
മുംബൈ: ബോളിവുഡ് താരവും നർത്തകിയുമായ നോറ ഫത്തേഹി കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തിൽ കണ്ണീരോടെ പ്രത്യക്ഷപ്പെട്ടത് വലിയ ചര്‍ച്ചയാകുകയാണ്. സാധാരണയായി പാപ്പരാസികളോടും ആരാധകരോടും സൗഹൃദപരമായി ഇടപെടുന്ന നോറ ഇത്തവണ ദുഃഖഭാവത്തിൽ വിമാനത്താവളത്തിലേക്ക് ആരെയും വകവയ്ക്കാതെ കടന്നുപോകുന്നതാണ് പാപ്പരാസി ക്യാമറകൾ പകർത്തിയത്.
കറുത്ത വസ്ത്രവും കറുത്ത സൺഗ്ലാസും ധരിച്ച് കണ്ണീർ തുടയ്ക്കുന്ന നോറയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. നോറയുടെ ഈ വൈകാരിക നിമിഷത്തിന് മുമ്പ് അവർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു ദുരൂഹ പോസ്റ്റും ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
മുസ്ലിം സമുദായത്തിൽ ഒരാളുടെ മരണവാർത്ത കേൾക്കുമ്പോൾ ചൊല്ലാറുള്ള അറബി വാക്കുകളാണ് നോറ കുറിച്ചത്. ഈ വാചകത്തിന്റെ അർത്ഥം, "നാം അല്ലാഹുവിന്റെ സൃഷ്ടിയാണ്, അവനിലേക്ക് തന്നെ നാം മടങ്ങും" എന്നാണ്.
ഈ പോസ്റ്റ്, നോറയുടെ കുടുംബത്തിലോ അടുത്ത വ്യക്തിയോ ആരുടെയെങ്കിലും മരണവുമായി ബന്ധപ്പെട്ടതാണോ എന്ന് ആരാധകർക്കിടയിൽ അഭ്യൂഹങ്ങൾ ഉയർത്തി. വിമാനത്താവളത്തിൽ, ഒരു ആരാധകൻ നോറയോട് സെൽഫി എടുക്കാൻ ശ്രമിച്ചപ്പോൾ, അവരുടെ ബോഡിഗാർഡ് ആരാധകനെ തടയുന്നതും വീഡിയോയിലുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം, നോറയുടെ അമ്മായിയുടെ മരണമാണ് അവരുടെ ദുഃഖത്തിന് കാരണമെന്ന് ചില സോഷ്യൽ മീഡിയ പോസ്റ്റുകൾ സൂചിപ്പിക്കുന്നു, എന്നാൽ നോറയോ അവരുടെ ടീമോ ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിട്ടില്ല.
പ്രൊഫഷണൽ രംഗത്ത്, നോറ ഫത്തേഹി അടുത്തിടെ നെറ്റ്ഫ്ലിക്സ് സീരീസായ ദ റോയൽസിൽ ഇഷാൻ ഖട്ടർ, ഭൂമി പെഡ്നേക്കർ, സാക്ഷി തൻവർ, സീനത്ത് അമൻ എന്നിവർക്കൊപ്പം അഭിനയിച്ചിരുന്നു. കൂടാതെ, കന്നഡ ചിത്രമായ കെഡി - ദ ഡെവിൾ എന്ന ആക്ഷൻ ഡ്രാമയിൽ ധ്രുവ സർജ, സഞ്ജയ് ദത്ത് എന്നിവർക്കൊപ്പം നോറ അഭിനയിക്കാനിരിക്കുകയാണ്.