ദേവി ചന്ദന പൊങ്കാലയെ കുറിച്ച് പറഞ്ഞ വാക്കുകള്‍.
പ്രശസ്‍ത സിനിമാ-സീരിയല്‍ താരമാണ് ദേവി ചന്ദന. കോമഡി സ്‌കിറ്റുകളിലൂടെയാണ് താരം ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. നർത്തകി എന്ന രീതിയിലും പ്രശസ്തയാണ്. ദേവിയെ പോലെ ഭര്‍ത്താവ് കിഷോറും പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്. അഭിനയത്തിനും നൃത്തത്തിനും പുറമേ യൂട്യൂബ് ചാനലുമായും ദേവി ചന്ദന സോഷ്യൽ ലോകത്ത് സജീവമാണ്. ആറ്റുകാൽ പൊങ്കാല സമർപ്പിക്കാനെത്തിയതുമായി ബന്ധപ്പെട്ട വിശേഷങ്ങളാണ് ദേവി പുതിയ വീഡിയോയിൽ പറയുന്നത്.
''മൂന്നാം തവണയാണ് ഞാൻ പൊങ്കാല സമർപ്പിക്കുന്നത്. പൊങ്കാല സമയത്ത് ഞാൻ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നതും ഓർക്കുന്നതും എന്റെ അമ്മമ്മയെയാണ്. ഭഗവാന്റെ അടുത്തേക്ക് പോകുന്നത് വരെ അമ്മമ്മ ഞങ്ങൾക്കെല്ലാം വേണ്ടി പൊങ്കാല ഇടുമായിരുന്നു. ഇത്തവണ ഫ്ലാറ്റിൽ നിന്നും കുറച്ചുപേരുണ്ട്. ഞങ്ങൾ ഒരു ഗ്രൂപ്പായാണ് പൊങ്കാല ഇടാൻ എത്തിയത്. ഞാനും അമ്മയും ഫ്ലാറ്റിലെ കുറച്ച് ചേച്ചിമാരുമുണ്ട്. സ്പെഷ്യൽ വിഭവം ഒന്നുമില്ല. ചക്കര പൊങ്കാലയാണ് ഇടുന്നത്. അമ്മയ്ക്ക് ഏറ്റവും പ്രിയവും അത് തന്നെയാണെന്ന് കേട്ടിട്ടുണ്ട്. എന്റെ പുനർജന്മമാണിതെന്ന് ഞാൻ യുട്യൂബ് ചാനലിലൂടെ പറഞ്ഞിരുന്നു. അസുഖം മാറി തിരിച്ച് വന്നതാണ്. ആ തിരിച്ചുവരവിൽ അമ്മയ്ക്കും പങ്കുണ്ട്. പ്രാർത്ഥനകൾ കൊണ്ടായിരിക്കണം ജീവിതത്തിലേക്ക് തിരിച്ച് വന്നത്.
ഇന്നലെ തന്നെ പൊങ്കാലയിടാൻ ഞങ്ങൾ തിരുവനന്തപുരത്ത് എത്തി. ശേഷം അമ്പലത്തിൽ തൊഴാനായി പോയി. ആ സമയത്ത് നമ്മളെ ഒരു പരിചയവും ഇല്ലാത്ത, സീരിയലിലൂടെ മാത്രം കണ്ട് അറിയാവുന്ന ആളുകൾ പോലും വന്ന് ഞങ്ങൾ എല്ലാവരും പ്രാർത്ഥിച്ചിരുന്നു, വയ്യായിരുന്നുവെന്ന് കേട്ടപ്പോൾ സങ്കടമായി എന്നൊക്കെ പറഞ്ഞു. അങ്ങനെയൊക്കെ ആളുകൾ പറയുന്നുണ്ടല്ലോ. അതിലും വലിയ അനുഗ്രഹം വേറെ കിട്ടാനില്ല. ഒരു പരിചയവുമില്ലാത്ത ആളുകൾ നമുക്ക് വേണ്ടി പ്രാർത്ഥിച്ചു എന്നു പറയുന്നതു തന്നെ വലിയ കാര്യമാണ്'', ദേവി ചന്ദന വീഡിയോയിൽ പറഞ്ഞു.
