Asianet News MalayalamAsianet News Malayalam

'ആ പാട്ട് യുണീക്കാണ്, നഞ്ചിയമ്മയ്ക്ക് അല്ലാതെ വേറാർക്കും പാടാന്‍ കഴിയില്ല': അപര്‍ണ ബാലമുരളി

ആ പാട്ട് വേറെ ആളുകള്‍ക്ക് പാടാന്‍ കഴിയില്ലെന്നും അപർണ വ്യക്തമാക്കുന്നു. 

actress aparna balamurali talk about Nanchamma national film award issue
Author
Kochi, First Published Jul 28, 2022, 5:56 PM IST

ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ​ഗായികയ്ക്കുള്ള അവാർഡ് ലഭിച്ച നഞ്ചിയമ്മയ്ക്ക്(Nanchamma) എതിരെ ഉയർന്ന വിമർശനങ്ങളിൽ പ്രതികരണവുമായി അപർണ ബാലമുരളി (Aparna Balamurali). നഞ്ചിയമ്മ അവാര്‍ഡ് അര്‍ഹിക്കുന്ന ആളാണെന്നും ആ പാട്ടിന് വേണ്ട ശബ്ദമാണ് നഞ്ചിയമ്മയുടെതെന്നും അപർണ പറഞ്ഞു. ആ പാട്ട് വേറെ ആളുകള്‍ക്ക് പാടാന്‍ കഴിയില്ലെന്നും അപർണ വ്യക്തമാക്കുന്നു. 

"ആ പാട്ട് ഭയങ്കര യുണീക്കാണ്. വെറുതെയിരുന്ന് അത് പാടാന്‍ പറ്റുമെന്ന് തോന്നുന്നില്ല. മനസ്സിൽ നിന്നും പാടേണ്ട പാട്ടാണത്. നഞ്ചിയമ്മ ഒരു ഗായികയല്ലാത്തത് കൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ആ കഴിവാണ് സച്ചി സാര്‍ തിരിച്ചറിഞ്ഞ് സിനിമയിലേക്ക് കൊണ്ടുവന്നത്. ആ പാട്ട് എന്തുകൊണ്ടും വളരെ പെര്‍ഫെക്ട് ആണ്. അതിന് വേണ്ട ശബ്ദം തന്നെയാണ് നഞ്ചിയമ്മയുടേത്. അതുകൊണ്ട് തന്നെ നഞ്ചിയമ്മ പുരസ്കാരത്തിന് അർഹയാണെന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്’, എന്ന് അപര്‍ണ പറഞ്ഞു.

അതേസമയം, അവാർഡ് വിവാദത്തില്‍ പ്രതികരണവുമായി അവാര്‍ഡ് ജേതാവ് നഞ്ചിയമ്മ തന്നെ രംഗത്ത് എത്തിയിരുന്നു. 'ദേശീയ പുരസ്കാര വിവാദം കാര്യമാക്കുന്നില്ല. വിമർശനം മക്കൾ പറയുന്നതു പോലെയെ കണക്കാക്കുന്നുള്ളു. ആരോടും വിരോധമില്ല' എന്നാണ് നഞ്ചിയമ്മ പറഞ്ഞത്. 

'ജീവിതം സംഗീതത്തിനായി അർപ്പിച്ചവരൊന്നും നഞ്ചിയമ്മയുടെ നേട്ടത്തിൽ വ്യാകുലപ്പെടില്ല': സിത്താര

നഞ്ചിയമ്മയെ മികച്ച ​ഗായികയായി തെരഞ്ഞെടുത്തതിന് പിന്നാലെ വിമർശനവുമായി ​സംഗീതജ്ഞന്‍ ലിനു ലാല്‍ രം​ഗത്തെത്തിയിരുന്നു. നഞ്ചമ്മ പാടിയ ഗാനം ആണോ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഗാനം എന്ന് ലിനു ചോദിച്ചു.
ഒരുമാസം സമയം കൊടുത്താൽ പോലും സാധാരണ ഒരു ഗാനം നഞ്ചിയമ്മയ്ക്ക് പാടാൻ കഴിയില്ലെന്നും സംഗീതത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവര്‍ക്ക് ഈ അംഗീകാരം അപമാനമായി തോന്നില്ലേയെന്നും ലിനു ലാല്‍ ചോദിച്ചു. ഇതേ തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളില്‍ നഞ്ചിയമ്മയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ പ്രതികരണങ്ങളുമായി എത്തിയിരുന്നു. 

ലിനു ലാൽ പറഞ്ഞത്

ഇന്ത്യയിലെ കഴിഞ്ഞ വർഷത്തെ ഏറ്റവും നല്ല പാട്ടായിരുന്നോ അയ്യപ്പനും കോശിയിലെ നഞ്ചമ്മ പാടിയ പാട്ട്, അല്ലെങ്കില്‍ ഏറ്റവും നന്നായി പാടിയ പാട്ടായിരുന്നോ അത്? എനിക്കതില്‍ സംശയമുണ്ട്. നഞ്ചിയമ്മയോട് എനിക്ക് യാതൊരു വിരോധവുമില്ല. ആ അമ്മയെ എനിക്ക് വളരെ അധികം ഇഷ്ടമാണ്. ആ ഫോക് സോം​ഗ് നല്ല രസമായി പാടിയിട്ടുണ്ട്. ഞങ്ങളുള്ള ഒന്നു രണ്ടു വേദിയില്‍ ഈ അമ്മ വന്നിട്ടുണ്ട്. പിച്ച് ഇട്ടു കൊടുത്താല്‍ അതിനു അനുസരിച്ച് പാടാനൊന്നും സാധിക്കില്ല. അങ്ങനെയുള്ള ഒരാള്‍ക്കാണോ പുരസ്‌കാരം കൊടുക്കേണ്ടത്.

മൂന്നും നാലും വയസുമുതല്‍ സംഗീതം അഭ്യസിച്ച് അവരുടെ ജീവിതം സംഗീതത്തിനു വേണ്ടി മാത്രം ഉഴിഞ്ഞുവെച്ച ഒരുപാട് പേരുണ്ട്. അതിൽ പ്രശസ്തരുമുണ്ട്, അല്ലാത്തവരുമുണ്ട്. അവര്‍ തണുത്തതും എരിവുള്ളതും കഴിക്കില്ല, തണുപ്പുള്ള സ്ഥലത്തു പോകില്ല അങ്ങനെയുള്ളവര്‍. പട്ടിണി കിടന്നാലും സംഗീതം എന്നത് അല്ലാതെ മറ്റൊന്നുമില്ലെന്ന് ചിന്തിക്കുന്നവര്‍. അവർക്ക് അത് ബിസിനസല്ല. അങ്ങനെ ഒരുപാട് ആളുകളുണ്ട്. അങ്ങനെയുള്ള ഒരുപാട് പേരുള്ളപ്പോള്‍ നഞ്ചമ്മ പാടിയ ഈ പാട്ടിന് മികച്ച ഗായികയ്ക്കുള്ള നാഷണല്‍ അവാര്‍ഡ് കൊടുക്കുക എന്നു പറഞ്ഞാല്‍.

ഒരു പുതിയ ഗാനമൊരുക്കിയ ശേഷം നഞ്ചമ്മയെ വിളിച്ച് സ്റ്റുഡിയോയിൽ കൊണ്ടുപോയി പാടിപ്പിക്കാൻ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഒരു മാസം സമയം കൊടുത്താൽ പോലും നഞ്ചമ്മയ്ക്ക് സാധാരണ പാട്ട് പാടാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. ദാസ് സാറൊക്കെ എട്ടും പാത്തും പാട്ടൊക്കെ ലൈവ് ആയി പാടിയത് നമ്മൾ കേട്ടിട്ടുണ്ട്. ചിത്ര ചേച്ചി, മധു ചേട്ടൻ അങ്ങനെ ഒരുപാട് മികച്ച ഗായകരുണ്ട്. അവർക്ക് ഇത് ഒരു അപമാനമായി ആയി തോന്നില്ലേ.

അയ്യപ്പനും കോശിയും സിനിമയിലെ ആ ഗാനം ആ അമ്മ നല്ല രസമായി പാടിയിട്ടുണ്ട്. അതുകൊണ്ടു ആ അമ്മയ്ക്ക് ഒരു സ്പെഷ്യല്‍ ജൂറി പുരസ്‌കാരം നല്‍കാമായിരുന്നു. മികച്ച ഗായികയ്ക്കുള്ളത് നല്ലൊരു ഗായികയ്ക്ക് തന്നെ കൊടുക്കാമായിരുന്നു എന്നാണ് എന്റെ അഭിപ്രായം. എന്നെ വിമര്‍ശിക്കാം. ഇതെന്റെ അഭിപ്രായം മാത്രമാണ്.

Follow Us:
Download App:
  • android
  • ios