ഒന്നല്ല, ആമസോണ്‍ പ്രൈം ഉള്‍പ്പെടെ ആറ് പ്ലാറ്റ്‍ഫോമുകളില്‍; ഒടിടി റിലീസില്‍ വ്യത്യസ്തതയുമായി 'ആര്‍ക്കറിയാം'

By Web TeamFirst Published May 19, 2021, 8:56 AM IST
Highlights

ഒന്നിലധികം പ്ലാറ്റ്ഫോമുകളില്‍ ഒരേസമയം റിലീസ് എന്നത് മുന്‍പും സംഭവിച്ചിട്ടുണ്ടെങ്കിലും ആറ് പ്ലാറ്റ്ഫോമുകളില്‍ ഒരേദിവസം ഒരു ചിത്രം എത്തുന്നത് ആദ്യമായാണ്.

പാര്‍വ്വതി, ബിജു മേനോന്‍, ഷറഫുദ്ദീന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാനു ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്‍ത 'ആര്‍ക്കറിയാം' എന്ന ചിത്രം ഒടിടിയില്‍ റിലീസ് ആയി. നീസ്ട്രീം, റൂട്ട്സ് എന്നീ പ്ലാറ്റ്ഫോമുകളിലൂടെ ചിത്രം എത്തുമെന്നാണ് നേരത്തെ കരുതപ്പെട്ടിരുന്നതെങ്കില്‍ ആമസോണ്‍ പ്രൈം ഉള്‍പ്പെടെ ആറ് പ്ലാറ്റ്ഫോമുകളിലാണ് ഒരേ ദിവസം ചിത്രം റിലീസ് ചെയ്യപ്പെട്ടിരിക്കുന്നത്. മലയാളസിനിമയെ സംബന്ധിച്ച് വലിയ പുതുമയാണ് ഇത്. ഒന്നിലധികം പ്ലാറ്റ്ഫോമുകളില്‍ ഒരേസമയം റിലീസ് എന്നത് മുന്‍പും സംഭവിച്ചിട്ടുണ്ടെങ്കിലും ആറ് പ്ലാറ്റ്ഫോമുകളില്‍ ഒരേദിവസം ഒരു ചിത്രം എത്തുന്നത് ആദ്യമായാണ്.

ആമസോൺ പ്രൈമിനൊപ്പം നീസ്ട്രീം, കേവ്, റൂട്ട്സ്, ഫില്‍മി, ഫസ്റ്റ് ഷോസ് എന്നീ പ്ലാറ്റ്ഫോമുകളിലാണ് ചിത്രം പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്. ലോക്ക് ഡൗണിനു ശേഷം തുറന്ന തിയറ്ററുകളിലേക്ക് ഏപ്രില്‍ ഒന്നിന് എത്തിയ ചിത്രത്തിന് അക്കാരണത്താല്‍ തന്നെ അധികം കാണികളെ നേടാനായിരുന്നില്ല. അതേസമയം ചിത്രം കണ്ടവരില്‍ പലരും സോഷ്യല്‍ മീഡിയയിലൂടെ പോസിറ്റീവ് അഭിപ്രായങ്ങളും പങ്കുവച്ചിരുന്നു. പക്ഷേ മൗത്ത് പബ്ലിസിറ്റി പ്രയോജനപ്പെടുത്താന്‍ കൊവിഡ് സാഹചര്യത്താല്‍ ചിത്രത്തിന് ആയില്ല. അതേസമയം ചിത്രം കാണണമെന്നാഗ്രഹിച്ചിട്ട് കാണാനാവാതെ പോയ സിനിമാപ്രേമികള്‍ക്ക് ചിത്രം കാണാനുള്ള അവസരമാണ് ഒടിടി റിലീസ്.

 

72 വയസ്സുള്ള ഇട്ടിയവിര എന്ന കഥാപാത്രമായാണ് ബിജു മേനോന്‍ ചിത്രത്തില്‍ എത്തുന്നത്. ബിജു മേനോന്‍റെ മേക്കോവര്‍ റിലീസിനു മുന്‍പുതന്നെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. പ്രശസ്ത ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസ് ആദ്യമായി സംവിധാനം ചെയ്‍ത ചിത്രമാണ് ഇത്. കൊവിഡ് കാലം പശ്ചാത്തലമാക്കുന്ന സിനിമ കൂടിയാണ് ഇത്. മൂൺഷോട്ട് എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെയും ഒപിഎം ഡ്രീംമിൽ സിനിമാസിന്‍റെയും ബാനറുകളില്‍ സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. മഹേഷ് നാരായണൻ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത് സാനു ജോൺ വർഗീസിനൊപ്പം രാജേഷ് രവി, അരുൺ ജനാർദ്ദനന്‍ എന്നിവര്‍ ചേർന്നാണ്. ജി ശ്രീനിവാസ് റെഡ്ഢിയാണ് ഛായാഗ്രഹണം. നേഹ നായരുടെയും യെക്‌സാൻ ഗാരി പെരേരയുടെയും ആണ് ഗാനങ്ങൾ. പശ്ചാത്തല സംഗീതം സഞ്ജയ് ദിവേച്ച. 'ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാള്‍ ആണ് ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ ഡിസൈനിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!