
മലയാള സിനിമാ പ്രേക്ഷകരെ ഒന്നടങ്കം ദുഖത്തിലാഴ്ത്തിയാണ് പ്രിയതാരം ഇന്നസെന്‍റ് വിട വാങ്ങുന്നത്. അര നൂറ്റാണ്ടിലധികം സിനിമയില്‍ നിറഞ്ഞുനിന്ന ഇന്നസെന്‍റിനെ കുറിച്ച് ഓര്‍മ്മകള്‍ പങ്കുവയ്ക്കാത്ത താരങ്ങളില്ല. ഇപ്പോഴിതാ ഒരുമിച്ച് സിനിമയില്‍ പ്രവര്‍ത്തിച്ചതിന്‍റെയും ആ സമയത്ത് വ്യക്തിപരമായി തന്നെ സ്വാധീനിച്ചതിന്‍റെയും ഓര്‍മ്മ പങ്കിടുകയാണ് അഭിനേത്രിയായ അരുന്ധതി ബി.
2011ല്‍ പുറത്തിറങ്ങിയ മോഹൻ ലാല്‍ ചിത്രമായ 'സ്നേഹവീട്'ലാണ് അരുന്ധതി ഇന്നസെന്‍റിനൊപ്പം അഭിനയിച്ചത്. ഇന്നസെന്‍റിന്‍റെ മകളായാണ് അരുന്ധതി ചിത്രത്തില്‍ വേഷമിട്ടിരുന്നത്.
പതിനേഴ് വയസ് മാത്രം പ്രായമുള്ളപ്പോഴും തന്നെ ആദരവോടെ ഒരു വ്യക്തിയായി പരിഗണിച്ചുവെന്നും അദ്ദേഹത്തോടൊപ്പം ചിലവിട്ട ഇരുപത് ദിവസങ്ങള്‍ ജീവിതത്തില്‍ നിര്‍ണായകമായ സ്വാധീനമായി എന്നും അരുന്ധതി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. മറ്റ് പല രസകരവും ഹൃദ്യവുമായ ഓര്‍മ്മകളും അരുന്ധതി പങ്കുവച്ച കുറിപ്പിലുണ്ട്.
കുറിപ്പ് വായിക്കാം...
ഉച്ചയായിട്ടും ഒരു വാട്സാപ് സ്റ്റേറ്റസ് പോലും കാണാതിരുന്നപ്പൊ അച്ഛൻ മെസേജ് അയച്ചു “ നീ എന്താ ഒന്നും എഴുതാത്തത്". അറിയില്ല അച്ഛാ എന്താ എഴുതേണ്ടതെന്ന്. എഴുത്തിന് വഴങ്ങാതെ നിൽക്കുന്നു അദ്ദേഹത്തിന്‍റെ ഓർമ്മകൾ.
ഒരു പതിനേഴുകാരിയുടെ ജീവിതത്തിൽ നിർണായകമായ സ്വാധീനമാകാൻ ഇരുപത് ദിവസങ്ങളുടെ പരിചയം മതിയായിരുന്നു ഇന്നസെന്‍റ് സാറിന്.
അപ്പനും മകളുമായി അഭിനയിക്കുന്നതുകൊണ്ട് ഒന്നിച്ച് കുറെ നേരം കിട്ടി ഞങ്ങൾക്ക്. ഇടവേളകളിൽ എപ്പോഴും അടുത്തിരിക്കാൻ കസേര നൽകും, വായിച്ച പുസ്തകങ്ങളെക്കുറിച്ച്, ഇഷ്ടമുള്ള മനുഷ്യരെക്കുറിച്ച്, എന്തിനെപ്പറ്റിയും നിറയെ വർത്തമാനം പറയാൻ പ്രോത്സാഹിപ്പിക്കും…
മിക്കപ്പോഴും അദ്ദേഹം മടങ്ങുന്ന വണ്ടിയിൽ കൂടെക്കൂട്ടും… സിനിമ സെറ്റ് പോലെ ശ്രേണീബദ്ധമായ ഒരു സ്ഥലത്ത് പതിനേഴ് വയസ്സുള്ള ആളെ തന്നോളം പോന്ന വ്യക്തിയായി കാണാനുള്ള വലിപ്പമുണ്ടായിരുന്നു അദ്ദേഹത്തിന്.
ഒരു ദിവസം സെറ്റിലെത്തിയപാടെ സർ എന്നോട് ചോദിച്ചു “ നിനക്ക് വല്ലതും അറിയാമോ ദയ ബായി എന്ന ആളെപ്പറ്റി? അറിയുന്നതൊക്കെ പറയ് കേൾക്കട്ടെ". ലൊക്കേഷന് അടുത്ത് ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ ക്ഷണം കിട്ടിയിരിക്കുകയാണ് അദ്ദേഹത്തിന്. ദയ ബായി ആണത്രെ മുഖ്യാതിഥി. സ്മാർട് ഫോണിന് മുൻപുള്ള കാലമാണ്. ആഴ്ചപ്പതിപ്പിലും പത്രത്തിലുമൊക്ക വായിച്ചിട്ടുള്ള വിവരങ്ങൾ ഒരു സ്കൂൾ കുട്ടിയുടെ ധാരണകളാവും ഞാൻ പറഞ്ഞിട്ടുണ്ടാവുക.
കുറച്ചുകഴിഞ്ഞ് ഇന്നസെന്‍റ് സർ വീണ്ടും വന്നു. “നീ കഷ്ടപ്പെട്ട് ഇത്രയൊക്കെ എന്നെ പഠിപ്പിച്ചതല്ലേ നീയും വാ പരിപാടിക്ക്" എന്ന് ചിരിച്ചു. ആ ചിരി അന്നുമുതൽ ഹൃദയത്തിൽ പതിഞ്ഞുകിടക്കുന്നു.
അന്നാ വേദിയിൽ, ആ കുട്ടിയെ കൂടെക്കൂട്ടുക മാത്രമല്ല, പ്രസംഗത്തിൽ അവളെപ്പറ്റി പറയുകയും, സംഘാടകർ നൽകിയ സമ്മാനം ആ പെൺകുട്ടിക്ക് കൊടുക്കുകയും ചെയ്തു ശ്രീ ഇന്നസെന്റ്. വീട്ടിലെ ലിവിങ് ഏരിയയുടെ ചുമരിൽ ഇപ്പോഴും ആ സമ്മാനമുണ്ട്.
മുന്നോട്ടുള്ള കരിയർ തെരഞ്ഞെടുപ്പുകളെക്കുറിച്ച് ആശയക്കുഴപ്പങ്ങൾ ഉണ്ടായിരുന്ന ഒരു കൗമാരക്കാരിക്ക് തെളിച്ചം കൊടുത്തത് ഇന്നസെന്‍റ് സാറാണ്. അദ്ദേഹത്തിന് നിശ്ചയമുണ്ടായിരുന്നു academia ആണ് ഞാൻ പോകേണ്ട വഴിയെന്ന്. എന്‍റെ അച്ഛനോടും അമ്മയോടും അദ്ദേഹം അത് ആവർത്തിച്ച് പറഞ്ഞുറപ്പിക്കുകയും ചെയ്തു.
വിട പറയുന്നില്ല, സർ. എല്ലാക്കാലവും ആദരവോടെ ഓർത്തുകൊണ്ടേയിരിക്കും.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ