ്തത്. എല്ലാ സീനുകളും റിഹേഴ്സ് ചെയ്യുകയായിരുന്നു ഞങ്ങൾ ചെയ്തത്. പ്രൊഡക്ഷനിലുള്ള എല്ലാവർക്കും ബ്ലെസി സർ നിർദേശം കൊടുത്തിരുന്നു - സ്ക്രിപ്റ്റ് പഠിച്ചിട്ടേ ഷൂട്ടിങ്ങിന് എത്താൻ പാടുള്ളൂ."

'ആടുജീവിത'ത്തിന്റെ ചിത്രീകരണത്തിൽ ഏറ്റവും ബുദ്ധിമുട്ടുള്ള ഭാ​ഗം ലൊക്കേഷനുകൾ ആയിരുന്നു എന്നാണ് റോബിൻ പറയുന്നത്. ജോർ‌ദാൻ, അൾജീരിയ, ഈജിപ്റ്റ് തുടങ്ങിയ രാജ്യങ്ങളിലായിരുന്നു അധികവും ഷൂട്ടിങ്. പക്ഷേ, ദുഷ്കരമായ സാഹചര്യങ്ങളിലും അഭിനേതാക്കളും സാങ്കേതികപ്രവർത്തകരും മികവോടെ ജോലി ചെയ്തു.

"ജോർദാനിൽ ഷൂട്ട് ചെയ്യുമ്പോൾ കടുത്ത തണുപ്പായിരുന്നു. എല്ലാവരും ലെയറുകളായി വസ്ത്രം ധരിച്ചാണ് വന്നത്. പക്ഷേ, നജീബ് ആയി അഭിനയിച്ച പൃഥ്വിരാജിന്റെ കോസ്റ്റ്യൂം വെറും പാന്റും ഷർട്ടും. അതും ആ വേഷത്തിൽ ഒരു പിക്കപ്പ് വാഹനത്തിന്റെ പുറകിൽ കിടക്കണം. ആ തണുപ്പത്ത് ഒരു പരാതിയും പറയാതെ പൃഥ്വിരാജ് അത് ചെയ്തു." റോബിൻ പറയുന്നു.

സിനിമയുടെ അവസാന ഭാ​ഗങ്ങൾ ചിത്രീകരിച്ച അൾജീരിയയിൽ കടുത്ത ചൂടായിരുന്നു പ്രശനം. "ളരെയധികം തെരഞ്ഞ് കണ്ടുപിടിച്ച ഒരു വിജനമായ മരുഭൂമിയിലെ റോഡ് ആയിരുന്നു ഷൂട്ടിങ് ലൊക്കേഷൻ. അന്നത്തെ ഷോട്ടിൽ ഒന്ന് രണ്ട് ട്രക്കുകൾ വേണമായിരുന്നു. പക്ഷേ, ട്രക്ക് കിട്ടാൻ വഴിയില്ല. അൾജീരിയയിൽ ഷൂട്ടിങ്ങിന് പട്ടാളക്കാർ കാവലുണ്ടായിരുന്നു. ഞാൻ അവരോട് കാര്യം പറഞ്ഞു. അപ്പോൾ അതുവഴി പോയ ഒരു ട്രക്ക് പട്ടാളക്കാർ തടഞ്ഞ് കാര്യം പറഞ്ഞു. ആ ട്രക്കും ഡ്രൈവറും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്."

മനുഷ്യർക്കൊപ്പം ആടും ഒട്ടകവും കഴുകന്മാരും 'ആടുജീവിത'ത്തിൽ കഥാപാത്രങ്ങളാണ്. മൃ​ഗങ്ങളെ പ്രത്യേകിച്ച് പരിശീലകരില്ലാതെയാണ് ഷൂട്ട് ചെയ്തതെന്നാണ് റോബിൻ പറയുന്നത്. മൃ​ഗങ്ങളുടെ റിയാക്ഷൻ ഷോട്ടുകൾ എടുക്കാനുണ്ടായിരുന്നു. "പട്ടിയെ പരിശീലിപ്പിക്കുന്നത് പോലെ ആടിനെയും ഒട്ടകത്തെയും ഒന്നും പരിശീലിപ്പിക്കാൻ പറ്റില്ല, ശ്രമകരമായിരുന്നു അതെല്ലാം. നാളെ ഇനി മൃ​ഗങ്ങളെ വച്ച് ഒരു സിനിമയെടുക്കാൻ പറഞ്ഞാൽ എനിക്ക് പറ്റും എന്നാണ് തോന്നുന്നത്."

'ആടുജീവിത'ത്തിന് വേണ്ടി ആറ് വർഷത്തോളം ബ്ലെസിക്കൊപ്പം റോബിൻ ജോർജ് ജോലി ചെയ്തു. എന്താണ് ഈ അനുഭവത്തെക്കുറിച്ച് റോബിന് പറയാനുള്ളത് എന്ന് ചോദിച്ചാൽ അദ്ദേഹം പറയും: "ആറ് വർഷത്തെ മാസ്റ്റർക്ലാസ് ഫ്രീ ആയി കിട്ടി. ഇതിനപ്പുറം എനിക്കെന്താണ് വേണ്ടത്?"

click me!