എന്തൊക്കെ ചെയ്‍താലും മുറിവേല്‍ക്കില്ല, വിമര്‍ശകര്‍ക്ക് അഭിരാം സുരേഷ് ഉണ്ണിത്താന്റെ മറുപടി

By Web TeamFirst Published Jun 30, 2020, 1:02 PM IST
Highlights

എനിക്കിന്ന് വിശപ്പില്ല, തൊഴിലെടുക്കുന്നുണ്ട്, ലക്ഷങ്ങളുടെ കട ബാധ്യതകൾ ഞാൻ തീർത്തിട്ടുണ്ട്. സിനിമ തന്നതല്ല, എന്നാലും ഞാൻ സിനിമ ചെയ്യും.   അതെന്റെ ഇഷ്‍ടമാണ്, എന്റെ ലഹരിയാണ് എന്ന് അഭിരാം സുരേഷ് ഉണ്ണിത്താൻ പറയുന്നു.

സിനിമയില്‍ ഇപ്പോള്‍ സ്വജനപക്ഷപാതമാണ് ചര്‍ച്ചാവിഷയം. സുശാന്ത് സിംഗിന്റെ ആത്മഹത്യയായിരുന്നു സ്വജനപക്ഷപാതവും വിവേചനവുമെല്ലാം ചര്‍ച്ചയാക്കിയത്. സുശാന്തിന്റെ ആത്മഹത്യയുടെ കാരണം എന്തെന്ന് വ്യക്തമാക്കപ്പെട്ടിട്ടില്ല. സുശാന്തിനെ മരണത്തിലേക്ക് നയിച്ചത് ഹിന്ദി സിനിമാ ലോകത്തെ സ്വജനപക്ഷപാതമാണ് എന്ന് ചൂണ്ടിക്കാട്ടി താരങ്ങള്‍ അടക്കം വന്നിരുന്നു. വിവാദവുമായി. അതേസമയം സിനിമ പാരമ്പര്യം ഉണ്ടെങ്കിലും ആരും ശ്രദ്ധിക്കാതെ പോകുന്ന അവസ്ഥയെ കുറിച്ചാണ് സംവിധായകൻ സുരേഷ് ഉണ്ണിത്താന്റെ മകനായ അഭിരാമിന് പറയാനുള്ളത്.

അഭിരാം സുരേഷ് ഉണ്ണിത്താന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇടയ്ക്കിടയ്ക്ക് നെപോട്ടിസ കുരു എനിക്കിട്ട് പൊട്ടിക്കുന്നവർക്കുള്ള ഒരു കോമൺ വിശദീകരണം. ഇതിന്റെ ഒരാവശ്യവും നീയൊന്നും അർഹിക്കുന്നില്ല എന്നിരുന്നാലും ഭാവിയിലേക്കുള്ള സംശയ നിവാരണമായി കണ്ടാൽ മതി..

ഭാഗ്യവാൻ, തോവാളപ്പൂക്കൾ എന്നീ ചിത്രങ്ങൾ നിർമിച്ചതിൽ വന്ന സാമ്പത്തിക ബുദ്ധിമുട്ട് ലക്ഷങ്ങളുടെ കടത്തിലാണ് ഞങ്ങളുടെ കുടുംബത്തെ കൊണ്ട് നിർത്തിയത്. അന്ന് എനിക്ക് ഏതാണ്ട് 8-9 വയസ്സ്, അനിയൻ ജനിച്ചിട്ടില്ല..തിരുവനന്തപുരത്തെ ഞങ്ങളുടെ ഉള്ളതെല്ലാം വിറ്റു വാടക വാടക വീടുകളിൽ നിന്ന് വാടക വീടുകളിലേക്ക് ഓട്ടം തുടങ്ങി.അപ്പോഴാണ് അച്ഛൻ ഒരു ബൈക്ക് അപകടത്തിൽ പെടുന്നതും കാലിനു സാരമായ പരിക്കോടെ ഏതാണ്ട് രണ്ട് കൊല്ലം കിടപ്പിലാവുന്നതും. താരകേന്ദ്രിതമായ അന്നത്തെ സിനിമ മേഖലയിൽ അദ്ദേഹത്തോടൊപ്പം മുൻപ് അനവധി സിനിമകൾ ചെയ്‍ത അന്നത്തെ സൂപ്പർതാരമുൾപ്പടെ ആരും അദ്ദേഹത്തിനൊരു സിനിമ കൊടുത്ത് സഹായിക്കാൻ തയ്യാറായില്ല. അതിന് ശേഷം അച്ഛൻ സീരിയൽ രംഗത്ത് സജീവമാവുകയും ആഹാരത്തിനുള്ള വക ഉണ്ടാവുകയും ചെയ്‍തു പക്ഷെ എന്നും അച്ഛൻ പറഞ്ഞ ഒരു കാര്യം കൃത്യമായൊരു ജോലി സമ്പാദിക്കുക, സിനിമയിൽ വരാതിരിക്കുക എന്നുള്ളതാണ്.

എന്റെ മനസുമുഴുവൻ എന്നും സിനിമയായിരുന്നു. നാലാം ക്ലാസ്സിലാണ് ആദ്യമായി ഞാൻ നാടകം എഴുതി സംവിധാനം ചെയ്യുന്നത്. അന്ന് തൊട്ടിന്നു വരെ ആ പ്രോസസ്സ് തരുന്നൊരു ലഹരി മറ്റൊന്നാണ്. അച്ഛൻ പറഞ്ഞത് കേൾക്കാതെ തന്നെ ഞാൻ ഡിഗ്രി masscommunication പഠിച്ചു.പി ജി സിനിമ പഠിക്കാൻ പുറത്ത് പോണം എന്ന് പറഞ്ഞപ്പോൾ സീരിയലിൽ നിന്നും പുള്ളി സ്വരൂക്കൂട്ടിയ വീട് തന്നെ ബാങ്കിൽ പണയം വെച്ച് ഞാൻ ഇംഗ്ലണ്ടിൽ പോയി പഠിച്ചു. പോവുമ്പോഴും എല്ലാരും കരുതിയത് അച്ചടക്കമുള്ള മലയാളിയായി ഞാൻ അവിടെ തന്നെ പ്രവാസിയായി ജീവിക്കുമെന്നാണ്.. കൃത്യം ക്ലാസ്സ്‌ തീർന്നതും വണ്ടി കയറിയതും ഒരുമിച്ചായിരുന്നു.മനസ്സ് മുഴുവൻ സിനിമയായിരുന്നു. എന്റെ അവസാന വർഷ മാസ്റ്റർ പ്രൊജക്റ്റ്‌ ഞാൻ നാട്ടിൽ തന്നെ ചെയ്‍തു, അതാണ് യക്ഷി faithfully yours. ശമ്പളം ഇല്ലാതെ ചെയ്‍ത  ജോലിയാണ്, എന്റെ മാസ്റ്റേഴ്സ് ആണ്. അങ്ങനെ അത്‌ കഴിഞ്ഞു. പണിയില്ല. കൊറേ സിനിമകൾ ആലോചിച്ചു, കൊറെയൊക്കെ അലഞ്ഞു. ഒന്നും നടന്നില്ല.

ആയിടയ്ക്കാണ് കല്യാണവും കുഞ്ഞുമൊക്കെ, എന്തെങ്കിലും തൊഴിൽ ചെയ്തില്ലെങ്കിൽ കാര്യം സ്വാഹയാണ്. അങ്ങനെയാണ് ഹൈദരാബാദിൽ ശ്രീ നാഗാർജുനയുടെ അന്നപൂർണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആൻഡ് മീഡിയയിൽ direction വിഭാഗം അധ്യാപകനായി ജോലിയിൽ പ്രവേശിച്ചത്.  as usual കാലുറച്ചില്ല, സിനിമ എന്ന ലഹരി. അപ്പോഴാണ് ശ്രീ സുരേഷ്‌ കുമാർ സാറിന്റെ ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരത്തു ആരംഭിക്കുന്നത്. നേരെ നാട്ടിലേക്ക് വീണ്ടും പിടിച്ചു, രണ്ട് കൊല്ലത്തോളം അവിടെ ജോലി ചെയ്തു, എന്റെ എന്നത്തേയും ഏറ്റവും പ്രിയപ്പെട്ട തൊഴിലിടം അതാണ്. അപ്പോഴും സിനിമ അടക്കി നിർത്തിയില്ല.ഞാനും എന്റെ ഫിലിം സ്‍കൂൾ സുഹൃത്തുക്കളും ചേർന്ന് സിനിമ ചെയ്യാൻ തീരുമാനിച്ചു. എന്റെ സുഹൃത്തുക്കളെ എല്ലാം കൂട്ടി ഹിമാലയത്തിലെ കശ്‍മലൻ അവിടെ പിറക്കുന്നു. ഇന്നും ടോറെന്റിൽ പടം കണ്ട് ആഴ്‍ചയിൽ രണ്ട് തവണയെങ്കിലും ആളുകളുടെ മെസ്സേജ് വരും, അഭിനന്ദിച്ചു കൊണ്ട്. എന്തായാലും പടം ഉജ്വല തോൽവിയടഞ്ഞു. ചാനലുകാർക്ക് പുതുമുഖ സിനിമ വേണ്ട എന്ന കാരണം കൊണ്ട് അവിടെയും തഴയപ്പെട്ടു.

അപ്പോഴാണ് ആറ് കൊല്ലം മുൻപത്തെ എന്റെ എഡ്യൂക്കേഷൻ ലോൺ പലിശ കയറിയതും വീട് ജപ്‍തി നോട്ടീസ് വരുന്നതും.സ്വാഭാവികമായും അവരത് കൊണ്ട് പോയ്‌. താലിമാല ഉൾപ്പടെ ഭാര്യ വിൽക്കാൻ തന്നത് ഇന്നും ഓർമയാണ്. കടം കയറി നിൽക്കാൻ പറ്റാതെ തത്കാലത്തേക്ക് പാർട്‍നേഴ്സിനെ നാട്ടിൽ നിർത്തി കുടുംബത്തെയും കൊണ്ട് നാട് വിട്ടു. അറപ്പോടെ ജീവിതത്തിൽ കണ്ട പല തൊഴിലുകളും എന്റെ നിത്യവൃത്തിയായി. എനിക്കിന്ന് വിശപ്പില്ല, തൊഴിലെടുക്കുന്നുണ്ട്, ലക്ഷങ്ങളുടെ കട ബാധ്യതകൾ ഞാൻ തീർത്തിട്ടുണ്ട്. സിനിമ തന്നതല്ല, എന്നാലും ഞാൻ സിനിമ ചെയ്യും. അതെന്റെ ഇഷ്‍ടമാണ്, എന്റെ ലഹരിയാണ്. സിനിമ കൊണ്ട് തകർന്നടിഞ്ഞ എന്നിട്ടും സിനിമയെ സ്നേഹിക്കുന്ന ഒരു കുടുംബത്തിലെ അംഗമെന്ന നിലയ്ക്ക് നീയൊക്കെ ഇനി എങ്ങനെ കുത്തിയാലും മുറിവേൽകില്ല. വെയിലത്തു തന്നെയാടാ കുരുത്തത്, അങ്ങനെ  ജന്മം വാടില്ല.

click me!