വരുമോ ആ ബോക്സ് ഓഫീസ് മത്സരം? ലിയോയും ആടുജീവിതവും ഒരേസമയം?

By Web TeamFirst Published Mar 23, 2023, 9:26 AM IST
Highlights

റിലീസ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനത്തിന് കാത്തിരിക്കുകയാണ് പ്രേക്ഷകര്‍

മലയാള സിനിമയില്‍ പല സവിശേഷതകളുമുള്ള പ്രോജക്റ്റ് ആണ് ആടുജീവിതം. മലയാള സാഹിത്യത്തിന്‍റെ സമീപകാല ചരിത്രത്തില്‍ ഏറ്റവുമധികം വായിക്കപ്പെട്ട ഒരു നോവലിന്‍റെ ചലച്ചിത്രാവിഷ്കാരം എന്നതിനു പുറമെ ചിത്രീകരണത്തിന് ഏറ്റവുമധികം കാലദൈര്‍ഘ്യമെടുത്ത ചിത്രം കൂടിയാണ് അത്. 2022 ജൂലൈയില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ റിലീസിന് ഒരുങ്ങുന്നതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കാമെങ്കില്‍ ഈ വര്‍ഷം ഒക്ടോബര്‍ 20 ന് ചിത്രം തിയറ്ററുകളിലെത്തും. അങ്ങനെ സംഭവിച്ചാല്‍ കേരളത്തില്‍ ഒരു വലിയ ബോക്സ് ഓഫീസ് ക്ലാഷിനും അത് വഴിവെക്കും.

സിനിമാപ്രേമികള്‍ക്കിടയില്‍ ഇതിനകം വന്‍ കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള വിജയ്- ലോകേഷ് കനകരാജ് ചിത്രം ലിയോയുടെ പ്രഖ്യാപിച്ചിട്ടുള്ള റിലീസ് തീയതി ഒക്ടോബര്‍ 19 ആണ്. അതേസമയം ആടുജീവിതം റിലീസ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനത്തിന് കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. മലയാള സിനിമയില്‍ സമാനതകളില്ലാത്ത ഒരു ഏടാണ് ആടുജീവിതം എന്ന പ്രോജക്റ്റിന്‍റെ ഇതുവരെയുള്ള നാള്‍വഴി. തന്‍റെ ഡ്രീം പ്രോജക്റ്റിന്‍റെ ആകെ ചിത്രീകരണത്തിനായി സംവിധായകന്‍ ബ്ലെസിക്ക് വേണ്ടിവന്നത് 160നു മുകളില്‍ ദിവസങ്ങള്‍. എന്നാല്‍ നാലര വര്‍ഷം കൊണ്ടാണ് ബ്ലെസിയും സംഘവും ഇത് സാധിച്ചെടുത്തത്. മരുഭൂമിയിലെ ചിത്രീകരണവും ഇടയ്ക്ക് വിലങ്ങുതടിയായി വന്ന കൊവിഡ് മഹാമാരിയുമൊക്കെയായിരുന്നു ഇതിന് പ്രധാന കാരണങ്ങള്‍. ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കാനായി പൃഥ്വിരാജിന് ശരീരഭാരം കുറച്ച് വലിയ മേക്കോവറും നടത്തേണ്ടിവന്നിരുന്നു. 

2018 ഫെബ്രുവരിയിലാണ് പത്തനംതിട്ടയിലായിരുന്നു ആടുജീവിതം ചിത്രീകരണത്തിന്‍റെ തുടക്കം. അതേ വര്‍ഷം ജോര്‍ദ്ദാനിലും ചിത്രീകരണം നടന്നു. പിന്നീട് 2020ലും ജോര്‍ദാനില്‍ ചിത്രീകരണം നടന്നു. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ അന്തര്‍ദേശീയ വിമാന സര്‍വ്വീസുകള്‍ റദ്ദാക്കപ്പെട്ടതോടെ രണ്ട് മാസത്തിലേറെ സിനിമാസംഘം അവിടെ കുടുങ്ങി. 2022 മാര്‍ച്ച് 16ന് സഹാറ, അള്‍ജീരിയ എന്നിവിടങ്ങളില്‍ അടുത്ത ഘട്ടം ചിത്രീകരണം ആരംഭിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ ജോര്‍ദ്ദാനില്‍ പ്രഖ്യാപിക്കപ്പെട്ട കര്‍ഫ്യൂ ഒരിക്കല്‍ക്കൂടി ചിത്രീകരണത്തെ തടസ്സപ്പെടുത്തിയെങ്കിലും ഏപ്രില്‍ 14ന് പുനരാരംഭിച്ചു. റസൂല്‍ പൂക്കുട്ടിയാണ് സിനിമയുടെ സൗണ്ട് ഡിസൈനര്‍. കെ എസ് സുനില്‍ ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. എ ആര്‍ റഹ്‍മാന്‍ ആണ് സംഗീതം. 

ALSO READ : 'അസുഖത്തിന്‍റെ ചെറിയ ലക്ഷണങ്ങള്‍ ആദ്യം ഞാന്‍ കാര്യമാക്കിയില്ല'; ബെല്‍സ് പാഴ്സിയെക്കുറിച്ച് മിഥുന്‍ രമേശ്

click me!