പോഞ്ഞിക്കരയായി ചിരിപ്പിച്ചു, കന്നാസായി കരയിച്ചു; ഇനി പകരക്കാരനില്ലാതെ ഇന്നസെന്‍റിന്‍റെ കസേര
ശരീരഭാഷ കൊണ്ടും, ഒരു നോട്ടം കൊണ്ടും, സംഭാഷണത്തിന്‍റെ താളം കൊണ്ടുമെല്ലാം മലയാളികളെ വര്‍ഷങ്ങളോളം രസിപ്പിച്ച നടനാണ് വിടവാങ്ങിയത്.

മലയാള സിനിമാചരിത്രത്തില്‍ തന്നെ സവിശേഷമായ ഒരിടം തനിക്കായി ഒരുക്കിയെടുത്ത ശേഷമാണ് പ്രിയതാരം ഇന്നസെന്‍റ് തന്‍റെ എഴുപത്തിയഞ്ചാം വയസില്‍ നമ്മോട് വിട പറഞ്ഞിരിക്കുന്നത്. ഏതൊരു ശരാശരി മലയാളി സിനിമാപ്രേക്ഷനെയും സംബന്ധിച്ച് ഉള്ളില്‍ വേദനയുടെ ഒരു നനവ് അനുഭവപ്പെടുത്തുന്ന, അത്രയും വലിയൊരു വേര്‍പിരിയല്‍ തന്നെയാണിത്.
അമ്പത് വര്‍ഷത്തിലധികം നീണ്ട സിനിമാജീവിതമാണ് ഇന്നസെന്‍റിന്‍റേത്. അഭിനയകലയില്‍ എത്ര പ്രാവീണ്യമുള്ളവരായാലും എത്ര ജനപ്രിയരായാലും ഇത്രയും നീണ്ടയൊരു കാലയളവ്- അതും സജീവമായി തുടരാനായി എന്നത് അദ്ദേഹത്തിന്‍റെ മാത്രമായ, സവിശേഷമായ പ്രഭാവം കൊണ്ട് മാത്രമാണ്.
ലഭ്യമായിട്ടുള്ള റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 1972ലാണ് ആദ്യചിത്രം. എണ്‍പതോടെ തന്നെ സിനിമാകരിയറില്‍ ഇന്നസെന്‍റ് കാലുറപ്പിച്ചു. പറഞ്ഞാല്‍ ആരിലും അത്ഭുമുണ്ടാക്കും, 80- മുതല്‍ ഇതാ ഈ വര്‍ഷം വരെ തന്‍റെ സിനിമാ കരിയറില്‍ ഒരു ചിത്രം പോലുമില്ലാതെ ഇന്നസെന്‍റ് നിന്നത് ഒരേയൊരു വര്‍ഷം മാത്രമാണ്. 2020ല്‍. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നുള്ള അവശത മൂലമാണ് 2020ല്‍ ഒരു ചെറിയ ബ്രേക്ക് വന്നത്.
വീണ്ടും 2021-22-23 വര്‍ഷങ്ങളില്‍ സിനിമകള്‍. ഇറങ്ങാനിരിക്കുന്ന 'പാച്ചുവും അത്ഭുതവിളക്കും' ആണ് അവസാനചിത്രം.
ഇന്നസെന്‍റിനെ കുറിച്ച് കേള്‍ക്കുമ്പോള്‍, ഓര്‍ക്കുമ്പോള്‍ മലയാള സിനിമാപ്രേക്ഷരുടെ മനസിലേക്ക് എങ്ങ് നിന്നെന്നില്ലാതെ ഒരു ലോഡ് കഥാപാത്രങ്ങള്‍ ഓടിയെത്തുമെന്നത് തീര്‍ച്ച. പ്രത്യേകിച്ച് നമ്മെ നിര്‍ത്താതെ പൊട്ടിച്ചിരിപ്പിച്ച കഥാപാത്രങ്ങള്‍.
'അക്കരെ നിന്നൊരു മാരൻ', 'ദൂരെ ദൂരെ ഒരു കൂട് കൂട്ടാം', 'ധീം തരികിത തോം' തുടങ്ങി 'നാടോടിക്കാറ്റ്', 'പൊന്മുട്ടയിടുന്ന താറാവ്', 'പട്ടണപ്രവേശം', 'വടക്കുനോക്കിയന്ത്രം', 'റാംജി റാവു സ്പീക്കിംഗ്', 'മഴവില്‍ കാവടി', 'തലയണമന്ത്രം', 'ഗജകേസരിയോഗം', 'ഡോ. പശുപതി', 'കിലുക്കം', 'വിയറ്റ്നാം കോളനി', 'മിഥുനം', 'മണിച്ചിത്രത്താഴ്' എന്ന് തുടങ്ങി കുട്ടികളെയും മുതിര്‍ന്നവരെയും കുടുകുടെ ചിരിപ്പിച്ച 'കല്യാണരാമൻ' വരെ - അതിന് ശേഷവും എത്രയെത്രയോ കഥാപാത്രങ്ങള്‍.
വെറുതെ പ്രേക്ഷകനെ ചിരിപ്പിക്കാനായി ഇന്നസെന്‍റ് തന്‍റെ കോമഡി കഥാപാത്രങ്ങളെ കൊണ്ട് 'കോപ്രായങ്ങള്‍' കാണിപ്പിച്ചില്ല. എന്നാലോ... കാണുന്ന ആര്‍ക്കും ഇങ്ങനെയൊരാളെ അറിയാമല്ലോ- അല്ലെങ്കില്‍ ഇങ്ങനെയൊരാളുണ്ട് എന്ന അബോധപൂര്‍വമുള്ള ബോധ്യത്തില്‍ തന്നെയെത്തിച്ച് കഥാപാത്രത്തിന്‍റെ പൂര്‍ണതയെ പരിഗണിച്ചുകൊണ്ട് തന്നെ 'കോമാളിത്തരങ്ങള്‍' കാട്ടി നിഷ്‍കളങ്കമായി ചിരിപ്പിച്ചു.
ഒരു നടന് തന്‍റെ ശരീരഭാഷ കൊണ്ടും, നോട്ടം കൊണ്ടും, സംഭാഷണത്തിന്‍റെ താളം കൊണ്ടുമെല്ലാം എങ്ങനെ പ്രേക്ഷകരെ രസിപ്പിക്കാമെന്നതിന് ഇന്നസെന്‍റിനെ പാഠപുസ്‍തകമാക്കാവുന്നതാണ്. ഇന്നസെന്‍റിന്‍റെ 'ഹാവൂ...' എന്ന നെടുവീര്‍പ്പോ, 'ഹംമ്മേ...' എന്ന നീട്ടിയുള്ള വിളിയോ ഒക്കെ ഒരു സീനിനെ തന്നെ നിസാരമായി അതിന്‍റെ പഞ്ചിലേക്ക് കൊണ്ടിടുന്നതാണ്.
കൗണ്ടറുകളുടെ ഉസ്താദുമാരാണ് ഒരുകാലത്ത് മലയാളത്തില്‍ തിളങ്ങിനിന്ന കോമേഡിയന്മാരെല്ലാം തന്നെ. ജഗതി ശ്രീകുമാര്‍, മാമുക്കോയ, മാള അരവിന്ദൻ, കുതിരവട്ടം പപ്പു, ശങ്കരാടി എന്നീ അതുല്യപ്രതിഭകളെല്ലാം തന്നെ അവരുടെ ചിന്താശക്തി കൊണ്ട് കയ്യിലെത്തിയ കഥാപാത്രങ്ങളെയെല്ലാം മികവുറ്റതാക്കി എടുത്തവരാണ്. ഇവര്‍ക്കൊപ്പമാണ് ഇന്നസെന്‍റിന്‍റെയും സ്ഥാനം. എന്നാല്‍ ഇവരാരും പരസ്പരം കഥാപാത്രങ്ങള്‍ക്ക് വേണ്ടി പോരടിക്കാവുന്ന തരത്തില്‍ പകരക്കാരാകാൻ സാധിക്കുന്നവരായിരുന്നില്ല എന്നതാണ് ശ്രദ്ധേയം. ഓരോരുത്തരും ഇനിയൊരു പതിപ്പിന് സാധ്യതയില്ലാത്തവണ്ണം വിശിഷ്‍ടര്‍.
താത്വികമായും സാമൂഹികമായും രാഷ്ട്രീയമായുമെല്ലാം കഥാപാത്രങ്ങളുടെ പാത്രകല്‍പനകളില്‍ ആര്‍ട്ടിസ്റ്റുകളായ ഈ പ്രതിഭകള്‍ നിരന്തരം കൈവച്ചു. തങ്ങളുടേതായ ടച്ചില്‍ ഓരോ വേഷത്തെയും വെവ്വേറ തന്നെ ഉറപ്പിച്ച് രേഖപ്പെടുത്തി. ലെജൻഡുകളെന്ന് ഇന്ന് യുവാക്കളായ സിനിമാസ്വാദകര്‍ വരെ വിളിക്കുന്ന ഈ കൊമേഡിയൻ-സ്വാഭവതാരങ്ങളില്‍ അവശേഷിക്കുന്നവരില്‍ ഒരാളായിരുന്നു ഇന്നസെന്‍റ്.
ഇന്നസെന്‍റിന്‍റെ ഓരോ കഥാപാത്രങ്ങളെ പറ്റി ഓര്‍ക്കുമ്പോഴും ആ കഥാപാത്രത്തിന്‍റെ ഒരു ഡയലോഗെങ്കിലും ഓര്‍മ്മ വരാതിരിക്കില്ല. 'ഞാൻ പൊതുവെ പറഞ്ഞതാണെന്ന്' ആവര്‍ത്തിച്ച് വിജയനെ (ശ്രീനിവാസനെ) പ്രകോപിപ്പിക്കുന്ന ബാലേട്ടൻ (നാടോടിക്കാറ്റ്), 'ഞങ്ങളും മനുഷ്യരാ ഞങ്ങളും പെഴച്ചോട്ടെ' എന്ന് ആണിയടിക്കും പോലൊരു കള്ളം തട്ടിവിടുന്ന പണിക്കര്‍ ('പൊന്മുട്ടയിടുന്ന താറാവ്'), 'വാടക എനിക്ക് ആവശ്യണ്ടായിട്ടല്ല ഇല്ലെങ്കി ഈ വീട് നിന്‍റെ സ്വന്താന്ന് നിനക്ക് തോന്നും' എന്ന് തമാശയിലൂടെ കാര്യം പറയുന്ന മത്തായിച്ചൻ (റാംജി റാവു സ്‍പീക്കിംഗ്), 'ഈ മീശയും വച്ച് കരയല്ലേ കഴുതേ' എന്ന് 'മീശ വാസു'വിനെ (പറവൂര്‍ ഭരതൻ) വിറപ്പിക്കുന്ന 'ശങ്കരൻ കുട്ടി മേനോൻ' ('മഴവില്‍ക്കാവടി'),
'ഡോണ്ട് പ്ലേ ബോയ്‍സ്...' എന്ന 'ഡോ. പശുപതി'യുടെ സ്റ്റൈലൻ പ്രകടനം ('ഡോ. പശുപതി'), 'കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട്...' എന്ന് ലോട്ടറി റിസള്‍ട്ട് കേള്‍ക്കുമ്പോഴുള്ള 'കിട്ടുണ്ണിടയുടെ ആത്മഗതം (കിലുക്കം), 'ഇതല്ല ഇതിനപ്പുറം ചാടിക്കടന്നവനാണീ കെ കെ ജോസഫ്'... (വിയറ്റ്നാം കോളനി), 'എന്‍റെ അമ്മേടെ വീടിന്‍റെ തൊട്ടടുത്താണ് ഇവന്‍റെ വീട്...' എന്ന് തുടങ്ങുന്ന പോഞ്ഞിക്കരയുടെ അപക്വമായ ദേഷ്യം (കല്യാണരാമൻ), 'കോണ്ടസ... കോണ്ടസ...' (ചന്ദ്രലേഖ) തുടങ്ങി മിഥുനത്തില്‍ ജഗതി, ശങ്കരാടി, നെടുമുടി വേണു, മീന മോഹൻലാല്‍ തുടങ്ങിയ താരങ്ങളെല്ലാം പ്രകടനം കൊണ്ട് ഗംഭീരമാക്കിയ ഒരു രംഗത്ത് ഒരക്ഷരം മിണ്ടാതെ കൈ കെട്ടിയുള്ള ആ നില്‍പ് അടക്കം ഇന്നസെന്‍റിന്‍റെ എത്ര ഫ്രെയിമുകളാണ് സിനിമാസ്വാദകരുടെ മനസിലേക്ക് ഇരച്ചുവരിക!
കോമഡി കഥാപാത്രങ്ങള്‍ മാത്രമല്ല- കോമഡി കലര്‍ന്ന വില്ലൻ കഥാപാത്രങ്ങളും തന്‍റേതായ വഴക്കത്തോടെ ഇന്നസെന്‍റ് അവിസ്മരണീയമാക്കി മാറ്റി. കാതോട് കാതോരം, കേളി, പിൻഗാമി പോലുള്ള സിനിമകള്‍ ഇതിനുദാഹരണമാണ്. ഇതിനിടെ 'പത്താം നിലയിലെ തീവണ്ടി', 'സ്വാതി തിരുനാള്‍' പോലെ കള്ളികള്‍ക്ക് പുറത്തുനില്‍ക്കുന്ന പ്രകടനങ്ങള്‍ വേറെയും.
തമാശ പറഞ്ഞും കാണിച്ചും എത്ര എളുപ്പത്തില്‍ നമ്മെ ചിരിപ്പിച്ചുവോ അതേ വേഗതയില്‍ നമ്മെ കരയിക്കുകയും ചെയ്തു ഇന്നസെന്‍റ്. കാബൂളിവാലയിലെ കന്നാസ് എന്ന കഥാപാത്രം ഒരിക്കലും അത്തരത്തില്‍ മലയാളികള്‍ മറക്കാത്ത കഥാപാത്രമാണ്. കടലാസ് എന്ന ജഗതിയുടെ കഥാപാത്രവും അങ്ങനെ തന്നെ. നെഞ്ചിലൊരു നോവായി അവശേഷിക്കുന്ന കഥാപാത്രം. കാശില്ലാതെ ഹോട്ടലില്‍ നിന്ന് പാര്‍സല്‍ വാങ്ങി പിന്നീട് അത് മടക്കിക്കൊടുക്കുന്ന ആ നിമിഷം, സുഹൃത്തിന്‍റെ വിവാഹത്തിന് സന്തോഷത്തോടെ എത്തുമ്പോള്‍ അവിടെ നിന്ന് പുറത്താക്കപ്പെടുന്ന നിമിഷം... കാബൂളിവാല ശരിക്കും വൈകാരികമായി ആഴത്തില്‍ സ്‍പര്‍ശിക്കുന്ന അനുഭവമാകുന്നത് തന്നെ കന്നാസും കടലാസും എന്ന കഥാപാത്രങ്ങളിലൂടെയാണ്.
അനശ്വരം, ദേവാസുരം, ഹിറ്റ്‍ലര്‍, വേഷം, നന്ദനം, ദേവാസുരം, മനസിനക്കരെ, രാവണപ്രഭു എന്നിങ്ങനെ സ്വഭാവ കഥാപാത്രങ്ങള്‍ കൊണ്ട് പ്രേക്ഷകരെ സ്പര്‍ശിച്ച ഇന്നസെന്‍റ് ചിത്രങ്ങള്‍ വേറെയൊരു വിഭാഗം തന്നെയാണ്. ഏത് ഭാവവും- തനിക്ക് പാകമാകും വിധം മെരുക്കിയെടുക്കുന്ന അപൂര്‍വ പ്രതിഭയാണെന്നതില്‍ സംശയമില്ലെങ്കിലും മലയാളികള്‍ക്ക് തലമുറകളെ ചിരിപ്പിച്ച പ്രിയപ്പെട്ട കൊമേഡിയൻ തന്നെയാണ് ഇന്നസെന്‍റ്.
എല്ലാ ആദരവോടും കൂടി തന്നെ നാം അദ്ദേഹത്തിന്‍റെ കോമഡി കഥാപാത്രങ്ങള്‍ക്ക് ഇന്നും ചിരിച്ചുകൊണ്ടിരിക്കുന്നു. പകരം വയ്ക്കാനൊരാളില്ലാത്ത, ഇനിയൊരാള്‍ വരാത്ത ഒരു കസേര. ആര്‍ഭാടങ്ങള്‍ക്ക് വകയുണ്ടായിട്ടും ലാളിത്യത്തിന്‍റെ നര്‍മ്മസംഭാഷണങ്ങളാല്‍ എന്നെന്നും ഏവരെയും രസിപ്പിച്ച് അവിടെയുണ്ടായിരുന്ന ഒരു മനുഷ്യൻ- അതുല്യനായ കലാകാരൻ- ഇനിയില്ല. ബാക്കിയാകുന്നത് എക്കാലത്തേക്കുമായി ജീവൻ നല്‍കിയ കുറെയധികം കഥാപാത്രങ്ങള്‍. ഇന്നസെന്‍റിന് സസ്നേഹം- സാദരം വിട.
Read More: നടൻ ഇന്നസെന്‍റ് അന്തരിച്ചു