
ഹൈദരാബാദ്: തമിഴ് നടനും നിർമ്മാതാവുമായ വിഷ്ണു വിശാലിന്റെയും പ്രശസ്ത ബാഡ്മിന്റൺ താരം ജ്വാല ഗുപ്തയുടെയും കുട്ടിക്ക് പേര് വിളിച്ച് ബോളിവുഡ് സൂപ്പർതാരം ആമിർ ഖാൻ. 'മീര' എന്നാണ് കുട്ടിക്ക് പേര് നൽകി. ഈ വർഷം ഏപ്രിൽ 22-നാണ് തങ്ങളുടെ നാലാം വിവാഹ വാർഷിക ദിനത്തിൽ മകള്‍ ജനിച്ച വിവരം താരദമ്പതികള്‍ പുറത്തുവിട്ടത്. ഇപ്പോള്‍ മകളുടെ നാമകരണ ചടങ്ങിനായി ആമിർ ഖാൻ പ്രത്യേകമായി ഹൈദരാബാദിലേക്ക് എത്തിയെന്ന വിവരവും ദമ്പതികള്‍ പങ്കുവച്ചു.
മകളുടെ പേരിടല്‍ ചടങ്ങിന്‍റെ ഹൃദയഹാരിയായ നിമിഷങ്ങൾ ജ്വാലയും വിഷ്ണുവും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. "ഞങ്ങളുടെ 'മീര' ഇതിലും മികച്ചത് ആഗ്രഹിക്കാനില്ല, ആമിർ, നിങ്ങളെ കൂടാതെ ഈ യാത്ര അസാധ്യമായിരുന്നു. ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു. മനോഹരമായ ഈ പേര് നൽകിയതിന് നന്ദി" എന്നാണ് ജ്വല ഇട്ട പോസ്റ്റിന്‍റെ ക്യാപ്ഷന്‍.
വിഷ്ണു വിശാൽ തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ ആമിറിനോടുള്ള നന്ദി പ്രകടിപ്പിച്ചു "ഞങ്ങളുടെ മീരയെ പരിചയപ്പെടുത്തുന്നു. ഞങ്ങളുടെ കുഞ്ഞിന് പേര് നൽകാൻ ഹൈദരാബാദിലേക്ക് വന്ന ആമിർഖാൻ സാറിന് എന്‍റെ സ്നേഹാലിംഗനങ്ങള്‍. മീര എന്നാൽ നിരുപാധികമായ സ്നേഹവും ശാന്തിയും പ്രതിനിധീകരിക്കുന്നു. ആമിർ സാറിനൊപ്പമുള്ള ഈ യാത്ര എന്നും ഒരു മാജിക്കാണ്"
ആമിർ ഖാനും വിഷ്ണു വിശാലിനും ഇടയിലുള്ള സൗഹൃദം 2023-ലെ ചെന്നൈ വെള്ളപ്പൊക്കത്തിനിടെ ആരംഭിച്ചതാണ്. ആമിർ ഖാനും വിഷ്ണുവും ഒരേ പ്രദേശത്ത് അകപ്പെട്ടപ്പോൾ ഇരുവരും ഒരു ബോട്ടിൽ രക്ഷപ്പെടുത്തപ്പെട്ടിരുന്നു. ഈ സംഭവം അവർക്കിടയിൽ ഒരു അപ്രതീക്ഷിത സൗഹൃദത്തിന് തുടക്കമിട്ടത്.
ജ്വാല ഗുപ്ത ഒരു ചടങ്ങിനിടെ ആമിറിനെ കണ്ടുമുട്ടിയതോടെ ഈ ബന്ധം കൂടുതൽ ദൃഢമായി.
പിന്നീട്, ആമിർ വിഷ്ണുവിന്റെ 'രാക്ഷസൻ', 'എഫ്ഐആര്‍' തുടങ്ങിയ ചിത്രങ്ങൾ കണ്ട് ആമിര്‍ അഭിനന്ദനം അറിയിച്ചിരുന്നു.