'ആടുതോമ'യ്ക്കു പിന്നാലെ 'ആളവന്താനും' തിയറ്ററുകളിലേക്ക്; കമല്‍ ഹാസന്‍ ചിത്രത്തിനും റീമാസ്റ്ററിംഗ്

By Web TeamFirst Published Jan 25, 2023, 7:48 PM IST
Highlights

സാങ്കേതിക മികവ് കൊണ്ട് റിലീസ് സമയത്തുതന്നെ ശ്രദ്ധിക്കപ്പെട്ട ചിത്രം

പഴയ ശ്രദ്ധേയ ചിത്രങ്ങളുടെ റീ മാസ്റ്റേര്‍ഡ് പതിപ്പുകള്‍ തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നത് ഒരു തുടര്‍ച്ചയാവുകയാണ്. രജനീകാന്ത് നായകനായ ബാബയാണ് ഇത്തരത്തില്‍ അടുത്തിടെ തിയറ്ററുകളിലെത്തിയ ചിത്രം. ഈ റീ റിലീസ് നിര്‍മ്മാതാവിനും വിതരണക്കാരനുമൊക്കെ ലാഭവുമായിരുന്നു. ഇപ്പോഴിതാ മറ്റൊരു പഴയ തമിഴ് ചിത്രം കൂടി ഡിജിറ്റലി റീമാസ്റ്ററിംഗ് നടത്തിയതിനു ശേഷം റിലീസിന് ഒരുങ്ങുകയാണ്. ബാബയുടെ സംവിധായകന്‍ സുരേഷ് കൃഷ്ണ തന്നെ ഒരുക്കിയ കമല്‍ ഹാസന്‍ ചിത്രം ആളവന്താനാണ് (2001) വീണ്ടും തിയറ്ററുകളില്‍ എത്തുക.

തൊണ്ണൂറുകളില്‍ സൂപ്പര്‍ താരങ്ങളെ നായകരാക്കി നിരവധി ഹിറ്റുകള്‍ സൃഷ്ടിച്ച സംവിധായകനാണ് സുരേഷ് കൃഷ്ണ. എന്നാല്‍ 2000 ആയതോടുകൂടി അദ്ദേഹത്തിന്‍റെ സിനിമകള്‍ ആ വിജയവഴിയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടു. സുരേഷ് കൃഷ്ണ കരിയറില്‍ വലിയ പ്രതീക്ഷയോടെ ചെയ്തതും എന്നാല്‍ തിയറ്ററുകളില്‍ വര്‍ക്കാവാതെ പോയതുമായ രണ്ട് സിനിമകളാണ് ബാബയും ആളവന്താനും. ബാബ റീ റിലീസിന്‍റെ വിജയമാണ് അദ്ദേഹത്തെ കമല്‍ ചിത്രവും തിയറ്ററുകളില്‍ വീണ്ടുമെത്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. ആഗോള തലത്തില്‍ വന്‍ റിലീസുമാണ് നിര്‍മ്മാതാക്കള്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. ചിത്രം ആയിരത്തിലധികം തിയറ്ററുകളില്‍ എത്തിക്കുമെന്നാണ് നിര്‍മ്മാതാവ് വി ക്രിയേഷന്‍സിന്‍റെ എസ് താണു അറിയിച്ചിരിക്കുന്നത്. വിക്രത്തിന്‍റെ വന്‍ വിജയത്തിനു ശേഷം, ഈ പഴയ കമല്‍ ചിത്രത്തിന്‍റെ റീ റിലീസ് കാണാന്‍ പ്രേക്ഷകര്‍ എത്തുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ. 

Aalavandhaan is coming soon pic.twitter.com/yO1VA6UznQ

— sureshkrissna (@Suresh_Krissna)

സാങ്കേതികപരമായ മികവ് കൊണ്ട് റിലീസ് സമയത്തുതന്നെ ശ്രദ്ധിക്കപ്പെട്ട ആളവന്താനില്‍ ഇരട്ട വേഷത്തിലാണ് കമല്‍ ഹാസന്‍ എത്തിയത്. വിജയ് എന്ന വിജയ് കുമാര്‍, നന്ദു എന്ന നന്ദകുമാര്‍ എന്നിങ്ങനെയായിരുന്നു കഥാപാത്രങ്ങളുടെ പേരുകള്‍. സാങ്കേതിക വിഭാഗങ്ങളില്‍ നിരവധി വിദേശികളും ചിത്രത്തിന്‍റെ ഭാഗമായിരുന്നു. പുറത്തിറക്കിയിരിക്കുന്ന പുതിയ പോസ്റ്ററില്‍ ഇത്തരത്തിലുള്ള ക്രെഡിറ്റുകളും നല്‍കിയിട്ടുണ്ട്.

ALSO READ : ബോക്സ് ഓഫീസില്‍ കുതിപ്പ് തുടങ്ങി 'പഠാന്‍'; 3 മള്‍ട്ടിപ്ലെക്സ് ചെയിനുകളില്‍ നിന്ന് ഇതുവരെ നേടിയത്

അതേസമയം ഒരു ശ്രദ്ധേയ മലയാള ചിത്രത്തിന്റെ റീമാസ്റ്റേര്‍ഡ് പതിപ്പും അടുത്ത് തിയറ്ററുകളില്‍ എത്തുന്നുണ്ട്. ഭദ്രന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ സ്ഫടികമാണ് അത്. ഫെബ്രുവരി 9 ന് ആണ് ചിത്രത്തിന്‍റെ റിലീസ്.

click me!