'നീ വെറും പെണ്ണാണ് എന്ന ഡയലോഗിന് ജനം ഇന്ന് കൈയ്യടിക്കില്ല; 'ആറാട്ടി'ല്‍ സ്ത്രീവിരുദ്ധത ഉണ്ടാവില്ല'

By Web TeamFirst Published Dec 13, 2020, 1:46 PM IST
Highlights

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്‍ണന്‍ സംവിധാനം ചെയ്യുന്ന 'ആറാട്ട്' ആണ് ഉദയകൃഷ്‍ണ തിരക്കഥയൊരുക്കുന്ന പുതിയ ചിത്രം. വമ്പന്‍ ബോക്സ് ഓഫീസ് വിജയം നേടിയ 'പുലിമുരുകന്' ശേഷം ഉദയകൃഷ്‍ണ എഴുതുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഇത്. മാറിയ കാലത്ത് ഒരു സൂപ്പര്‍താരചിത്രത്തിന് തിരക്കഥയൊരുക്കുന്നതിനെക്കുറിച്ചും ഉദയകൃഷ്‍ണ പറയുന്നു.

മലയാളസിനിമയിലെ രാഷ്ട്രീയ ശരികള്‍ സംബന്ധിച്ച ചര്‍ച്ചകളെക്കുറിച്ചുള്ള ചോദ്യത്തിന് പ്രതികരണവുമായി ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഉദയകൃഷ്‍ണ. സ്ത്രീവിരുദ്ധമായ സംഭാഷണങ്ങള്‍ക്ക് മുന്‍കാലങ്ങളില്‍ തീയേറ്ററുകളില്‍ കൈയ്യടികള്‍ ഉയര്‍ന്നിരുന്നുവെന്നും എന്നാല്‍ ഇന്ന് സ്ഥിതി വ്യത്യസ്‍തമാണെന്നും ഉദയകൃഷ്‍ണ പ്രതികരിച്ചു. മനോരമയ്ക്കു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"നീ വെറും പെണ്ണാണ് എന്ന ഡയലോഗിനു ജനം കൈയടിക്കുന്നതു കണ്ടയാളാണ് ഞാന്‍. എന്നാല്‍ ഇന്ന് ജനം അങ്ങനെ ചെയ്യാത്തതുകൊണ്ടുതന്നെ അത്തരം ഡയലോഗുകളുടെ സാധ്യതയും ഇല്ലാതാവുന്നു. അതുപോലെ ജാതിപ്പേര് പറഞ്ഞും തൊഴിലിന്‍റെ പേര് പറഞ്ഞും മനുഷ്യരെ ആക്ഷേപിക്കുന്ന സംഭാഷണങ്ങള്‍ പഴയ സിനിമകളില്‍ കാണാം. ഇന്ന് ആരും അത് എഴുതില്ല. ഇത് ഒരേസമയം എഴുത്തിലും സമൂഹത്തിലും ഉണ്ടായ മാറ്റമാണ്. ജനാദിപത്യം, തുല്യത തുടങ്ങിയ കാര്യങ്ങളെപ്പറ്റി ബോധ്യമുള്ള ഒരു ജനതയോടാണ് ഇന്നത്തെ സിനിമ കമ്യൂണിക്കേറ്റ് ചെയ്യുന്നത്. അത് മറന്നുകൊണ്ട് എഴുത്തുകാരന് മുന്നോട്ട് പോകാനാവില്ല", ഉദയകൃഷ്‍ണ പറയുന്നു.

 

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്‍ണന്‍ സംവിധാനം ചെയ്യുന്ന 'ആറാട്ട്' ആണ് ഉദയകൃഷ്‍ണ തിരക്കഥയൊരുക്കുന്ന പുതിയ ചിത്രം. വമ്പന്‍ ബോക്സ് ഓഫീസ് വിജയം നേടിയ 'പുലിമുരുകന്' ശേഷം ഉദയകൃഷ്‍ണ എഴുതുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഇത്. മാറിയ കാലത്ത് ഒരു സൂപ്പര്‍താരചിത്രത്തിന് തിരക്കഥയൊരുക്കുന്നതിനെക്കുറിച്ചും ഉദയകൃഷ്‍ണ പറയുന്നു. "ഇതൊരു മാസ് മസാല പടം തന്നെയായിരിക്കും. മോഹന്‍ലാല്‍ നിറഞ്ഞാടി അഭിനയിക്കുന്ന പടം. എന്നാല്‍ അഥില്‍ സ്ത്രീവിരുദ്ധതയോ ജനാധിപത്യവിരുദ്ധതയോ ഉണ്ടാവില്ല. എല്ലാവര്‍ക്കും കുടുംബത്തോടെ വന്നു കാണാവുന്ന എന്‍റര്‍ടെയ്‍നര്‍ എന്നു പറയാം", ഉദയകൃഷ്‍ണ പറയുന്നു.

'നെയ്യാറ്റിന്‍കര ഗോപന്‍' എന്നാണ് 'ആറാട്ടി'ല്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്‍റെ പേര്. 'നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്' എന്നാണ് ചിത്രത്തിന്‍റെ മുഴുവന്‍ ടൈറ്റില്‍. സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്ലോട്ട്. 'ഇട്ടിമാണി മേഡ് ഇന്‍ ചൈന'യ്ക്കു ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന കോമഡിക്ക് പ്രാധാന്യമുള്ള ചിത്രവുമാണ് ഇത്. ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തില്‍ നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും എത്തുന്നുണ്ട്. 

click me!