അയ്യങ്കാളിയുടെ ജീവിതം സിനിമയാക്കാന്‍ ആഷിക് അബു; രചയിതാവായി ശ്യാം പുഷ്‌കരനും

By Web TeamFirst Published Jun 2, 2019, 2:23 PM IST
Highlights

ആഷിക് ഇത്തരത്തിലൊരു സിനിമയുടെ ആലോചനയിലാണെന്ന് മാസങ്ങള്‍ക്ക് മുന്‍പേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ഒരു പ്രോജക്ടിനെക്കുറിച്ച് ഔദ്യോഗിക വിശദീകരണങ്ങളൊന്നും ലഭ്യമായിരുന്നില്ല.
 

കേരളത്തിലെ പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിച്ച സാമൂഹ്യ പരിഷ്‌കര്‍ത്താക്കളില്‍ മുന്‍നിരയിലുള്ള 'അയ്യങ്കാളി'യുടെ ജീവിതം ബിഗ് സ്‌ക്രീനില്‍ എത്തിക്കാന്‍ ആഷിക് അബു. ആഷിക് ഇത്തരത്തിലൊരു സിനിമയുടെ ആലോചനയിലാണെന്ന് മാസങ്ങള്‍ക്ക് മുന്‍പേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ഒരു പ്രോജക്ടിനെക്കുറിച്ച് ഔദ്യോഗിക വിശദീകരണങ്ങളൊന്നും ലഭ്യമായിരുന്നില്ല. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ആഷിക് അബു ഈ ചിത്രത്തെക്കുറിച്ച് സ്ഥിരീകരണം നല്‍കിയിരിക്കുന്നത്.

സാംകുട്ടി പട്ടംകരിയും ശ്യാം പുഷ്‌കരനുമാണ് 'അയ്യങ്കാളി' ജീവചരിത്ര ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നതെന്ന് പറയുന്നു ആഷിക് അബു. ആ സിനിമയുടെ രചനാജോലികള്‍ നേരത്തേ തുടങ്ങിയിരുന്നുവെന്നും 'വൈറസി'നുവേണ്ടി പിന്നീട് ഒരു ഇടവേള എടുത്തതാണെന്നും. 'വൈറസിന്റെ നിര്‍മ്മാണ ഘട്ടത്തില്‍ അയ്യങ്കാളി ചിത്രത്തില്‍ നിന്നും ഒരു ഇടവേള എടുത്തതാണ്. സാംകുട്ടിയും ശ്യാം പുഷ്‌കരനുമാണ് ആ സിനിമ എഴുതുന്നത്.' അയ്യങ്കാളിയുടെ വേഷത്തില്‍ ആരെത്തുമെന്നോ മറ്റ് സാങ്കേതിക പ്രവര്‍ത്തകര്‍ ആരൊക്കെയെന്നോ ആഷിക് അബു ഈ ഘട്ടത്തില്‍ വെളിപ്പെടുത്തുന്നില്ല.

അതേസമയം കേരളത്തിന്റെ നിപ്പ വൈറസ് പ്രതിരോധം പ്രമേയമാക്കുന്ന ആഷിക് അബുവിന്റെ പുതിയ ചിത്രം 'വൈറസ്' പെരുന്നാള്‍ റിലീസായി ജൂണ്‍ ഏഴിന് തീയേറ്ററുകളിലെത്തും. കുഞ്ചാക്കോ ബോബന്‍, ടൊവീനോ തോമസ്, രേവതി, റഹ്മാന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, പാര്‍വ്വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ആസിഫ് അലി, ഇന്ദ്രന്‍സ്, സൗബിന്‍ ഷാഹിര്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, രമ്യ നമ്പീശന്‍, ശ്രീനാഥ് ഭാസി, മഡോണ സെബാസ്റ്റിയന്‍, ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തന്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണന്‍ തുടങ്ങി വന്‍ താരനിര അണിനിരക്കുന്ന ചിത്രമാണ് വൈറസ്. ഒപിഎം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് അബു തന്നെയാണ് നിര്‍മ്മാണം. 

click me!