
സോളോ ബോക്സ് ഓഫീസ് വിജയങ്ങള്‍ കുറവാണെങ്കിലും അഭിഷേക് ബച്ചന്‍ ചില കോമ്പിനേഷനില്‍ മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍ ചെയുമ്പോള്‍ അത് പ്രേക്ഷകപ്രീതി നേടാറുണ്ട്. ഒപ്പം വലിയ വിജയങ്ങളുമാവാറുണ്ട്. ഒപ്പം നടനെന്ന നിലയില്‍ തന്നെ പുതുക്കുന്ന സമാന്തര ശ്രമങ്ങളും അദ്ദേഹം നടത്താറുണ്ട്. നിലവില്‍ തിയറ്ററുകളിലുള്ള അദ്ദേഹത്തിന്‍റെ ചിത്രം ഇന്ത്യയില്‍ നിന്ന് ഇതിനകം 183 കോടി നേടിയിട്ടുണ്ട്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 250 കോടിക്ക് മുകളിലും. എന്നാല്‍ അദ്ദേഹത്തിന്‍റെ അടുത്ത ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആണ്.
അക്ഷയ് കുമാര്‍, റിതേഷ് ദേശ്മുഖ് എന്നിവര്‍ക്കൊപ്പം അഭിഷേക് ബച്ചന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഹൗസ്‍ഫുള്‍ 5 ആണ് പ്രേക്ഷകപ്രീതിയും ബോക്സ് ഓഫീസ് കളക്ഷനും നേടി മുന്നേറുന്നത്. മധുമിത സംവിധാനം ചെയ്യുന്ന കാളിധര്‍ പാലതയാണ് അഭിഷേകിന്‍റേതായി പ്രദര്‍ശനത്തിനെത്തുന്ന അടുത്ത ചിത്രം. എന്നാല്‍ ഇതൊരു ഡയറക്റ്റ് ഒടിടി റിലീസ് ആണ്. സീ 5 പ്ലാറ്റ്ഫോമിലൂടെ ജൂലൈ 4 നാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുക.
സീ 5 ന്‍റെ ഒറിജിനല്‍ ചിത്രമായ കാളിധര്‍ ലാപത നിര്‍മ്മിക്കുന്നത് സീ സ്റ്റുഡിയോസും എമ്മെ എന്‍റര്‍ടെയ്ന്‍മെന്‍റും ചേര്‍ന്നാണ്. അഭിഷേക് ബച്ചനൊപ്പം ദൈവിക് ഭഗേലയും മുഹമ്മദ് സീഷാന്‍ അയൂബും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഹൗസ്‍ഫുള്‍ 5 നും ബി ഹാപ്പി എന്ന ചിത്രത്തിനും ശേഷം ഈ വര്‍ഷം എത്തുന്ന മൂന്നാമത്തെ അഭിഷേക് ബച്ചന്‍ ചിത്രമായിരിക്കും കാളിധര്‍ ലാപത. ഗ്രാമീണ ഇന്ത്യയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം ഡ്രാമഡി ഗണത്തില്‍ പെടുന്ന ഒന്നാണ്. കാളിധര്‍ എന്ന ടൈറ്റില്‍ കഥാപാത്രമായാണ് അഭിഷേക് ബച്ചന്‍ ചിത്രത്തില്‍ എത്തുന്നത്.
ജീവിതത്തിലെ രണ്ടാം അവസരങ്ങളെക്കുറിച്ചും അപ്രതീക്ഷിത സൗഹൃദങ്ങളെക്കുറിച്ചുമൊക്കെ സംസാരിക്കുന്ന ചിത്രമാണ് ഇത്. കുടുബം തന്നെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് തിരിച്ചറിയുന്ന കാളിധര്‍ അവിടെനിന്ന് രക്ഷപെടുകയാണ്. വഴിയില്‍ ബല്ലു എന്ന എട്ട് വയസുകാരനെ കണ്ടുമുട്ടുന്നതോടെ ആ യാത്രയില്‍ ചില അപ്രതീക്ഷിതത്വങ്ങള്‍ വന്നുചേരുന്നു. ബല്ലുവിന്‍റെ സാന്നിധ്യം കാളിധറിനെ ഏറെ സ്വാധീനിക്കുകയും ചെയ്യുന്നു. അവര്‍ ചേര്‍ന്ന് ഒരു റോഡ് ട്രിപ്പ് നടത്തുകയാണ് പിന്നീട്.