'ഗ്യാങ്സ്റ്റര്‍' എന്തുകൊണ്ട് ബോക്സ് ഓഫീസില്‍ പരാജയപ്പെട്ടു? ആഷിക് അബുവിന്‍റെ വിലയിരുത്തല്‍

By Web TeamFirst Published Dec 4, 2021, 1:15 PM IST
Highlights

ആഷിക് അബുവിന്‍റെ സംവിധാനത്തില്‍ വന്ന രണ്ടാമത്തെ മമ്മൂട്ടി ചിത്രം

ആഷിക് അബുവിന്‍റെ കരിയറിലെ രണ്ടാമത്തെ മമ്മൂട്ടി ചിത്രമായിരുന്നു 'ഗ്യാങ്സ്റ്റര്‍' (2014). ആഷികിന്‍റെ ഫിലിമോഗ്രഫിയില്‍ ഏറ്റവുമധികം പ്രീ-റിലീസ് ഹൈപ്പ് ലഭിച്ച ചിത്രങ്ങളില്‍ ഒന്നുമായിരുന്നു ഇത്. എന്നാല്‍ ചിത്രം ബോക്സ് ഓഫീസില്‍ പരാജയപ്പെട്ടു. ആദ്യ ഷോ മുതല്‍ നെഗറ്റീവ് മൗത്ത് പബ്ലിസിറ്റിയാണ് ചിത്രത്തിന് ലഭിച്ചത്. വലിയ പ്രതീക്ഷയുയര്‍ത്തി എത്തിയ ഒരു ചിത്രം പ്രേക്ഷകരാല്‍ ഇത്തരത്തില്‍ തിരസ്‍കരിക്കപ്പെടാന്‍ കാരണമെന്താവും? ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ഗ്യാങ്സ്റ്ററിന്‍റെ ബോക്സ് ഓഫീസ് പരാജയത്തെ ആഷിക് അബു വിലയിരുത്തുന്നത് ഇങ്ങനെ...

"മമ്മൂക്ക നായകനാവുന്ന ചിത്രമെന്ന നിലയില്‍ ഈ ചിത്രത്തിനുമേല്‍ പ്രേക്ഷകര്‍ക്കുള്ള പ്രതീക്ഷ ഏറെ വലുതായിരുന്നു. റിലീസിനു മുന്‍പെത്തിയ സ്റ്റില്ലുകളും ട്രെയ്‍ലറുമൊക്കെ ഈ പ്രതീക്ഷകളെ വീണ്ടും ഉയര്‍ത്തി. ചിത്രത്തിലെ ഓപണിംഗ് ടൈറ്റിലുകള്‍ക്കൊപ്പമുള്ള അനിമേഷന്‍ സീക്വന്‍സുകളൊക്കെ മലയാളത്തില്‍ പുതുമയായിരുന്നു. പക്ഷേ ആളുകളുടെ ശ്രദ്ധയെ പിടിക്കുന്ന ഒരു തിരക്കഥ ചിത്രത്തിന് ഇല്ലാതെപോയി. ഏത് സിനിമയെ സംബന്ധിച്ചും പ്രധാനപ്പെട്ടത് തിരക്കഥയാണ്", ആഷിക് അബു വിലയിരുത്തുന്നു.

 

മമ്മൂട്ടി തന്നെ നായകനായെത്തിയ 'ഡാഡി കൂളി'ലൂടെ (2009) സംവിധായകനായി അരങ്ങേറിയ ആളാണ് ആഷിക്. ആദ്യ ചിത്രം ചെയ്യുമ്പോള്‍ പ്രേക്ഷകര്‍ക്ക് തന്നില്‍ അമിത പ്രതീക്ഷകള്‍ ഉണ്ടായിരുന്നില്ലെന്നും എന്നാല്‍ ഗ്യാങ്സ്റ്ററിന്‍റെ സമയത്ത് അതായിരുന്നില്ല സ്ഥിതിയെന്നും ആഷിക് പറയുന്നു. "സോള്‍ട്ട് ആന്‍ഡ് പെപ്പര്‍, 22 ഫീമെയില്‍ കോട്ടയം, ഡാ തടിയാ എന്നീ ചിത്രങ്ങളൊക്കെ ചെയ്‍തതിനു ശേഷമാണ് ഗ്യാങ്സ്റ്റര്‍ വരുന്നത്. സ്വാഭാവികമായും ഈ ചിത്രത്തോട് പ്രേക്ഷകര്‍ക്കുള്ള പ്രതീക്ഷയും കൂടിയിരിക്കും", ആഷിക് കൂട്ടിച്ചേര്‍ക്കുന്നു.

'ആണും പെണ്ണും' എന്ന ആന്തോളജി ചിത്രത്തിലെ ഒരു ഭാഗമാണ് ആഷിക് അബുവിന്‍റെ സംവിധാനത്തില്‍ പ്രേക്ഷകര്‍ അവസാനം കണ്ടത്. ടൊവീനോ നായകനാവുന്ന നാരദനാണ് ആഷികിന്‍റെ വരാനിരിക്കുന്ന ചിത്രം. വൈക്കം മുഹമ്മദ് ബഷീറിന്‍റെ പ്രശസ്‍ത ചെറുകഥയെ ആസ്‍പദമാക്കി 'നീലവെളിച്ചം' എന്ന സിനിമയും ആഷിക് പ്രഖ്യാപിച്ചിട്ടുണ്ട്. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, റിമ കല്ലിങ്കല്‍, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അതേസമയം ഈ വാരം തിയറ്ററുകളിലെത്തിയ അഷ്‍റഫ് ഹംസയുടെ കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഭീമന്‍റെ വഴി'യുടെ സഹനിര്‍മ്മാതാവുമാണ് ആഷിക്. 

click me!