'വൈശാലിയിൽ ലോമപാദനെ അവതരിപ്പിച്ച ഞാൻ ഭാഗ്യവാൻ'; അറ്റ്‌ലസ് രാമചന്ദ്രനെ ഓർത്ത് ബാബു ആന്റണി

By Web TeamFirst Published Oct 3, 2022, 4:06 PM IST
Highlights

ഹൃദയാഘാതത്തെ തുടർന്ന് ദുബായിലെ ആസ്റ്റര്‍ മന്‍ഖൂള്‍ ഹോസ്പിറ്റലില്‍ ഞായറാഴ്ച രാത്രിയോടെയായിരുന്നുഅറ്റ്‌ലസ് രാമചന്ദ്രന്റെ വിയോ​ഗം.

പ്രവാസി വ്യപാരപ്രമുഖനും ചലച്ചിത്രനിര്‍മ്മാതാവുമായ അറ്റ്‌ലസ് രാമചന്ദ്രന്‍റെ വിയോ​ഗത്തിൽ അനുശോചനം അറിയിച്ച് നടൻ ബാബു ആന്റണി. തനിക്ക് മികച്ച കഥാപാത്രത്തെ സമ്മാനിച്ച ചിത്രത്തിന്റെ നിർമ്മാതാവാണ് അദ്ദേഹമെന്നും വേർപാടിൽ ദുഃഖിതനാണെന്നും  നടൻ കുറിച്ചു. 

'മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ ഭരതേട്ടൻ സംവിധാനം ചെയ്ത 'വൈശാലി' എന്ന ഇതിഹാസ ചിത്രം നിർമ്മിച്ച ശ്രീ രാമചന്ദ്രന്റെ വേർപാടിൽ ദുഃഖമുണ്ട്. ലോമപാദൻ രാജാവ് എന്റെ ഏറ്റവും പ്രശംസനീയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ ഞാൻ ഭാഗ്യവാനായിരുന്നു. എനിക്ക് ഏറ്റവും പ്രശംസ നേടിത്തന്ന ലോമപാദൻ രാജാവ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനായത് ഭാഗ്യമായി കരുതുന്നു', എന്നാണ് ബാബു ആന്റണി കുറിച്ചത്. അറ്റ്‌ലസ് രാമചന്ദ്രനൊപ്പമുള്ള ചിത്രവും ബാബു ആന്റണി പങ്കുവച്ചിട്ടുണ്ട്. 

ഹൃദയാഘാതത്തെ തുടർന്ന് ദുബായിലെ ആസ്റ്റര്‍ മന്‍ഖൂള്‍ ഹോസ്പിറ്റലില്‍ ഞായറാഴ്ച രാത്രിയോടെയായിരുന്നു അറ്റ്‌ലസ് രാമചന്ദ്രന്റെ വിയോ​ഗം. ശാരീരിക അസ്വാസ്ഥ്യങ്ങള്‍ കാരണം ശനിയാഴ്ചയായിരുന്നു അറ്റ്ലസ് രാമചന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യ ഇന്ദു രാമചന്ദ്രൻ, മകള്‍ ഡോ. മഞ്ജു രാമചന്ദ്രൻ, പേരക്കുട്ടികളായ ചാന്ദിനി, അർജുൻ എന്നിവർ മരണ സമയത്ത് ഒപ്പമുണ്ടായിരുന്നു. 

ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യ വാചകം കൊണ്ട് ശ്രദ്ധനേടിയ അദ്ദേഹം നടനായും നിർമാതാവായും സിനിമയിൽ തിളങ്ങി. പ്രവാസികള്‍ക്കിടയിലെ മികച്ച സാംസ്കാരിക പ്രവര്‍ത്തകന്‍ കൂടിയായിരുന്നു അദ്ദേഹം. ഗള്‍ഫ് മേഖലയിലെ നിരവധി കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു. 

അറ്റ്ലസ് രാമചന്ദ്രന്‍ കൊവിഡ് ബാധിതനായിരുന്നെന്ന് പരിശോധനാ ഫലം

അതേസമയം, രാമചന്ദ്രൻ കൊവിഡ് ബാധിതനായിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. മരണശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിന്റെ പശ്ചാത്തലത്തിൽ സംസ്‍കാര ചടങ്ങുകള്‍ കൊവിഡ് നടപടിക്രമങ്ങള്‍ പാലിച്ചായിരിക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. പൊതുദര്‍ശനം ഒഴിവാക്കിയിട്ടുണ്ട്. വൈകുന്നേരം നാല് മണിക്ക് ദുബൈ ജബല്‍ അലിയിലെ ശ്‍മശാനത്തിലാണ് സംസ്‍കാര ചടങ്ങുകള്‍ തീരുമാനിച്ചിരിക്കുന്നത്.

click me!