
ആളും ആരവവും ഇല്ലാതെ ഒരു കൊച്ചു സിനിമയുടെ വിശേഷങ്ങൾ മലയാള സിനിമയിൽ താരംഗമാവുകയാണ്.
ചാനൽ ഫൈവിന്റെ ബാനറിൽ ശ്രീലാൽ ദേവരാജ് നിർമ്മിച്ച ഹെഡ്മാസ്റ്റർ( Headmaster) ആണ് ആ ചിത്രം. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രം ഇപ്പോൾ, വാർത്തകളിൽ നിന്ന് ജനങ്ങളുടെ ഹൃദയത്തിലേക്കു കടന്നിരിക്കുകയാണ്. നടൻ ബാബു ആന്റണി ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം നാളെ തിറ്ററുകളിൽ എത്തും.
പ്രസിദ്ധ ചെറുകഥാകൃത്ത് കാരൂരിന്റെ കഥ എന്ന നിലയിൽ ആയിരുന്നു ജനങ്ങൾ ഹെഡ്മാസ്റ്ററിനെ ശ്രദ്ധിച്ചു തുടങ്ങിയത്. കാരൂരിന്റെ ഏറെ ശ്രദ്ധ നേടിയ, അധ്യാപകരുടെ ദുരിത ജീവിതത്തിന്റെ നോവും നൊമ്പരവും പകർത്തിയ പൊതിച്ചോറിന്റെ ചലച്ചിത്ര ഭാഷ്യമാണ് ഹെഡ്മാസ്റ്റർ. പൊതിച്ചോർ വായിച്ചറിഞ്ഞ ഒരു തലമുറയിൽ ഹെഡ്മാസ്റ്റർ ചർച്ചാ വിഷയം ആവുകയും ചെയ്തു.
ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുള്ള സംവിധായകൻ രാജിവ് നാഥ്, സുഭദ്രം എന്ന ചിത്രത്തിലൂടെ മികച്ച ആദ്യ സംവിധായാകാനുള്ള ക്രിട്ടിക്സ് അവാർഡ് നേടിയ ഹെഡ്മാസ്റ്ററിന്റെ നിർമ്മാതാവ് ശ്രീലാൽ, ഓഗസ്റ്റ് ക്ലബ് സംവിധാനം ചെയ്ത തിരക്കഥകൃത്ത് കെ ബി വേണു, പുരസ്കാരങ്ങൾ ഏറെ നേടിയിട്ടുള്ള മധുപാൽ, ശങ്കർ രാമകൃഷ്ണൻ, ഷിബു ഗംഗാധരൻ, ഐർ കെ രാധാകൃഷ്ണൻ എന്നിവരാണ് ഹെഡ്മാസ്റ്റർ എന്ന ചിത്രത്തിന്റെ മുന്നിലും പിന്നലുമായി പ്രവർത്തിച്ചവർ.
ജലജയുടെ മകൾ ദേവി ചിത്രത്തിൽ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചലച്ചിത്ര ഗാന രചയിതാവ് രാജീവ് ആലുങ്കലിന്റെ മകൻ ആകാശ് രാജ് ആദ്യമായി അഭിനയിച്ച ചിത്രം കൂടിയാണിത്. തമ്പി ആന്റണിയും സഹോദരൻ ബാബു ആന്റണിയും ചിത്രത്തിൽ ഒന്നിച്ചെത്തി എന്നതും ഹെഡ്മാസ്റ്ററിന്റെ പ്രത്യേകതകളിൽ ഒന്നാണ്.
കാവാലം നാരായണ പണിക്കരുടെ മകൻ കാവാലം ശ്രീകുമാർ ആദ്യമായി ഒരു സിനിമയ്ക്ക് വേണ്ടി സംഗീതം ഒരുക്കിയതും ഹെഡ്മാസ്റ്ററിന് വേണ്ടി ആയിരുന്നു. അദ്ദേഹത്തിന്റെ സംഗീതത്തിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങുകയും ചെയ്തു. പ്രഭാവർമ്മ രചിച്ച് ജയചന്ദ്രൻ ആലപിച്ച 'മാനത്ത് പൊതിച്ചോറൊരു മേഘം കവർന്നു', എന്ന പാട്ട് മലയാളികളുടെ പ്രിയപ്പെട്ട ഗാനമായി മാറിക്കഴിഞ്ഞു. ഇതിനോടകം അഞ്ച് ലക്ഷത്തിലധികം പേരാണ് ഈ ഗാനം കേട്ടുകഴിഞ്ഞത്.
'ആ പാട്ട് യുണീക്കാണ്, നഞ്ചിയമ്മയ്ക്ക് അല്ലാതെ വേറാർക്കും പാടാന്‍ കഴിയില്ല': അപര്‍ണ ബാലമുരളി
മലയാളം മറന്നു തുടങ്ങിയ, ഉള്ളിലെവിടെയോ ഒരു നൊമ്പരത്തിന്റെ നോവുന്നർത്തുന്ന, ജയചന്ദ്രന്റെ എത്ര കേട്ടാലും പിന്നെയും കേൾക്കാൻ കൊതിക്കുന്ന വിസ്മയ ഭാവങ്ങൾ നിറഞ്ഞ ഈ ഗാനം, തീർച്ചയായും കാവാലം ശ്രീകുമാറിന്റെ വരവ് അറിയിച്ചിരിക്കയാണ്. നിത്യ മാമ്മൻ ആണ് ഹെഡ്മാസ്റ്ററിലെ രണ്ടാമത്തെ ഗാനം ആലപിച്ചിരിക്കുന്നത്. ഹൃദയം നിറയുന്ന ഗാനങ്ങൾ കൊണ്ടും, ഹൃദയം നീറ്റുന്ന മുഹൂർത്തങ്ങൾ കൊണ്ടും ഹെഡ്മാസ്റ്റർ പുതിയ മാനങ്ങൾ കീഴടക്കുകയാണ്.