നടൻ അപ്പ ഹാജ, നടനും മന്ത്രിയുമായ സുരേഷ് ഗോപിയുമായുള്ള തൻ്റെ ആഴത്തിലുള്ള സൗഹൃദത്തെക്കുറിച്ച് വെളിപ്പെടുത്തുന്നു

തൊണ്ണൂറുകളിലെ മലയാള സിനിമ കണ്ടിട്ടുള്ളവര്‍ക്ക് പരിചിതമായ മുഖമാണ് അപ്പ ഹാജ എന്ന നടന്‍റേത്. ചെറിയ റോളുകളിലാണ് അദ്ദേഹം മിക്കപ്പോഴും എത്തിയതെങ്കിലും അതൊക്കെ വിജയ ചിത്രങ്ങളായിരുന്നു. മിക്കതും സൂപ്പര്‍താരങ്ങള്‍ നായകന്മാരാകുന്ന ചിത്രങ്ങളും. എന്നാല്‍ തൊണ്ണൂറുകള്‍ക്ക് ശേഷം തുടര്‍ച്ചയായി സിനിമകളില്‍ അഭിനയിക്കുന്ന പതിവ് അദ്ദേഹം ഉപേക്ഷിച്ചിരുന്നു. അത് ബോധപൂര്‍വ്വമുള്ള തീരുമാനം തന്നെയായിരുന്നെന്ന് അപ്പ ഹാജ പറഞ്ഞിട്ടുണ്ട്. ഫുട്‍വെയര്‍ അടക്കമുള്ള ബിസിനസുകളിലായിരുന്നു അദ്ദേഹത്തിന്‍റെ ശ്രദ്ധ. ഇപ്പോഴിതാ സിനിമയിലെ തന്‍റെ ഒരു അടുത്ത സൗഹൃദത്തെക്കുറിച്ച് പറയുകയാണ് അദ്ദേഹം. സുരേഷ് ഗോപിയെക്കുറിച്ചാണ് പുതിയ അഭിമുഖത്തില്‍ അപ്പ ഹാജ വാചാലനാവുന്നത്.

Add Asianetnews as a Preferred SourcegooglePreferred

അപ്പ ഹാജ പറയുന്നു

സാമ്പത്തികമായി സുരേഷ് ഗോപി തന്നെ സഹായിച്ചിട്ടുള്ള കാര്യവും രാഷ്ട്രീയ ജീവിതം ആരംഭിച്ചതിന് ശേഷവും എപ്പോഴും സമീപിക്കാവുന്ന ഒരാളായി നിലനില്‍ക്കുന്ന കാര്യവും അപ്പ ഹാജ പറയുന്നുണ്ട്. മാസ്റ്റര്‍ ബിന്‍ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അപ്പ ഹാജ ഇക്കാര്യങ്ങള്‍ പറയുന്നത്. “സുരേഷ് ഗോപിയുടെ മറ്റൊരു ഗുണം എന്താണെന്ന് വച്ചാല്‍, ഞാന്‍ അന്ന് ഈ ഫുട്‍വെയര്‍ ബിസിനസ് ഒക്കെ നടത്തുമ്പോള്‍ പര്‍ച്ചേസിന് പോകുമ്പോള്‍ നമുക്ക് ഒരുപാട് ക്യാഷ് ആവശ്യം വരും. അവിടെ ക്യാഷ് ആയിട്ട് കൊടുത്താലേ നമുക്ക് മെച്ചം കിട്ടൂ. അപ്പോള്‍ ഞാന്‍ പുള്ളിയോട് ചോദിക്കും. ഒരു ലക്ഷം രൂപ സാലറി വാങ്ങിച്ചുകൊണ്ടിരിക്കുന്ന സമയത്തും 50,000 രൂപ എനിക്ക് അതില്‍ നിന്ന് എടുത്ത് തരുമായിരുന്നു, പര്‍ച്ചേസിന് പോകുന്ന സമയത്ത്. കൊല്ലങ്ങള്‍ക്ക് മുന്‍പുള്ള കാര്യമാണ് കേട്ടോ”, അപ്പ ഹാജ പറയുന്നു.

“പിന്നെ ഉച്ചയ്ക്ക് പുള്ളിയുടെ വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ വിളിക്കും. ഡാ, ഉച്ചയ്ക്ക് ഇവിടെ ഉണ്ടാവണം എന്ന് പറയും. ഞങ്ങള്‍ ട്രെയിനില്‍ യാത്ര ചെയ്യുകയാണെങ്കില്‍ കൊല്ലത്തുനിന്ന് അദ്ദേഹത്തിന്‍റെ അമ്മ ഉണ്ടാക്കിയ ഭക്ഷണം അച്ഛന്‍ കൊണ്ടുതന്നിട്ട് ഞങ്ങള്‍ കഴിച്ചിട്ടുണ്ട്. സ്നേഹമുള്ള മനുഷ്യനാണ്. ഫാമിലി മാന്‍ ആണ്”, പഴയ ഓര്‍മ്മകള്‍ അപ്പ ഹാജ പങ്കുവെക്കുന്നു. മന്ത്രി ആയതിന് ശേഷം സുരേഷ് ഗോപി നടത്തിയ ഇടപെടലിനെക്കുറിച്ചും അപ്പ ഹാജ പറയുന്നു- “എന്‍റെയൊരു പരിചയക്കാരന്‍റെ മകന്‍റെ കിഡ്നി മാറ്റിവെക്കാനായിട്ടുള്ള കേന്ദ്ര സര്‍ക്കാര്‍ സഹായം അദ്ദേഹം ശരിയാക്കി തന്നിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഫണ്ട് ഒക്കെ ഉണ്ടല്ലോ. അതൊക്കെ അവര്‍ക്ക് വാങ്ങിച്ച് കൊടുത്തിട്ടുണ്ട്”, അപ്പ ഹാജ പറഞ്ഞവസാനിപ്പിക്കുന്നു. സിനിമയില്‍ വീണ്ടും സജീവമാകണമെന്ന ആഗ്രഹവും അപ്പ ഹാജ പങ്കുവെക്കുന്നുണ്ട്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming