
തന്‍റെ യുട്യൂബ് ചാനല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ച് ബോളിവുഡ് താരം ആമിര്‍ ഖാന്‍. ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സിന്‍റെ സിനിമകള്‍ തിയറ്റര്‍ റിലീസിന് ശേഷം പ്രദര്‍ശിപ്പിക്കുക ഇനി ഈ യുട്യൂബ് ചാനലിലൂടെ ആയിരിക്കും. ആമിര്‍ ഖാന്‍ ടോക്കീസ് എന്നാണ് ചാനലിന്‍റെ പേര്. ജനങ്ങളുടെ തിയറ്റര്‍ (ജന്‍താ കാ തിയറ്റര്‍) എന്ന വിശേഷണത്തോടെയാണ് യുട്യൂബ് ചാനല്‍ അവതരിപ്പിച്ചിരിക്കുന്നത്. ആമിര്‍ ഖാന്‍റെ ഏറ്റവും പുതിയ ചിത്രം സിതാരെ സമീന്‍ പര്‍ ആയിരിക്കും ചാനലിലൂടെയുള്ള ആദ്യ റിലീസ്. ഓഗസ്റ്റ് 1 നാണ് ചിത്രത്തിന്‍റെ യുട്യൂബ് സ്ട്രീമിംഗ് ആരംഭിക്കുക. ഒടിടി റിലീസ് ഒഴിവാക്കിയാണ് തിയറ്റര്‍ റിലീസിന് ശേഷം ചിത്രം യുട്യൂബിലേക്ക് എത്തുന്നത്. സിതാരെ സമീന്‍ പര്‍ റിലീസിന് മുന്‍പ് ആമിര്‍ ഖാന്‍ അറിയിച്ചിരുന്ന കാര്യമാണ് ഇത്.
കാണുന്നതിന് പണം നല്‍കുന്ന പേ പെര്‍ വ്യൂ മാതൃകയില്‍ ആയിരിക്കും സിതാരെ സമീന്‍ പര്‍ സിനിമയുടെ യുട്യൂബ് റിലീസ്. ചിത്രം കാണാന്‍ 100 രൂപയാണ് മുടക്കേണ്ടത്. 100 രൂപ മുടക്കുന്ന ആള്‍ക്ക് രണ്ട് ദിവസത്തെ ആക്സസ് (48 മണിക്കൂര്‍) ആയിരിക്കും ലഭിക്കുക. മുംബൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ആമിര്‍ ഖാന്‍ വിപ്ലവകരമായ പ്രഖ്യാപനം നടത്തിയത്. ഇന്ത്യയ്ക്കൊപ്പം യുഎസ്എ, കാനഡ, യുകെ, ഓസ്ട്രേലിയ, ജര്‍മനി, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലും യുട്യൂബിലൂടെ ചിത്രം ലഭ്യമായിരിക്കും. അതത് രാജ്യങ്ങള്‍ക്ക് അനുസൃതമായിട്ടാവും തുക. സബ്ടൈറ്റിലുകളോടൊപ്പം പ്രധാന ഭാഷകളിലെ മൊഴിമാറ്റ പതിപ്പുകളും ലഭ്യമായിരിക്കും.
പല കാരണങ്ങളാല്‍ തിയറ്ററുകളിലേക്ക് എത്താനാവാത്ത ജനങ്ങളിലേക്ക് സിനിമകള്‍ എത്തിക്കണമെന്നത് കഴിഞ്ഞ 15 വര്‍ഷമായി തന്‍റെ ഉള്ളില്‍ ഉണ്ടായിരുന്ന ആഗ്രഹമായിരുന്നെന്നും അതിനുള്ള ശരിയായ സമയം ഇതാണെന്നും ആമിര്‍ ഖാന്‍ പറഞ്ഞു. ഇന്‍റര്‍നെറ്റ് ലഭ്യതയും യുപിഐ പണമിടപാടുകളുടെ ജനകീയതയുമാണ് ഇത് സാധ്യമാക്കിയതെന്നും ആമിര്‍ ഖാന്‍ പറഞ്ഞു.
സിതാരെ സമീന്‍ പര്‍ ഒരു തുടക്കം മാത്രമാണ്. കാലക്രമത്തില്‍ ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സിന്‍റെ മുഴുവന്‍ സിനിമകളും ഇവിടെ ലഭ്യമാകും. അതില്‍ ചില ഉള്ളടക്കങ്ങള്‍ സൗജന്യമായി കാണാനാവുന്ന തരത്തിലുമായിരിക്കും. ആമിര്‍ ഖാന്‍ അവതാരകനാവുന്ന സത്യമേവ ജയതേ പോലുള്ള ഷോകള്‍ ചാനലില്‍ സൗജന്യമായി കാണാനാവും. ആമിര്‍ ഖാന്‍റെ അച്ഛന്‍ താഹിര്‍ ഹുസൈന്‍റെ ചിത്രങ്ങളും പിന്നീട് ഈ യുട്യൂബ് ചാനലിലേക്ക് എത്തും. ഇന്‍ഡിപെന്‍ഡന്‍റ് ഫിലിം മേക്കേഴ്സിനും തങ്ങളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ പുതിയ പ്ലാറ്റ്‍ഫോമിലൂടെ അവസരം നല്‍കുമെന്നും ആമിര്‍ ഖാന്‍ പറഞ്ഞു.