'ഗ്യാങ്സ്റ്ററി'ന് രണ്ടാംഭാഗമൊരുക്കാന്‍ ആഷിക് അബു, തിരക്കഥ ഒരുക്കുക ശ്യാം പുഷ്കരന്‍

By Web TeamFirst Published Aug 14, 2019, 9:33 PM IST
Highlights

ശ്യാം പുഷ്കരനും ദിലീഷ് പോത്തനുമാണ് ഗ്യാങ്സ്റ്ററിന് ഒരു രണ്ടാംഭാഗം ഒരുക്കണമെന്ന് തന്നോട് പറഞ്ഞതെന്നും കൂടുതല്‍ മികച്ച തിരക്കഥയുമായാവും രണ്ടാംഭാഗം എത്തുകയെന്നും ആഷിക്

വലിയ പ്രതീക്ഷയുമായെത്തി ബോക്സ് ഓഫീസില്‍ ചലനമുണ്ടാക്കാതെപോയ സിനിമയാണ് ആഷിക് അബു സംവിധാനം ചെയ്ത ഗ്യാങ്സ്റ്റര്‍. അരങ്ങേറ്റചിത്രമായ ഡാഡി കൂളിന് ശേഷം മമ്മൂട്ടിടെ നായകനാക്കി ആഷിക് ഒരുക്കിയ ചിത്രം 2014 റിലീസ് ആയിരുന്നു. അഹമ്മദ് സിദ്ദിഖും അഭിലാഷ് എസ് കുമാറും ചേര്‍ന്ന് രചന നിര്‍വ്വഹിച്ച ചിത്രം സാങ്കേതികമായി മികച്ച വര്‍ക്ക് ആയിരുന്നു. പക്ഷേ ഭൂരിഭാഗം പ്രേക്ഷകരുമായി സംവദിക്കാതെ പോയി ചിത്രം. ഇപ്പോഴിതാ ഗ്യാങ്സ്റ്ററിന് ഒരു രണ്ടാംഭാഗം ഒരുക്കുന്നതിനെക്കുറിച്ച് പറയുകയാണ് ആഷിക്, ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തില്‍.

ശ്യാം പുഷ്കരനും ദിലീഷ് പോത്തനുമാണ് ഗ്യാങ്സ്റ്ററിന് ഒരു രണ്ടാംഭാഗം ഒരുക്കണമെന്ന് തന്നോട് പറഞ്ഞതെന്നും കൂടുതല്‍ മികച്ച തിരക്കഥയുമായാവും രണ്ടാംഭാഗം എത്തുകയെന്നും ആഷിക് പറയുന്നു. ശ്യാം പുഷ്കരനാവും ചിത്രത്തിന് തിരക്കഥ ഒരുക്കുകയെന്നും. "ഗ്യാങ്സ്റ്ററിന്‍റെ സമയത്ത് തിരക്കുകളിലായിരുന്നതിനാല്‍ ശ്യാമിന് സഹകരിക്കാനായില്ല." ആദ്യത്തെ തിരക്കഥയില്‍ നിന്ന് പതിനൊന്നോ പന്ത്രണ്ടോ തവണ മാറ്റിയ തിരക്കഥയിലാണ് ഗ്യാങ്സ്റ്റര്‍ ചെയ്തതെന്നും അങ്ങനെ വന്നപ്പോള്‍ ആദ്യ ആലോചനയില്‍ നിന്നും ഏറെ വ്യത്യാസപ്പെട്ടതായിരുന്നു പുറത്തുവന്ന സിനിമയെന്നും ആഷിക്. ആദ്യത്തെ ആലോചനയാവും രണ്ടാംഭാഗത്തിലൂടെ ചെയ്യാന്‍ ശ്രമിക്കുകയെന്നും ആഷിക് അബു പറയുന്നു. എന്നാല്‍ മമ്മൂട്ടിയാവുമോ രണ്ടാംഭാഗത്തിലെ നായകനെന്ന് ആഷിക് പറയുന്നില്ല.

കേരളത്തിന്‍റെ നിപ്പ പ്രതിരോധം പ്രമേയമാക്കിയ വൈറസ് ആണ് ആഷിക് അബുവിന്‍റെ സംവിധാനത്തില്‍ ഏറ്റവുമൊടുവില്‍ പുറത്തുവന്ന ചിത്രം. റിമ കല്ലിങ്കല്‍, പാര്‍വ്വതി, ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബന്‍, റഹ്മാന്‍, കലാഭവന്‍ ഷാജോണ്‍, ആസിഫ് അലി, പൂര്‍ണിമ തുടങ്ങി വന്‍ താരനിര അണിനിരന്ന ചിത്രം നിരൂപകശ്രദ്ധ നേടിയിരുന്നു.

click me!