'ബന്ധം അവസാനിക്കുന്നില്ല, പക്ഷേ'; ആമിര്‍ ഖാനും കിരണ്‍ റാവുവും വിവാഹമോചിതരാവുന്നു

By Web TeamFirst Published Jul 3, 2021, 2:16 PM IST
Highlights

"ഈ വിവാഹമോചനം ഒരു അവസാനമല്ലെന്നും മറിച്ച് പുതിയൊരു യാത്രയുടെ തുടക്കമാണെന്നും ഞങ്ങളെപ്പോലെതന്നെ പ്രതീക്ഷിക്കുക"

ബോളിവുഡ് താരം ആമിര്‍ ഖാനും സംവിധായികയും നിര്‍മ്മാതാവുമായ കിരണ്‍ റാവുവും വിവാഹമോചിതരാവുന്നു. ഏറെക്കാലമായി ആലോചിച്ച് എടുത്ത തീരുമാനമാണെന്നും മകന്‍റെ രക്ഷകര്‍ത്താക്കളായും സുഹൃത്തുക്കളായും മുന്നോട്ടുപോകുമെന്നും ഇരുവരും ചേര്‍ന്ന് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

ആമിര്‍ ഖാനും കിരണ്‍ റാവുവും ചേര്‍ന്നിറക്കിയ പ്രസ്‍താവന

ഒരുമിച്ച് ഉണ്ടായിരുന്ന ഈ 15 വര്‍ഷങ്ങള്‍ എക്കാലത്തേക്കുമുള്ള അനുഭവങ്ങളുടെയും ആഹ്ളാദത്തിന്‍റെയും പൊട്ടിച്ചിരികളുടേതുമായിരുന്നു. വിശ്വാസത്തിലും ബഹുമാനത്തിലും സ്നേഹത്തിലും ഞങ്ങളുടെ ബന്ധം വളര്‍ന്നതേ ഉള്ളൂ. ഇപ്പോള്‍ ഞങ്ങളുടെ ജീവിതങ്ങളില്‍ ഒരു പുതിയ അധ്യായം ആരംഭിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഭാര്യാഭര്‍ത്താക്കന്മാരായി തുടരില്ല, പക്ഷേ രക്ഷകര്‍ത്താക്കളായും പരസ്‍പരം ഒരു കുടുംബമായും തുടരും. ഈ വേര്‍പിരിയല്‍ കുറേനാളായി ആലോചിക്കുന്നതാണ്. വേറിട്ട് ജീവിച്ച്, അതേസമയം ഒരു കുടുംബത്തിന്‍റേതായ പങ്കുവെക്കലുകളൊക്കെ തുടരുന്ന തരത്തിലും ജീവിതം മാറ്റിനിര്‍വ്വചിക്കാനുള്ള സമയം ഇപ്പോഴാണ് എത്തിച്ചേര്‍ന്നത്. ഞങ്ങളുടെ മകന്‍ ആസാദിന്‍റെ രക്ഷിതാക്കള്‍ എന്ന നിലയില്‍ മാറ്റമൊന്നും ഉണ്ടാവില്ല. ഞങ്ങള്‍ ഒരുമിച്ച് തന്നെ അവനെ വളര്‍ത്തും. സിനിമകളിലും പാനി ഫൗണ്ടേഷന്‍റെ പ്രവര്‍ത്തനങ്ങളിലും മാനസികാവേശം തോന്നുന്ന മറ്റു പ്രോജക്റ്റുകളിലും ഇനിയും ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും. ഞങ്ങളുടെ ബന്ധത്തിന്‍റെ ഈ മാറ്റത്തെ മനസിലാക്കുകയും പിന്തുണയ്ക്കുകയും ചെയ്‍ത ഞങ്ങളുടെ കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒരു വലിയ നന്ദി. അവരില്ലാതെ ഈ ചുവട് സാധ്യമായിരുന്നില്ല. ആശംസകള്‍ക്കും അനുഗ്രഹങ്ങള്‍ക്കും നന്ദി. ഈ വിവാഹമോചനം ഒരു അവസാനമല്ലെന്നും മറിച്ച് പുതിയൊരു യാത്രയുടെ തുടക്കമാണെന്നും ഞങ്ങളെപ്പോലെതന്നെ പ്രതീക്ഷിക്കുക, 

നന്ദിയും സ്‍നേഹവും, കിരണും ആമിറും

 

2005 ഡിസംബറില്‍ ആയിരുന്നു ഇരുവരുടെയും വിവാഹം. ആമിര്‍ ഖാന്‍റെ രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യ ഭാര്യ റീന ദത്തയില്‍ നിന്നും 2002ല്‍ ആമിര്‍ വിവാഹമോചനം നേടിയിരുന്നു. ആസാദ് റാവു ഖാന്‍ ആണ് ആമിറിന്‍റെയും കിരണിന്‍റെയും മകന്‍. ഇറ ഖാന്‍, ജുനൈദ് ഖാന്‍ എന്നീ മക്കളും ആമിറിനുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!