
മുംബൈ: ഈ വർഷത്തെ ഏറ്റവും പ്രധാനപ്പെട്ട സ്ട്രീമിംഗ് ഡീലുകളിൽ ഒന്നായ ആമിർ ഖാന്റെ വരാനിരിക്കുന്ന ചിത്രമായ സീതാരേ സമീൻ പര്‍ മാറിയേക്കും എന്ന് വിവരം. ചിത്രത്തിന്‍റെ ഒടിടി അവകാശങ്ങൾ സ്വന്തമാക്കാനുള്ള പ്രാരംഭ ഓഫർ നെറ്റ്ഫ്ലിക്സ് ഇരട്ടിയിലധികം വർദ്ധിപ്പിച്ചതായി ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്യുന്നു. ചിത്രം സ്വന്തമാക്കാൻ 125 കോടി രൂപ നെറ്റ്ഫ്ലിക്സ് ഓഫര്‍ ചെയ്തുവെന്നാണ് വിവരം.
സ്ട്രീമിംഗ് ഭീമന്മാര്‍ 50 മുതൽ 60 കോടി രൂപ വരെയാണ് ഈ ചിത്രത്തിന് ഓഫർ നൽകിയിരുന്നത്, ബോളിവുഡിലെ മിക്ക മുൻനിര ചിത്രങ്ങള്‍ക്കും ലഭിക്കുന്ന തുകയ്ക്ക് തുല്യമാണ് ഈ തുക. അതേ സമയം പടം തീയറ്റര്‍ റിലീസിനൊപ്പം യൂട്യൂബില്‍ പേ-പെർ-വ്യൂ മോഡലില്‍ റിലീസ് ചെയ്യും എന്ന് പറഞ്ഞതോടെയാണ് നെറ്റ്ഫ്ലിക്സ് ഓഫര്‍ ഇരട്ടിപ്പിച്ചത് എന്നാണ് ബോളിവുഡ് ഹംഗാമ പറയുന്നത്.
പുത്തന്‍ ചിന്തകളും അസാധാരണമായ മാർക്കറ്റിംഗ് തന്ത്രങ്ങള്‍ക്കും പേരുകേട്ട ആമിർ ഖാൻ, പരമ്പരാഗത സബ്‌സ്‌ക്രിപ്‌ഷൻ അധിഷ്ഠിത സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളോടുള്ള തന്റെ അതൃപ്തി നേരത്തെയും പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷമായി, പേ-പെർ-വ്യൂ മോഡൽ വഴി തന്റെ സിനിമകൾ യൂട്യൂബിൽ ലഭ്യമാക്കുന്നതിനെക്കുറിച്ച് സൂപ്പർസ്റ്റാർ വ്യാപകമായി സംസാരിച്ചിട്ടുണ്ട്.
അത്തരമൊരു പ്ലാറ്റ്‌ഫോം ഇന്ത്യൻ പ്രേക്ഷകർക്കിടയില്‍ പ്രത്യേകിച്ച് ടയർ-2, ടയർ-3 നഗരങ്ങളിൽ കൂടുതൽ സാന്നിധ്യം ഉറപ്പാക്കുന്നുവെന്ന് ആമിര്‍ വാദിച്ചിട്ടുണ്ട്. ആമിര്‍ പറയുന്നതനുസരിച്ച് ഈ മോഡൽ പ്രേക്ഷകർക്ക് നാമമാത്രമായ ഒറ്റത്തവണ ഫീസിനു പുതിയ സിനിമകൾ കാണാൻ പ്രാപ്തമാക്കും.
ചെലവേറിയ പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷനുകള്‍ ആവശ്യമായി വരില്ല. ഇത്തരത്തിലുള്ള റിലീസ് ആഴത്തിലുള്ള മാര്‍ക്കറ്റ് ഉണ്ടാക്കും. സ്മാർട്ട്‌ഫോൺ ഉള്ള ആർക്കും സിനിമ ആക്‌സസ് ചെയ്യാൻ കഴിയുമെന്നാണ് ഈ വര്‍ഷം ആദ്യം ഒരു സിനിമ ഇൻഡസ്ട്രി കോൺക്ലേവിൽ ആമിര്‍ ഖാന്‍ പ്രസ്താവിച്ചിരുന്നു.
ഈ ധീരമായ നിലപാട് പരമ്പരാഗത സ്ട്രീമിംഗ് ഭീമന്മാരെ ശരിക്കും ഭയപ്പെടുത്തുന്നു എന്നാണ് വിവരം. സീതാരേ സമീൻ പറിനെ യൂട്യൂബിൽ നിന്ന് ഒഴിവാക്കാൻ നെറ്റ്ഫ്ലിക്സ് കിണഞ്ഞ് ശ്രമിക്കുന്നു എന്നാണ് വിവരം. “യുട്യൂബ് പേ-പെർ-വ്യൂ മോഡലിലേക്കുള്ള സിനിമയുടെ മാറ്റം ഒടിടി സംവിധാനത്തിന്‍റെ ഇപ്പോഴത്തെ ഘടനയെ പൂര്‍ണ്ണമായും അലോസരപ്പെടുത്തും” ഒരു മുതിർന്ന വ്യവസായ വിദഗ്ധന്‍ ബോളിവുഡ് ഹംഗാമയോട് പറയുന്നത്.
“ആമിർ ഇത് പിന്തുടർന്നാൽ, കൂടുതൽ ചലച്ചിത്ര നിർമ്മാതാക്കൾ തുറന്ന പ്ലാറ്റ്‌ഫോമുകൾ വഴി നേരിട്ട് പ്രേക്ഷകരിലേക്ക് റിലീസ് ചെയ്യാന്‍ ധൈര്യപ്പെടും. ഇതിനർത്ഥം നെറ്റ്ഫ്ലിക്സ്, ആമസോൺ പോലുള്ള സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകൾക്ക് ഇപ്പോള്‍ ലഭിക്കുന്ന ആധിപത്യം അവസാനിക്കും. നെറ്റ്ഫ്ലിക്സിനെ സംബന്ധിച്ചിടത്തോളം, സീതാരേ സമീൻ പർ സ്വന്തമാക്കുന്നത് അവരുടെ വരുമാന മാര്‍ഗ്ഗത്തെ സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ്. ആമിറിന്റെ പ്രേക്ഷക വ്യാപ്തിയും പ്രോജക്റ്റിന്റെ വിശ്വാസ്യതയും ഇന്ത്യയിലെ ഒടിടി സംവിധാനത്തെ തന്നെ അട്ടിമറിക്കുന്ന ഒരു സംഭവമായി ഈ ചിത്രത്തെ മാറ്റുന്നു ” മുതിർന്ന വ്യവസായ വിദഗ്ധന്‍ പറഞ്ഞു.
നെറ്റ്ഫ്ലിക്സിന്റെ വമ്പൻ ഓഫർ ആമിർ സ്വീകരിക്കുമോ അതോ തന്റെ വിപ്ലവകരമായ റിലീസ് തന്ത്രത്തിൽ തന്നെ തുടരുമോ എന്ന് കണ്ടറിയണം, പക്ഷേ സ്വീകരിക്കാനുള്ള സാധ്യതകൾ നിഷേധിക്കാനും പറ്റില്ല. എന്നാല്‍ ആമിര്‍ ഖാൻ യൂട്യൂബ് പേ-പെർ-വ്യൂ വഴി റിലീസ് നടത്തിയാല്‍ സമീപ ഭാവിയിലെ മുഖ്യധാരാ ബോളിവുഡ് സിനിമയുടെ സാമ്പത്തിക കാഴ്ച രീതികളെ അത് പുനർനിർവചിക്കും. കൂടാതെ ഇന്ത്യയിലെ ചലച്ചിത്ര വിതരണത്തിന്റെ രീതികള്‍ തന്നെ അടിമുടി മാറും.
ഇപ്പോൾ, എല്ലാ കണ്ണുകളും 'സീതാരേ സമീൻ പർ' എന്ന ചിത്രത്തിലാണ് - അതിന്റെ സിനിമാറ്റിക് അനുഭവത്തില്‍ മാത്രം അല്ല ചലച്ചിത്ര വ്യവസായ ലോകത്ത് വലിയൊരു മാറ്റത്തിന്‍റെ കാറ്റായിരിക്കാം ഈ ചിത്രം ഉണ്ടാക്കുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ