
സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍' എന്ന ചിത്രത്തിനുശേഷം ടിനു പാപ്പച്ചനും(Tinu Pappachan) ആന്‍റണി വര്‍ഗീസും(Antony Varghese) ഒരുമിച്ച ചിത്രമാണ് അജഗജാന്തരം(Ajagajantharam). മികച്ച പ്രതികരണം നേടി ചിത്രം തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഈ അവസരത്തിൽ ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
നൂറ് കണക്കിന് ആളുകൾ അണിനിരന്ന സാഹസിക രംഗങ്ങൾ ചിത്രീകരിക്കാൻ നേരിട്ട ബുദ്ധിമുട്ടുകളും വെല്ലുവിളികളും വീഡിയോയിൽ നിന്നും വ്യക്തമാണ്. ഡമ്മി ആനയെ നിർമിച്ച് ചിത്രീകരിച്ച ദൃശ്യങ്ങളും വീഡിയോയില്‍ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ഉത്സവപ്പറമ്പിലേയ്ക്ക് ഒരു ആനയും പാപ്പാനും ഒപ്പം ഒരു കൂട്ടം യുവാക്കളും എത്തുന്നതും തുടർന്നവിടെ 24 മണിക്കൂറിനുള്ളിൽ അരങ്ങേറുന്ന ആകാംഷ നിറഞ്ഞ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. അർജുൻ അശോകൻ, ചെമ്പൻ വിനോദ് ജോസ്, സാബു മോൻ, ജാഫർ ഇടുക്കി, രാജേഷ് ശർമ, സുധി കോപ്പ, വിനീത് വിശ്വം, ലുക്മാൻ, ശ്രീരഞ്ജിനി തുടങ്ങിയ വലിയൊരു താരനിര ചിത്രത്തിൽ കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
സിൽവർ ബേ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ എമ്മാനുവൽ ജോസഫും അജിത് തലാപ്പിള്ളിയും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് കിച്ചു ടെല്ലസ്,വിനീത് വിശ്വം എന്നിവരാണ്. ഛായാഗ്രഹണം ജിന്റോ ജോർജ്, എഡിറ്റർ ഷമീർ മുഹമ്മദ്, സംഗീതം ജസ്റ്റിൻ വർഗീസ്, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, ആർട്ട് ഗോകുൽ ദാസ്, വസത്രാലങ്കാരം മഷർ ഹംസ, മേക്കപ്പ് റോണക്സ് സേവ്യർ, സ്റ്റണ്ട് സുപ്രീം സുന്ദർ, ചീഫ് അസോസിയേറ്റ് കണ്ണൻ എസ് ഉള്ളൂർ, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ. അജഗജാന്തരം' എന്ന പേരിട്ടത് സംവിധായകൻ ലിജോ ജോസാണെന്നും ജെല്ലിക്കെട്ട് ചെയ്‍തു നില്‍ക്കുന്ന സമയമായതിനാല്‍ ലിജോ അത് ചെയ്തില്ലെന്നും വീണ്ടും ഒരു അനിമല്‍ പടം ആകുമല്ലോ എന്ന് കരുതിയാണ് അത് വേണ്ടെന്ന് വെച്ചതെന്നും സംവിധായകൻ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞിരുന്നു.